Sunday, July 24, 2011

ചരിത്രത്തില്‍ എഴുതപ്പെടുന്നത്

ചരിത്രം നമ്മെക്കുറിച്ച്

സംസാരിക്കുന്നത്

എതുതരത്തിലാവുമെന്നോരാശങ്ക.

പുതുക്കിയെഴുതിയവരെന്നോ

മായ്ച്ചു കളഞ്ഞവരെന്നോ ആയാല്‍

സമാധാനമുണ്ടായിരുന്നു.

ഒന്നും എഴുതപ്പെടാതെ പോയാല്‍?

ചരിത്രത്തിനു രേഖപ്പെടുത്താന്‍

എന്തെങ്കിലും ബാക്കിവയ്ക്കണമെന്നു

പറയുമ്പോള്‍,

അത് മരണത്തിന്റെ തണുപ്പ്

മാത്രമാക്കരുത്.

പഴക്കത്തിന്റെ ചൂടേറ്റ്

അസ്തമിച്ചുപോകുന്ന

തണുപ്പിനെയാണല്ലോ

അവശേഷിപ്പിച്ചതെന്ന്

മരണാനന്തരം സങ്കടപ്പെടെണ്ടി വരരുത്.

Friday, July 22, 2011

വഴികാട്ടികള്‍

ഒന്നു നിര്‍ത്തണേയെന്ന്

കൈകാണിച്ച്

അടിവാരത്തുണ്ടായിരുന്നു രണ്ടുപേര്‍.

ഒരാള്‍

വെളുത്തുതുടുത്ത്,

എന്നിട്ടും കീറിപ്പറിഞ്ഞ കുപ്പായത്തിനുള്ളില്‍

ചകിരിനാരില്‍ കൊരുത്ത തൊപ്പിയും വച്ച്...

ഹൃദയത്തിലേക്കുള്ളവഴി മാത്രമേ

ഇനി കണ്ടെത്താനുള്ളൂവെന്നും

മറ്റേതുവഴിയും കാട്ടിത്തരാമെന്നും

നിലക്കാറായ ശ്വാസത്തിന്റെ ശബ്ദത്തില്‍...

മറ്റെയാള്‍

കുപ്പായത്തിന്റെ കലര്‍പ്പില്ലാത്ത,

കറുത്തുമെലിഞ്ഞ ശരീരത്ത്ിനുടമ.

അന്യന്റെ മനസ്സിലേക്കുള്ള പാതകളെല്ലാം

കൈവെള്ള പോലെ ഹൃദിസ്ഥമെന്ന്

രേഖകള്‍ തേഞ്ഞുപോയ കൈയുയര്‍ത്തി

രാവിലത്തെ ചായയുടെ കടുപ്പം ഓര്‍മ്മിപ്പിക്കുന്ന സ്വരത്തില്‍...

എങ്ങോട്ടുപോകാനാണിറങ്ങിയതെന്ന്

ഓര്‍ത്തെടുക്കാതെ

എങ്ങിനെയാണിവരോട് വഴിചോദിക്കുക?

Saturday, July 16, 2011

താരതമ്യം

അയയില്‍ തൂങ്ങുന്ന
തുണികള്‍ക്ക് മുന്നില്‍
പകച്ചു നില്‍ക്കേണ്ടാത്ത
കുട്ടിക്കാലത്തെ ഓര്‍ക്കുമ്പോഴാണ്
സമ്പന്നത എത്ര ആപേക്ഷികമെന്നു
തിരിച്ചറിയുന്നത്.
വീട്ടുവാടകക്കും
ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിനും
ഹോട്ടല്‍ ഭക്ഷണത്തിനും
മാറ്റിവച്ചു കഴിഞ്ഞാല്‍
ഷെവാസ് രീഗലിനു പകരം
റെഡ് ലേബലിലേക്ക്
ഇറങ്ങേണ്ടി വരുമല്ലോ എന്ന്
വിഷമിക്കുമ്പോഴാണ്
ദാരിദ്ര്യം എന്തൊരു ക്രൂരമാണെന്നു
ദുഖിച്ചു പോകുന്നത്.

Sunday, July 10, 2011

വയസ്സാകാതിരിക്കാന്‍

മങ്ങിയ വെളിച്ചമുള്ള
ഒരു ലിഫ്റ്റിന്റെ കണ്ണാടിയിലാണ്
അത് ആദ്യം കണ്ടത്...
...തലയുടെ വലതുവശത്തായി
ഒരു പറ്റം വെളുത്ത മുടികള്‍.
ലിഫ്റ്റിലെ പാതിയിരുട്ടിനെ വിശ്വസിക്കണോ
പാതി വെളിച്ചത്തെ വിശ്വസിക്കണോ എന്ന് ആകുലപ്പെട്ട്,
ഉടന്‍ അങ്ങ് കൊട്ടിയടച്ചിട്ടു,
മനസ്സിലേക്കുള്ള പ്രവേശനം..

നിനക്കല്ലാതെ അയക്കുന്ന സന്ദേശങ്ങള്‍..

ഇരുട്ടി വെളുക്കുമ്പോഴേക്കും
കഴിഞ്ഞിരുന്നു
എല്ലാം.
വീണ്ടും തുടങ്ങിയെടത്ത് തന്നെ.
ചെമ്പകത്തിന്റെ സുഗന്ധമല്ല
കാറ്റിലാടുന്ന ശബ്ദമാണ്
ആകര്‍ഷിച്ചതെന്ന് പൊങ്ങച്ചം പറയുന്ന
ഒരു കിളിക്കൂട്ടുണ്ടായിരുന്നു
ഇന്നലെ രാത്രിയിലും.
നിന്റെ പേര് കേള്‍ക്കുമ്പോള്‍
മറവിയെ ഓര്മിക്കുന്നുവെന്നു
നടിച്ച്,
ഓര്‍ത്തെടുക്കാന്‍ ഒരു ചിരി പൊലുമില്ലെന്ന
വിഷമ കവചം അണിഞ്ഞ്,
ഒടുക്കം ഒരു പശ്ചാത്താപ ശിരസ്സിന്റെ
കുനിഞ്ഞ നോട്ടത്തില്‍
ഒരു കിളിയൊച്ച പോലും
ബാക്കിവക്കാതെ,
അടച്ചിട്ട ജനാലയിലൂടെ
അതങ്ങ് പറന്നുപോയി...
നിന്നെക്കുറിച്ചു പറയുന്നതൊക്കെ
ഒരുതലക്കല്‍ മാത്രം ശബ്ദം പകര്‍ത്തുന്ന
ടെലിഫോണ്‍ പോലെ കേട്ടിരിക്കുന്ന
ഒരു കിളിക്കൊഞ്ചലാണ്
ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നത്.
രാത്രിശ്വാസത്തിന്റെ ദൂരം മാത്രമേയുള്ളൂ
നമുക്കിടയിലെന്നു
സന്ദേശ വാഹകരാവുന്ന
കിളികളൊന്നും തിരിച്ചരിയത്തതാവും
മരച്ചില്ലകളില്‍ നിന്നുള്ള അകലം വച്ച്
മനസിനെ അളക്കുന്ന,
വാക്കുകളുടെ ഇടവേളകള്‍ വച്ച്
കടന്നുകയറുന്ന ചിറകു കുടചിലുകളുടെ
പരാജയം.
ഒരിക്കലും നിന്നിലെക്കെത്തെണ്ടവയല്ല
ആ സന്ദേശങ്ങള്‍ എന്ന് അറിഞ്ഞു കൊണ്ടാവില്ല
ഇവര്‍ അതും ചുമന്നു പറന്നുകൊണ്ടേയിരിക്കുന്നത്.
വഴിതെറ്റിപ്പോകുന്ന സന്ദേശങ്ങള്‍
അതിനായിത്തന്നെയുള്ളവയാനെന്നു
നാമല്ലാതെ ആര് തിരിച്ചറിയാന്‍?