മുഴുമിക്കാതെ ചിതറിപ്പോയ എഴുത്തുകള്‍
അക്ഷമയിലും ആര്ത്തിയിലും
വിറയ്ക്കുന്ന വിരലുകളോട് നിലവിളിക്കുന്നു.
ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്?
ജനിച്ചതേ ഒടുങ്ങാനെന്നു നിയതിയുടെ
വെളിപാടുണ്ടായിട്ടും
എന്തിനാണ് അനാഥരായി
അലയാന്‍ മാത്രം ഞങ്ങള്‍ വിധിക്കപ്പെട്ടത്?
നിങ്ങള്‍ക്കായി
പ്രണയത്തിന്റെ,
ദേഷ്യത്തിന്റെ,
സഹതാപത്തിന്റെ,
സൌഹൃദങ്ങളുടെ,
ജീവിതത്തിന്റെ,
പകയുടെ,
വരമ്പുകളിലെല്ലാം കയറിയിറങ്ങിയിട്ടും
സ്വപ്നങ്ങളുടെ ചില്ലുകൂടുകള്‍
ഒരുക്കിയിട്ടും
എന്തുകൊണ്ടാണ് ഞങ്ങള്‍ മരണത്തിനോ
ലക്ഷ്യങ്ങള്‍ക്കോ
അന്യരായിപ്പോയത്?
വഴി മുടക്കികളുടെ ഇതിഹാസകാരായി മാത്രം
കൊല്ലാതെയും തിന്നാതെയും ഞങ്ങളെ
ഇങ്ങനെ ബാക്കിയക്കുന്നതെന്തിനാണ്?
കഥകളില്‍ നിന്നും
കവലകളില്‍ എങ്ങോട്ട് പോകുമെന്നറിയാതെ
ഒരിക്കലും തെളിയാത്ത സിഗ്നല്‍ വെളിച്ചങ്ങള്‍ക്കായി
പകച്ചുനില്‍ക്കുന്നവരെപ്പോലെ കഥാപാത്രങ്ങള്‍,
കവിതകളില്‍ നിന്നും ഇടക്ക് നിലച്ചുപോയ
അര്‍ത്ഥങ്ങളും വരികളും,
ലേഖനങ്ങളില്‍ നിന്നും ആരിലേക്കും
പകരാതെ വായുവില്‍ അലിഞ്ഞില്ലാതെയാകുന്ന
ലഹരി പോലെ കുറെ ആശയങ്ങള്‍...
ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അപൂര്‍ണതകളുടെ തിളയ്ക്കുന്ന കടലില്‍
കര കാണാതെ തുഴഞ്ഞു നടക്കുന്നവരായി
എന്തിനാണ് ഞങ്ങളെയിങ്ങനെ
എറിഞ്ഞു പോയത്?
ആര്‍ത്തിയുടെ വിറ മാത്രം തുടിക്കുന്ന
പ്രിയപ്പെട്ട വിരലുകളെ,
എന്ത് തെറ്റിനാണ് ഞങ്ങളെ
ഈ ലോകത്ത് ജനിച്ചിട്ടും ജനിക്കാത്തവരായി
ബാക്കി നിര്‍ത്തിയിരിക്കുന്നത്?