നിലാവിന്റെ അവസാനത്തെ തുള്ളിയിലാണ്
അത് കണ്ടെത്തിയത്.
ഒടുക്കത്തെ കാലടയാളങ്ങള്‍...
അവയില്‍ ചവിട്ടി
അളവിട്ടപോലെ നടന്ന്
മരണത്തിലേക്ക് കണ്ണടച്ചുപിടിക്കുമ്പോള്‍
രക്തസ്നാനത്തിന്റെ വിളച്ചിലുകള്‍.
ഇലഞരമ്പ് പിടക്കുന്ന ശബ്ദത്തിനിടയില്‍
ഒരു കടം വീട്ടിത്തീര്‍ത്തു.
പിന്നാലെ പാഞ്ഞുവന്ന
മഴപ്പേര്‍ത്തില്‍ അവസാനിച്ചിരുന്നു
ആ കാല്പാടുകളെങ്കില്‍
എന്റെ പൊന്നു ചങ്ങാതീ,
എങ്ങനെ തീര്‍ക്കുമായിരുന്നു ഞാന്‍
വാക്ക് പുഷ്പിക്കാത്ത കാലത്ത്
നീ വായ്പ തന്ന
കണ്ണീരിന്റെ ഉപ്പുപിടിച്ച
വായ്ക്കരിക്കടം?
ചിരിച്ചു തീര്‍ക്കാമല്ലോ
ഇനി,
പങ്കുചോദിച്ചു വരാന്‍
നീയില്ലാത്ത തമാശകളെ.
ഒറ്റയാകുമ്പോള്‍ ഓര്‍മ്മയുണ്ടാവുമോ അതൊക്കെയെന്ന്
ജീവിതത്തോട് പരാതി
പറയേണ്ടി വരാതിരുന്നാല്‍
മതിയായിരുന്നു.