Friday, December 29, 2006

സമ്മാന ദാനം

കരുത്തേറിയ സുഹൃത്തിന്‌
തീപിടിച്ച ആകാശവും
പ്രളയത്തിലൊളിച്ച ഭൂമിയും
ശബ്ദങ്ങളുടെ ശക്തിയും
ശനിദശയിലെ ബുദ്ധിയും
വിജയം കൊയ്യാന്‍ തുരുമ്പിച്ച വാളും
തന്ത്രി പൊട്ടിപ്പോയ വീണയും..

മറവിയിലൊതുങ്ങാത്ത മാതാവിന്‌
ഒരു കുടം കണ്ണീര്‍ നിറച്ച്‌ അന്ത്യ പ്രദക്ഷിണം
ഹൃദയമുറികളിലൊന്നില്‍ അവസാന നെയ്ത്തിരി
പുത്ര രക്തം തെറിച്ചുവീണ സന്ധ്യകളിലൊന്നില്‍ അന്ത്യപ്രണാമം
കുമ്പസാരത്തിണ്റ്റെ വാക്കുകള്‍നിറച്ച്‌ അന്ത്യ യാത്രാ മൊഴി..

സ്നേഹിച്ചു തീരാത്ത കാമുകിക്ക്‌
സ്വപ്നങ്ങളില്‍ തീര്‍ത്ത ശയന മഞ്ചവും
വാക്കുകളില്‍ തീരാത്ത മോഹങ്ങളും
കാമം ചുരത്തുന്ന ചുംബനങ്ങളും
കടല്‍ക്കരയിലെ സായന്തനങ്ങളും...
ഒരിറ്റു കണ്ണീരിണ്റ്റെ വിട പറയലും..

കണ്ണാടിക്കുള്ളിലൊളിച്ച പ്രതി രൂപത്തിന്‌
ഓടയിലൊരു ശവകുടീരം
മുങ്ങി മരിക്കുമ്പോള്‍ അല്‍പം ദാഹജലം
വെന്തെരിയുമ്പോള്‍ ഒരു വിറകുകൊള്ളിയുടെ ചൂട്‌
മനസ്സ്‌ നിറയെ കുറ്റവും
വാ നിറയെ തെറികളും

Saturday, December 16, 2006

ഒടുക്കത്തെ ശേഷിപ്പുകള്‍

ഓരോ ചിരിയിലുമുണ്ട്
എനിക്കും നിനക്കുമിടയില്‍
പറഞ്ഞു തീര്‍ക്കാനാകാത്ത,
മിണ്ടാന്‍ പോലുമാകാതെ പോകുന്ന,
കുറെ വാക്കുകളുടെ തിളപ്പ്.
സ്പര്‍ശത്തില്‍ അലിഞ്ഞു തീരുന്ന
ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കൊഴിഞ്ഞുപോക്ക്
പരിഭവത്തിന്റെയും മുന്നറിയിപ്പിന്റെയും ഇരച്ചുതള്ളല്‍
ഓരോ ചിരിയിലുമുണ്ട്
തോല്‍വിയുടെ, കണ്ണീരു വീഴാത്തൊരു കരച്ചില്‍,
ഒരു യാത്ര പറച്ചിലും.

ഓരോ മഴയിലുമുണ്ട്
വെയിലിനു വേണ്ടിയൊരു പ്രണയക്കുറി
ആകാശത്തിനും ഭൂമിക്കുമിടയില്‍
ജ്വലിക്കുന്ന അഗ്നിയുടെയും
പെയ്യാതെ പോകുന്ന മഞ്ഞുതുള്ളിയുടെയും‌
മലമ്പാത വളഞ്ഞെത്തുന്ന കാറ്റിന്റെയുമൊക്കെ
കാല്‍പ്പാടുകള്‍,
കണ്ണീരുപ്പും രക്തച്ചവര്‍‌പ്പൂം
മണ്ണിന്റെ മണവും ഭയത്തിന്റെ കയര്‍‌പ്പും
ഓരോ മഴത്തുള്ളിക്കുമൊപ്പമുണ്ട്.

ഓരോ ജീവിതത്തിലുമുണ്ട്
മരണം മതിവരാതെ നിലവിളിച്ചെത്തുന്ന,
കിളിവാതിലിലോ താക്കോല്‍പ്പഴുതിലോ ഒളിയിടം തേടുന്ന,
പാപത്തിന്റെ
ചെറുതും വലുതുമായ കത്തിമുനകള്‍
മനസും ദേഹവും ആത്മഹത്യ ചെയ്താലും
ഒടുങ്ങിപ്പോകാത്ത ജീവന്റെ തുടിപ്പുകള്‍.

Tuesday, December 12, 2006

ഭാഷയില്‍ പങ്ക് വക്കേണ്ടത്

ഇന്ന് പതിമൂന്നാം തവണയും
നിനക്ക് എന്നെ മനസ്സിലാകുന്നില്ലെന്ന
അമ്ലസ്വരം കാത് കത്തിച്ചു
എനിക്ക് നിന്നെ അറിയാനാവുന്നില്ലെന്ന
ക്ഷാരച്ചുവ ഇന്നലെ...
അതിനും മുന്‍പ് നാമെന്തേ തിരിച്ചറിയുന്നില്ലെന്ന
പരിഭവ ഗന്ധം വാക്കുകളാകെയും..
നമ്മുടെ ഭാഷക്ക് പരസ്പരം അറിയാനായില്ലെങ്കില്‍‌
മറ്റൊരുവന്റെ വാക്കുകളില്‍
എങനെയാണ് നാം
മധുരം പകുക്കുക?

Wednesday, December 06, 2006

വീട്ടിലേക്കുള്ള കൈച്ചൂണ്ടി

വീട്‌ വിട്ടിറങ്ങിയാല്‍
എല്ലാ വഴികളും വീട്ടിലേക്കുതന്നെ
പാടം കടന്ന്,
സിമന്റ്‌ വരമ്പിലെ ഇളകിയ കല്ലിലും
വാഴത്തോപ്പിലെ കരിയിലകളിലും
താളമുണര്‍ത്തി
ഓട്ടോറിക്ഷയുടെ കയറ്റം കയറലും
ബസ്സിരമ്പവും
കലുങ്കിലെ കാറ്റേല്‍ക്കലും
വിരല്‍ മുട്ടിലെ മാര്‍ബിള്‍ നോവും കഴിഞ്ഞാല്‍
കഴുക്കോല്‍ തിന്നുന്ന ചിതലുകളിലേക്കാവും
മലര്‍ന്നുകിടക്കുക,
ഓട്ടിടയിലൂടെ ഒഴുകിവീഴുന്ന
മഴത്തുള്ളിയുടെ ഈറന്‍ ചുംബനത്തിലേക്കാവും
ഇരുട്ടില്‍ കണ്ണുതുറക്കുക.

ഒടുക്കമില്ലാത്ത തീവണ്ടിപ്പാതകളും
ലോഡ്ജു മുറിയിലെ നിശബ്ദ പ്രണയവും
കാമ്പസ്‌ മുദ്രാവാക്യവും
പരിഭവങ്ങളുടെ കാമുകിയും
അരണ്ട വെളിച്ചത്തിലെ ലഹരിച്ചവര്‍പ്പും
ഒരിക്കലും വട്ടത്തിലാകാത്ത പുകവാലും കടന്നാല്‍
നിലത്തുറക്കാത്ത കാലുകള്‍
കയ്യാല ചാടി
തുറന്നു കിടക്കുന്ന ജനാലയെത്തന്നെ
തേടിപ്പിടിക്കും.

കടല്‍ക്കാറ്റും കപ്പല്‍ച്ചൊരുക്കും
ആകാശത്തണുപ്പിന്റെ ചെവിമൂടലും
പ്രാരാബ്ധക്കണക്കും പതംപറച്ചിലും കഴിഞ്ഞാല്‍
തല ചായ്ക്കുന്നത്‌
അമ്മയുടെ മടിയിലെ ചൂടിലേക്ക്‌ തന്നെയാവണം.
ഇറയത്ത്‌ നിവര്‍ന്നുകിടക്കാന്‍
വാഴത്തൈയുടെ നെടുംനാമ്പും
പിന്നെ തൊടിയിലിത്തിരി മണ്ണും...
അല്ലെങ്കിലും വീട്‌ വിട്ടാല്‍
വഴികളെയെല്ലാം നയിക്കുന്നത്‌
വീട്ടിലേക്കുള്ള കൈച്ചൂണ്ടി തന്നെ.