Tuesday, July 31, 2012

പേടി

നമുക്ക്
എന്തെങ്കിലുമൊക്കെ പറഞ്ഞിങ്ങനെ
വെറുതെയിരിക്കാം
വാക്കുകള്‍ നിലച്ചു പോകുന്ന കാലം
വന്നുപോയാലോ എന്ന് പേടിയാവുന്നു...
പരസ്പരം
കണ്ണുകളില്‍ ഈ ലോകത്തെയാകെ
കണ്ടുകൊണ്ടേ ഇരിക്കാം,
കാഴ്ച
അവനവനിലേക്ക്‌ തന്നെ ഒതുങ്ങുന്ന
ജീവിതം
തൊട്ടുമുന്നില്‍ ഉണ്ടെന്നു തോന്നുന്നു.

ആപേക്ഷികത

അയയില്‍ തൂങ്ങുന്ന
തുണികള്‍ക്ക് മുന്നില്‍
പകച്ചു നില്‍ക്കേണ്ടാത്ത
കുട്ടിക്കാലത്തെ ഓര്‍ക്കുമ്പോഴാണ്
സമ്പന്നത എത്ര ആപേക്ഷികമെന്നു
തിരിച്ചറിയുന്നത്.
വീട്ടുവാടകക്കും
ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിനും
ഹോട്ടല്‍ ഭക്ഷണത്തിനും
മാറ്റിവച്ചു കഴിഞ്ഞാല്‍
ഷെവാസ് രീഗലിനു പകരം
റെഡ് ലേബലിലേക്ക്
ഇറങ്ങേണ്ടി വരുമല്ലോ എന്ന്
വിഷമിക്കുമ്പോഴാണ്
ദാരിദ്ര്യം എന്തൊരു ക്രൂരമാണെന്നു
ദുഖിച്ചു പോകുന്നത്.

അഭിനയം

ഒരു നിലാവ് നിലവിളിക്കുന്നത്,
കാറ്റ് പകച്ചു നില്‍ക്കുന്നത്,
സ്വപ്നം ഇടക്ക് ഉണര്ന്നുപോകുന്നത്,
ഒക്കെ ഇന്നലെകളിലായിരുന്നു.
ഇന്ന്,
ഞാന്‍ ഒരു മികച്ച നടനാണ്‌.
ഒരേ ഫ്രെയിമില്‍ കരഞ്ഞും ചിരിച്ചും
നിനക്ക് വേണ്ടും പോലെ
നിലാവിനോടും കാറ്റിനോടും സ്വപ്നത്തോടും ഒക്കെ
ഒത്തു തീര്‍പ്പുകള്‍ പറഞ്ഞും
പരസ്പരം സ്നേഹിച്ചും
നിറഞ്ഞു നില്‍ക്കും ഞാന്‍...
ഇപ്പോള്‍ മനസ്സില്‍ ഒഴികെ എവിടെയും
നിലവിളികളില്ല...
അല്ലെങ്കിലും ജീവിതം ചില
ഇടവഴികള്‍ പിന്നിട്ടാല്‍
സഞ്ചരിക്കുന്ന പാതകള്‍ എല്ലാം
ഋജുരേഖകളില്‍ ആയിരിക്കും

വായനത്തെറ്റ്

മരമെന്ന് എഴുതിയിടത്തെല്ലാം
മരണമെന്ന്,
പ്രണയം എന്ന് എഴുതിയിടത്തെല്ലാം
പണയമെന്നു,
ഇങ്ങനെ ചില വായനതെറ്റുകള്‍
വല്ലാതെ പിടികൂടുന്നു..
കണ്ണട മാറ്റി നോക്കിയിട്ടും
മുറിയിലെ വെളിച്ചങ്ങള്‍
മാറ്റിയിട്ടും
ഇവ കൂടുന്നല്ലാതെ കുറയുന്നില്ല.
ഭരണത്തെ ഭാരമെന്നു
വായിക്കുമ്പോള്‍ വെറുതെ ചിരി വന്നു.
കിനാവ് എന്നെഴുതിയിടത്ത്
കണ്ണീരെന്നു കാണുമ്പോള്‍,
നിലാവ് എന്നത് നിലവിളിയെന്നും
കാട് എന്നത് കടമെന്നും
ഒക്കെയായപ്പോഴാണ്
ഞാന്‍ നിന്റെ പേരെഴുതാതെയയത്...
വായിക്കാതെയായത്...