Sunday, February 18, 2007

യാത്രാമൊഴി

ഇത്രയൊക്കെയേയുള്ളൂവെന്ന്
ജീവിതത്തെ ചൂണ്ടി
വെറുതെ പറഞ്ഞ്‌
ഒരു ചിരി ചിരിക്കും.
മുഖത്ത്‌ നോക്കില്ല...
നടന്നകന്നിട്ടും
മറന്നതെന്തോ ഓര്‍ത്തെടുക്കുന്നപോലെ
തിരിച്ചുവരും...
പറഞ്ഞുവച്ചമാതിരിയാണെല്ലാം.
എന്നിട്ടും
ഒരിക്കല്‍
ചിരിച്ചുകൊണ്ടങ്ങ്‌
നടന്നുപോയി,
തിരിച്ചുവന്നില്ല.
കാത്തിരിപ്പിലാണിപ്പൊഴും.
വരുമായിരിക്കും.

Saturday, February 17, 2007

കേരളീയം

തെരുവില്‍ ഒരു പാട്ടുകാരന്‍
വാക്കുകളില്ലാതെ വായ്ത്താരി പാടുന്നു,
ചുണ്ടനക്കാതെ,
വാ തുറക്കാതെ.
വിരലുകളറ്റ കൈപ്പത്തി
ന്മുന്നിലെ തുകലുപൊട്ടിയ തബലയില്‍
ഓട്ടയില്ലാത്ത മുളന്തണ്ട്
മേല്‍ച്ചുണ്ടോട് ചേര്‍ത്ത് മറ്റൊരാള്‍
മുട്ടുകുത്തി നിലത്തിരിക്കുന്നൂ
കൈത്തണ്ടയില്ലാത്ത
മൃദംഗ വാദകന്‍.
പാട്ടിനൊപ്പിച്ച്, തല ചരിച്ചാട്ടി,
ആസ്വദിക്കുന്നു ഞാന്‍,
ചെകിട് കേള്‍ക്കാത്തവന്‍.

Tuesday, February 13, 2007

നൂല്‍പ്പാലം കടന്ന്

ഒന്നു തൊട്ടു ഞാനറിയട്ടെ നിന്നെ
എന്‍ നിഴലുപോലെ നീ വന്നുപോയെങ്കിലും
ഇവിടെ എന്റെയീ ഒറ്റമുറി വീട്ടിലെ
കനക്കുമുഷ്ണത്തില്‍ അറിവു ഞാന്‍ നിന്‍ തണല്‍
കുളിരു പെയ്യുന്ന പോലെ നിന്‍ ചിരികളില്‍
മുറിയിലെപ്പൊഴും കൊഴിയും ഡിസംബറും,
തൊടിയിലെവിടെയോ കൊന്ന പൂക്കുന്നതും,
ചെമ്പരത്തി കയ്യാട്ടി വിളിപ്പതും,
നിമിഷനേരം നിലക്കാതെ പെയ്യുന്ന പ്രണയമായി മഴ,
തോരാതെ നില്‍പ്പതും,
അറിവു ഞാന്‍ നിന്നില്‍, നിന്റെ തലോടലില്‍,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കടലിരമ്പം ഒളിപ്പിച്ചു നീ തന്ന ചിപ്പിയില്‍,
നിന്റെ പ്ലാസ്റ്റിക്‌ പൂക്കളില്‍,
പ്രണയവാക്യം കുറിക്കാന്‍ മറന്നു നീ
വച്ചുനീട്ടിയ പുസ്തകത്താളിലും
കണ്ടിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കാത്തിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും
നിഴലു പോലെ നീ മനസ്സിലുണ്ടെങ്കിലും..

Friday, February 02, 2007

കടലിനെ അറിയുന്നത്‌

കണ്ണ് കാണാത്തവന്‍
കരയ്ക്കും തിരയ്ക്കും
ഇടയിലൊരു വര വരച്ച് മാറി നില്‍ക്കും,
എവിടെയാണ്
കടല്‍ തുടങ്ങുന്നതെന്നറിയാന്‍.
ഓരോ തിരയും വന്ന്
വരകളെ മായ്ക്കുന്ന തണുപ്പില്‍
പിന്നിലേക്ക് മാറിപ്പോകും വീണ്ടും.
മനസ്സിലിട്ടവരയില്‍
മീന്‍ വന്ന് കൊത്തിയിട്ടും
ഒരു തിരയുടെയും തണുപ്പ്
വന്നതേയില്ല.
കടല്‍ എങ്ങും
തുടങ്ങുന്നേയില്ല.

Wednesday, January 24, 2007

സ്വാതന്ത്ര്യം

നിന്റെ മൂക്കിന്‍ തുമ്പില്‍
അവസാനിക്കുന്നതാണെങ്കില്‍
സ്വാതന്ത്ര്യം
അത്ര വലിയൊരു
വാക്കല്ലെനിക്ക്‌
ചുണ്ടിലെ ഇറുക്കിയൊരു
ചുംബനവും
അപ്പൊഴത്തെ കണ്ണുപൂട്ടലും
നിന്റെ മാത്രം
സ്വാതന്ത്ര്യങ്ങളാണല്ലോ.

Sunday, January 07, 2007

തണല്‍ മരം

മുറ്റത്തെ മാഞ്ചിയത്തിന്റെ
നിഴലില്‍ നിന്ന്
ചെരുപ്പിടാത്ത കാലില്‍
കുഴച്ച മണ്ണ്
കയറ്റുപായില്‍ ചവിട്ടിത്തൂത്ത്
അച്ഛന്‍ പറഞ്ഞു;
ചോട്ടിലിരുന്ന് ഉറങ്ങുന്നോര്‍ പോലും
തണല്‍ തരുന്നവനെന്നേ
വിളിക്കൂ,
വെയില്‍ ഏറ്റുവാങ്ങുന്നവനെന്ന്
ഒരു മരത്തെപ്പറ്റിയും
ഓര്‍ക്കുകയേയില്ല ആരും.

Wednesday, January 03, 2007

ചോക്കലേറ്റ്‌ ഗേള്‍


കടിച്ചു തിന്നുമ്പോള്‍
ചോരയീമ്പാതെ നോക്കണം,
ചോക്കലേറ്റ്‌ ഒരു പെണ്‍കുട്ടിയാണെങ്കില്‍...
നഖങ്ങളാഴ്ത്തി
പഴകിയോയെന്ന് പരിശോധിക്കാനാവില്ല
വേദനിപ്പിക്കാതെ...
ഒലിച്ചിറങ്ങുന്ന
ചോരനക്കിത്തുടക്കാനാവില്ല
ഡ്രാക്കുളയാവാതെ...
എങ്കിലും രുചിയറിഞ്ഞിട്ട്‌
നാവ്‌ നൊട്ടിയുള്ള നുണയല്‍...
അതെങ്ങനെയാണൊന്ന് ഒഴിവാക്കുക?