Monday, September 22, 2008

കാഴ്ചയുടെ അശാന്തി, ഓര്‍മ്മയുടെയും

കൊല്‍ക്കത്തയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുപാട് സഞ്ചരിച്ചിട്ടും ഞാന്‍ ഷോണാഗച്ഛിയില്‍ പോയിട്ടില്ല. ഒരു ചുവന്ന തെരുവ് കാണാന്‍ കഴിഞ്ഞിട്ടുമില്ല അവിടെ. പക്ഷേ കാണാറുണ്ടായിരുന്നു, എസ്സ്പ്ലനേഡില്‍ മെട്രോ സിനിമക്ക് മുന്നില്‍ ഓരോ ഷോ കഴിയുമ്പോഴും മുഖത്തെ പൌഡര്‍ മതിയോയെന്നും സാരി പുറത്ത് കാട്ടേണ്ടതെല്ലാം കാട്ടുന്നില്ലേ എന്നും ഉറപ്പുവരുത്തി കാത്തുനില്‍ക്കുന്ന സ്ത്രീ എല്ലാവരോടും ദേഷ്യത്തോടെ ചിരിക്കുന്നത്.
ജി.ബി.പന്ത് റോഡ് ദില്ലിയിലെ പച്ചനിറമുള്ള പഴയ ബസ്സിലിരുന്ന് കണ്ടിട്ടുണ്ട്. പക്ഷേ ഇറങ്ങിയിട്ടില്ല ഞാന്‍ അവിടെ. എങ്കിലും കണ്ടിട്ടുണ്ട് കൊണാട്ട് പ്ലേസിലും കരോള്‍ ബാഗിലും ആഡംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും കൈ കാണിക്കുന്ന നേപ്പാളി പെണ്‍കുട്ടികളെ, അവരുടെ ഇറുകിയ ഉടുപ്പുകളിലേക്ക് നോക്കി കൊതിയോടെ ഉള്ളിലുള്ളതെല്ലാം കണ്ടുനടക്കുന്ന വൃദ്ധരെയും ചെറുപ്പക്കാരെയും പിന്നെ എന്നെത്തന്നെയും.
തിരുവനന്തപുരത്ത് മ്യൂസിയത്തിന്റെ കവാടത്തിനു മുന്നില്‍ ഇടക്കൊക്കെ കാണുമായിരുന്നു, കസവ് സാരിയിലും ജീന്‍സിലുമൊക്കെ വന്ന് കണ്ണുകൊണ്ട് ചിരിക്കുന്ന സുന്ദരിയെ. ഓട്ടോ റിക്ഷക്കാരുടെയും വാച്ചറുടെയും പോലീസുകാരുടെയും അശ്ലീലതമാശകളില്‍ അവള്‍ ഗതികേടിന്റെ ചിരിയുമായി കൂട്ടുചേരുമ്പോള്‍ നാവ് ചൊറിഞ്ഞിട്ടുണ്ട്
ദുബായിലെ നാസര്‍ സ്ക്വയറിലും മുറക്കബാദിലും ‍ തടിച്ച ശരീരവും ധരിച്ചിട്ടുണ്ടെന്ന് തോന്നിക്കാത്ത വസ്ത്രവുമായി നടക്കുന്ന കസ്സാക്കിസ്ഥാനിലെയും റഷ്യയിലെയും വിപ്ലവത്തിന്റെ മണം വറ്റിയ മധ്യവയസ്കകളുടെ കൈയാംഗ്യങ്ങളിലും അംഗസമൃദ്ധിയിലും പ്രലോഭിപ്പിക്കപ്പെട്ടുവോ എന്ന് സംശയിച്ചിട്ടുണ്ട്.
അടുക്കളയില്‍ തീയൂതുന്ന വിയര്‍പ്പുഗന്ധത്തിന്റെ കണ്ണീരു ചുവയ്ക്കുന്ന സ്നേഹത്തിന്റെ ഓര്‍മ്മയില്‍, തീര്‍ന്നുപോയിട്ടുണ്ട് ആ കാഴ്ചകളുടെ മായികതകളത്രയും, പ്രലോഭനങ്ങളുടെ സുഗന്ധങ്ങളൊക്കെയും.

Tuesday, September 16, 2008

പ്രണയം ഒരു പഴഞ്ചരക്കാണ്

ഒരു വരിക്കും

വാക്കുകള്‍ക്കുമിടക്ക്

ഒളിച്ചിരിപ്പായിരുന്നു.

പൂവിനും മുള്ളിനുമിടക്ക്

കാത്തുനിന്നതായിരുന്നു.

എന്നിട്ടും

കവിതയിലേക്ക്

കടന്നിരുന്നില്ല.

അല്ലെങ്കിലും

പ്രണയം

ഒരു പഴഞ്ചരക്കാണെന്ന്

തിരിച്ചറിയാന്‍

ഒരു പഴയ കവിത

വായിച്ചാല്‍ പോരേ?

വെറുതെയെന്തിന്

മുള്ളുകൊണ്ട് മനസ്സ് മുറിക്കണം?

അവസാനിക്കാത്തവ

ഒരു നിലവിളിയില്‍
തീര്‍ന്നുപോകുന്നതാണ് വേദനയെങ്കില്‍
ഒരു തലോടലില്‍
അവസാനിക്കുന്നതാണ് സങ്കടങ്ങളെങ്കില്‍
ഒരു നെടുവീര്‍പ്പില്‍
ഒടുങ്ങുന്നതാണ് വിഷമങ്ങളെങ്കില്‍
ഒരു വെയിലിലും ഈ
മഴക്കാറുകള്‍ ഒടുങ്ങാത്തതെന്താണ്?
ഒരു സ്നേഹത്തിലും കഴിഞ്ഞുപോകാതെ
ഈ കരച്ചിലിന്റെ തിരകള്‍
മനസ്സിലേക്ക് പിന്നെയും
അടിച്ചുകയറുന്നതെന്തിനാണ്?

Thursday, September 04, 2008

കവി

ഒരു കവിത പോലും
വായിച്ചിട്ടില്ലാത്ത
അച്ഛനും മനസ്സുകൊണ്ട്
ഒരു കവിയാണ്.
അറുപത്തഞ്ചാം വയസ്സില്‍
തളര്‍ന്ന കാലുകളിലില്ലാത്ത ബലം
മകന്റെ കൈകളില്‍ കണ്ട്
പിച്ച നടക്കുമ്പോള്‍
ഓടിക്കളിക്കുന്ന രണ്ടുവയസ്സുകാരനോട്
ആ കവി പറഞ്ഞതിങ്ങനെ.
മുത്തച്ഛന്‍ ഇപ്പോ നിന്റെ അച്ഛന്റെ
കുഞ്ഞായിരിക്കുന്നു.
ആ കവിത ആരും എഴുതിവച്ചിട്ടില്ലെന്ന്
അച്ഛന്‍ സങ്കടപ്പെട്ടതേയില്ല.