Sunday, September 30, 2007

മൂന്ന് കവിതക്കുഞ്ഞുങ്ങള്‍

ഒന്ന്

പ്രണയിച്ച് മരിക്കണോ
മരിച്ചു പ്രണയിക്കണോ
എന്ന് ചിന്തിച്ച്
വശം കെട്ടപ്പോള്‍
കാമുകി പറഞ്ഞു,
നമുക്ക് കല്ല്യാണം കഴിക്കാം.
ഇത്രക്കെളുപ്പമായിരുന്നല്ലോ
ഇത് രണ്ടുമെന്ന് അങ്ങനെയറിഞ്ഞു.

രണ്ട്
എഴുതാനിരിക്കുന്നവന്‍
വാക്കുകള്‍ മറക്കുന്നതുപോലെ
സ്വാഭാവികമായങ്ങ്
മറന്നുപോയെങ്കില്‍
ഈ നശിച്ച ജീവിതത്തെയുമെന്ന്
കൊതിക്കുമ്പോഴൊക്കെ
ഓര്‍മ്മവരും
കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ള
കടക്കണക്കുകളും
അതും ചുമന്നുള്ള വല്ലാത്തൊരു
ജീവിതവും.
മരിച്ചാലും മറക്കില്ല ഞാനെന്ന്
ഒരുപകാരിയുടെയും
ശവത്തില്‍ നോക്കി പറയേണ്ടി
വന്നില്ലല്ലോ എന്ന്
ഒരു സങ്കടം ബാക്കി.

മൂന്ന്

എങ്ങോട്ടെങ്കിലും തിരിയാതെ,
വഴി തെറ്റാതെ,
ഒറ്റ നടപ്പ് വേണമെന്ന്
ചിന്തിക്കുമ്പോള്‍ വന്നു നില്‍ക്കും
മുന്നില്‍
ഒരു കൂട്ടുകാരന്റെ വണ്ടി,
ബാറെന്ന് മുഖത്തുനോക്കി
ചിരിക്കുന്ന ബോര്‍ഡ്,
തുണിയുരിയാതെ
നഗ്നയാവുന്ന ഒരു അപരിചിത.
ഇനി എങ്ങനെയാണെന്റെ
കര്‍ത്താവേ,
ഞാന്‍ എന്നെയൊന്ന് നന്നാക്കുക?

5 comments:

Unknown said...

എഴുതാനിരിക്കുന്നവന്‍
വാക്കുകള്‍ മറക്കുന്നതുപോലെ
സ്വാഭാവികമായങ്ങ്
മറന്നുപോയെങ്കില്‍
ഈ നശിച്ച ജീവിതത്തെയുമെന്ന്
കൊതിക്കുമ്പോഴൊക്കെ
ഓര്‍മ്മവരും
കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ള
കടക്കണക്കുകളും
അതും ചുമന്നുള്ള വല്ലാത്തൊരു
ജീവിതവും.

വിഷ്ണു പ്രസാദ് said...

കുഞ്ഞുകവിതകള്‍ കൊള്ളാം.നീ നന്നാവുന്ന ലക്ഷണമില്ല അല്ലേ:)

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു മൂന്നു കവിതകളും..സങ്കീര്‍ണ്ണതകളെ ഇത്രയും സ്വാഭാവികമായി അഭിസംബോധന ചെയ്യുന്നത് തന്നെയാവണം പുതിയ എഴുത്തിന്റെ അഴക്..

Pramod.KM said...

നന്നായി:)

Kuzhur Wilson said...

വല്ലാത്ത സങ്കടം. കവിതയ്ക്ക് വേണ്ടിയാണോ നമ്മള്‍ ഇങ്ങനെ കത്തുന്നത്. അതോ നമ്മള്‍ക്ക് വേണ്ടി കവിതയോ ?