Sunday, December 12, 2010

വാക്കുകള്ക്ക് പറയാനാകാത്തത്

മുറിവേല്‍ക്കാത്ത ഹൃദയത്തിന്

എന്റെ കൈകളുടെ തണുപ്പാണ്,

മരണത്തിനും.

ദൂരെ നിന്നെ കാണുമ്പോഴത്തെ മനസ്സിന്

നിശബ്ദതയുടെ ചൂടാണ്,

ചോരയ്ക്കും.

വാക്കുകള്‍ക്ക്

ഒന്നും പറഞ്ഞുതീര്‍ക്കാനാകാത്തവീര്‍പ്പുമുട്ടലാണ്,

സിഗററ്റുപുകയ്ക്കും.

ഒറ്റച്ചിലമ്പിന്റെ കിലുക്കമോ

നരച്ച കാഴ്ചകളുടെ കണ്ണീരോ

മതിയാവില്ല,

നടന്നുതീര്‍ത്ത വഴികളിലൂടെ

തിരിച്ചുനടക്കുന്നവന്

വഴികാട്ടിയാകാന്‍.

എല്ലാം മറന്നുപോയവന്

ഓര്‍മ്മക്കുറിപ്പെഴുതിത്തീര്‍ക്കാന്‍ തികയില്ല,

ഈ ഭൂമിയിലെ മരങ്ങളെയെല്ലാം കടലാസ്സാക്കിയാലും.

തിരിച്ചുനടക്കേണ്ടതും എഴുതിത്തീര്‍ക്കേണ്ടതും

നിന്നിലേക്കാണ്,നിന്നെക്കുറിച്ചുമാണ്.

ജീവിതത്തിന്റെ മുള്ളുകൊണ്ട്

ഹൃദയത്തിലേല്‍ക്കുന്ന മുറിവിനെ

ഒരു മഞ്ഞുകട്ടയുടെ തണുപ്പ് നീറ്റി നീറ്റിയിരിക്കുമ്പോള്

സ്വയം ചോദിക്കുന്നത്

ഏത് വാക്കിലാണ് ഞാന്‍ നിന്നോട്

മറന്നുവച്ചതൊക്കെയും പറഞ്ഞുതീര്‍ക്കുക എന്നുതന്നെയാണ്.

Tuesday, October 26, 2010

വിരഹദംശനാനന്തരം


വിരഹദംശനാനന്തരം


ഉണര്‍ന്നിരിക്കുമ്പോള്‍
നിന്റെ സ്വരത്തിനായി കാത്തിരിക്കാറുണ്ട്.
കണ്ണടച്ച് ഉറക്കത്തിലേക്ക് കടക്കുമ്പോള്‍
സ്വപ്‌നത്തിനും മുമ്പ്
അതേ സ്വരം വിളിച്ചുണര്‍ത്തുന്നു.
ഉണരുമ്പോള്‍ വീണ്ടും കാത്തിരിപ്പ്.
ജനാലക്ക് പുറത്ത്
കൊത്തുകൂടുന്ന മൈനകളെപ്പോലെ,
ബാല്‍ക്കണിയില്‍ പ്രാവുകളെ
ഭയന്ന് ഒതുങ്ങിക്കൂടി
പൂവിടാന്‍ മറന്നുപോയ മുല്ലയെപ്പോലെ,
ശബ്ദങ്ങളെ സ്വപ്‌നം കാണുന്നവനും
ഉറക്കത്തില്‍
കലഹിക്കുകയും പുഷ്പിക്കുകയും
ചെയ്യുന്നുണ്ടാവണം.
ഉയിര്‍പ്പിന്റെ മൂന്നാം ദിവസത്തെക്കുറിച്ച്
പറയാന്‍ ബാക്കിവച്ചിരിക്കുന്ന
പുസ്തകങ്ങളിലൊന്നില്‍ നിന്നുവേണം
നിന്റെ സ്വരത്തിലെ റിംഗ്‌ടോണ്‍
വായിച്ചെടുക്കാന്‍.
വിരഹദംശനം ഏറ്റവന്
ഇരുമ്പുപല്ലുകളുള്ള
സര്‍പ്പത്തെ പേടിക്കേണ്ടതില്ല.
എന്നിട്ടും
ഒരു യാത്ര പറച്ചിലിനെപ്പോലും പേടിയാവുന്നു.
ഉറങ്ങുവാനും ഉണരുവാനും
സ്വപ്‌നം കാണുവാനും മാത്രമായി എനിക്കൊരു കൂടുവേണം.
കലഹത്തിന്റെയും ശാപവാക്കുകളുടെയും
ഋണപത്രങ്ങളുടെയും
നിഴലു കേറാത്ത.
ഒരു ഒറ്റമുറി.
അപ്പോഴും ഞാന്‍ കേള്‍ക്കുന്നുണ്ടാവും
കാത്തിരിപ്പിന്റെ
മുഷിപ്പില്ലാത്ത സ്വരങ്ങള്‍.




Monday, October 25, 2010

പിന്‍വിളി

ഉരുകിയൊലിക്കുമ്പോഴും
കഴിഞ്ഞുവോ കഴിഞ്ഞുവോയെന്ന്
ഇരുളിലേക്ക്
ഒളിഞ്ഞുനോക്കുന്നുണ്ട് മെഴുകുതിരി.
നിന്റെ സ്‌നേഹത്തിന്റെ നിഴലില്‍ നിന്ന്
രാത്രിയുടെ മൃഗങ്ങളാരോ
മുരളി നില്‍ക്കുന്നുണ്ട്
അപ്പുറത്തെവിടെയോ.
ഹൃദയത്തില്‍ പ്രണയത്തിന്റെ മൂര്‍ച്ച കൊണ്ടവന്‍
മുറിവില്‍ നിന്നൊലിപ്പിച്ച
ഒരു തുള്ളി കണ്ണീരുമതിയായിരുന്നു
രാത്രിയെയാകെ നനച്ചെടുക്കാന്‍.
എന്നിട്ടും
എന്റെ പൊന്നുവെളിച്ചമേ
എന്തിനായിരുന്നു നീ ഇരുട്ടിന്
വഴികാട്ടിയായത്
വേനലിനെ കൈപിടിച്ച്
മനസ്സിന്റെ ആര്‍ദ്രതയിലേക്ക്
തെളിച്ചുകൊണ്ടുവന്നത്
എട്ടുകാലിവലയില്‍
മുഖം തടഞ്ഞവന്റെ
ആദ്യത്തെ പകച്ചുനില്‍ക്കല്‍
മാത്രമായിരുന്നോ
നീ പ്രണയം കൊണ്ട്
കണികാണിച്ചത്
അവസാനത്തെ ആളിക്കത്തല്‍
മാത്രം മതിയായിരുന്നു
എനിക്ക്...
അതുകഴിഞ്ഞാല്‍
ഞാന്‍ ഇരുട്ടിലേക്ക് നടന്നിറങ്ങുമായിരുന്നു.
പിടിച്ചുനിര്‍ത്തുവാന്‍ നീ്
അണഞ്ഞുതീരാറായ
വെറുമൊരു മെഴുതിരി മാത്രമല്ലെന്ന്
അറിഞ്ഞു തുടങ്ങുമ്പോള്‍,
ഒരു ഡിസംബര്‍ രാത്രിയിലേക്ക്
ആലിപ്പഴമായി വീഴുന്നത്
ഏതുമനസ്സിന്റെ കുളിര്‍മ്മയാണ്



Sunday, October 24, 2010

ഒരു പൂവുകൊണ്ട് ഹൃദയത്തെ തൊടുന്നത്


ഒരു കൈ നീട്ടി തൊടാനാഞ്ഞത്
പ്രണയത്തെയല്ല.
കുത്താനാഞ്ഞ
തേളിന്റെ വാലുപോലെ
മനസ്സ്
കുനിഞ്ഞുപോകുന്നത്
ഒരു പൂവിനെയും ഉമ്മവക്കാനുമല്ല.
മണ്ണിന്റെ മണമേറ്റുവാങ്ങി
എവിടെയോ ഒരു പൂവ്
എനിക്കായി
നിറങ്ങളുടെ വസന്തം തീര്‍ക്കുന്നുണ്ട്.
എങ്കിലും അല്ല,
പുഞ്ചിരിയുടെ ആദ്യത്തെ
കൊമ്പില്‍ പൂക്കുന്നത്
നമുക്കിടയിലെ നിശബ്ദതയാണ്.
ചിലക്കാത്ത മൃതഘടികാരമേ,
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം,
എന്റെ ഹൃദയമിടിപ്പുകളെ
പകര്‍ത്തിവക്കുക.
അവസാനത്തെ സമയക്കുറിപ്പുകളില്‍
എഴുതിവക്കട്ടെ,
പ്രണയത്തിന്റെ കയ്പ്പുതിന്നവന്റെ
നൊമ്പരങ്ങളെല്ലാം.
മണല്‍ക്കാട്ടിലെ
കല്ലുകൂട്ടില്‍ ഒരാട്ടിടയന്‍
ആടുകളെയും കാത്തിരിക്കുന്നുണ്ടാവാം.
മണല്‍ ഞെരിക്കുന്ന
കൂട്ടത്തിന്റെ കാലൊച്ചയില്‍
അവന്റെ വിടരുന്ന മനസ്സുപോലെ
ഞാനൊരു പനിനീര്‍പ്പൂവൊരുക്കിവക്കുന്നുണ്ട്.
വാക്കുകളുടെ ചൂടില്‍ വാടിപ്പോകാത്ത
ഒരു ചുവന്ന പൂവ്.
അത് എന്റെ ഹൃദയത്തില്‍ തൊടുന്നതുവരെയേയുള്ളൂ
നമ്മള്‍
മൗനത്തിന്റെ തടവുകാരാവുന്നത്.


Thursday, October 21, 2010

കുറെ പെണ്ണുങ്ങള്

വത്സല ചേച്ചിയുടെ എഴുത്തുപള്ളിക്കൂടം ഓർക്കുമ്പോ,

പഠിച്ച അക്ഷരങ്ങൾക്കുംപകുതിക്കു നിർത്തിയ അക്കങ്ങൾക്കും മുന്നേ

ഷീജയെ ഓർമ്മ വരും

അഭിമാനത്തോടെ പങ്കിട്ട ചാന്തുപൊട്ടുകളുംഒന്നിച്ചുള്ള മഴകൊള്ളലും ഓർക്കും.

പഠിക്കാത്ത ഒന്നാം ക്ളാസ്സും പഠിച്ച രണ്ടാം ക്ളാസും

മനസ്സിലെത്തുന്നതിനും മുൻപേ ഓടിവരും,

സ്കൂൾ ഫസ്റ്റ് തട്ടിപ്പറിച്ചിട്ട് സ്കോളർഷിപ്പ് എനിക്ക് തന്നിട്ടുപോയ,

ഗോപിസാറിൻ‍റെ മോള് സീനയെ.

കുന്നിൻറെ മോളിലെ കാട്ടുപുറംയുപി സ്കൂളിനെക്കാൾഓർ‍മ്മയുണ്ട് ,

സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ ഗിരിജടീച്ചറെ നോക്കി

സാറേ, ഈ കുട്ടി എന്നെ സിനിമാ നടിയെന്ന് വിളിച്ച്കളിയാക്കുന്നുവെന്ന്

തിളങ്ങുന്ന കുപ്പായത്തിൽ നിന്ന് വിളിച്ചുപറഞ്ഞ

എം.എ. ലിജിയെ.

പത്താം ക്ളാസ്സിൽ മീനാട്ടേക്കുള്ള ബസ് പോകുമ്പോൾ

ആശ എസ്.പി. സൈഡ് സീറ്റിലിരുന്ന്സമ്മാനിക്കുന്ന

ചിരി നഷ്ടമാകാതിരിക്കാൻ

നഷ്ടമാക്കിക്കളഞ്ഞ ട്യൂഷൻ ക്ളാസുകളെ പിന്നെയൊന്നും ഓർത്തിട്ടില്‌ല.

പ്രീ ഡിഗ്രിക്ക് തലയിൽ കേറാതെ പോയ കണക്കുകൾ കൂട്ടിയും കുറച്ചും നോക്കിയില്ലെങ്കിലും

ഓർത്തു വച്ചിട്ടുണ്ട്

ഇനി സിഗററ്റ് വലിച്ചാൽ മിണ്ടില്ലെന്ന് കരഞ്ഞു ചിരിച്ച

രാധാമണിയെ,

സഖാവ് കവിത ചൊല്ലിക്കോ, എന്നാലും പ്രസംഗിക്കല്ലേയെന്ന്

കളിയാക്കി ജയിച്ച കവിത ബിഎസ്സിനെ.

നന്നായി,

ക്ളാസ്സ് മുറികളിൽ നിന്നും

ജീവിതത്തിലേക്ക് ഇറങ്ങിനടന്നത്...

ഇല്ലെങ്കിൽ പിന്നെ പഠിച്ച പാഠങ്ങളൊന്നും ഓർത്തിരിക്കില്ലായിരുന്നു

Wednesday, September 15, 2010

കവിത

ആദ്യത്തെ വരി എഴുതുമ്പോള്ത്തന്നെ
തീരുമാനിച്ചു
നീ തന്നെയാണ് എന്റെ കവിത.
എഴുതി മുഴുമിപ്പിക്കും മുന്പേ
ഒറ്റയടിക്ക് മായ്ച്ചുകളയുമ്പോള്
മനസ്സ് പറഞ്ഞു
കവിത വരണ്ടുപോയിരിക്കുന്നു.
മനസ്സില് കവിതയും പ്രണയവുമില്ലാത്ത
ജീവിതത്തെ എന്തുവിളിക്കുമെന്ന ചോദ്യത്തിന്
കവി പറഞ്ഞ മറുപടി
ഭ്രാന്തെന്നോ പ്രണയമെന്നോ
ആയിരുന്നിരിക്കണം.



Thursday, July 15, 2010

റിയൽ ലൈഫ്

കലഹം, പ്രണയം, വിവാഹം
ഈ ക്രമത്തിലായിരുന്നു
സിനിമകളിലൊക്കെയും
കണ്ടുമടുത്തത്.
ഒരു ചേഞ്ചിന്
പ്രണയം, വിവാഹം, കലഹം
എന്നാക്കിമാറ്റി
ജീവിതത്തിൽ.

ചോരക്കൊതി

പട്ടികൾ.
വെറുതെ കുരച്ച്
പുറകെ വരുന്നതല്ലാതെ
ഒന്ന് കടിക്കാൻ
ഇതിനെയൊന്നുംകൊണ്ട്
കൊള്ളൂല്ലല്ലോ.
എന്റേത് തന്നെ വേണമെന്നില്ല,
ആരുടെയെങ്കിലും
ചോര കണ്ടിട്ട്
എത്രനാളായി?

Wednesday, June 02, 2010

പറയാതിരുന്നത്

ഒടുക്കത്തെ ചിരി ചിരിച്ച്
നീ ഇറങ്ങിപ്പോകുമ്പോൾ,
ഇത്രനേരം പറയാതിരുന്ന
വർത്തമാനമെന്തെന്ന് മാത്രം...
വല്ലാത്തൊരു ചിന്ത തന്നെ.
അതൊന്ന് പറഞ്ഞുതീർത്തിരുന്നെങ്കിൽ
ഒരു തെറി കേട്ട സുഖമെങ്കിലുമായേനേ.