ഒരു കൈ നീട്ടി തൊടാനാഞ്ഞത്
പ്രണയത്തെയല്ല.
കുത്താനാഞ്ഞ
തേളിന്റെ വാലുപോലെ
മനസ്സ്
കുനിഞ്ഞുപോകുന്നത്
ഒരു പൂവിനെയും ഉമ്മവക്കാനുമല്ല.
മണ്ണിന്റെ മണമേറ്റുവാങ്ങി
എവിടെയോ ഒരു പൂവ്
എനിക്കായി
നിറങ്ങളുടെ വസന്തം തീര്‍ക്കുന്നുണ്ട്.
എങ്കിലും അല്ല,
പുഞ്ചിരിയുടെ ആദ്യത്തെ
കൊമ്പില്‍ പൂക്കുന്നത്
നമുക്കിടയിലെ നിശബ്ദതയാണ്.
ചിലക്കാത്ത മൃതഘടികാരമേ,
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം,
എന്റെ ഹൃദയമിടിപ്പുകളെ
പകര്‍ത്തിവക്കുക.
അവസാനത്തെ സമയക്കുറിപ്പുകളില്‍
എഴുതിവക്കട്ടെ,
പ്രണയത്തിന്റെ കയ്പ്പുതിന്നവന്റെ
നൊമ്പരങ്ങളെല്ലാം.
മണല്‍ക്കാട്ടിലെ
കല്ലുകൂട്ടില്‍ ഒരാട്ടിടയന്‍
ആടുകളെയും കാത്തിരിക്കുന്നുണ്ടാവാം.
മണല്‍ ഞെരിക്കുന്ന
കൂട്ടത്തിന്റെ കാലൊച്ചയില്‍
അവന്റെ വിടരുന്ന മനസ്സുപോലെ
ഞാനൊരു പനിനീര്‍പ്പൂവൊരുക്കിവക്കുന്നുണ്ട്.
വാക്കുകളുടെ ചൂടില്‍ വാടിപ്പോകാത്ത
ഒരു ചുവന്ന പൂവ്.
അത് എന്റെ ഹൃദയത്തില്‍ തൊടുന്നതുവരെയേയുള്ളൂ
നമ്മള്‍
മൗനത്തിന്റെ തടവുകാരാവുന്നത്.
2 comments:
ചിലക്കാത്ത മൃതഘടികാരമേ,
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം,
എന്റെ ഹൃദയമിടിപ്പുകളെ
പകര്‍ത്തിവക്കുക.
അവസാനത്തെ സമയക്കുറിപ്പുകളില്‍
എഴുതിവക്കട്ടെ,
പ്രണയത്തിന്റെ കയ്പ്പുതിന്നവന്റെ
നൊമ്പരങ്ങളെല്ലാം.
ഇനിയിത്ര നീണ്ട ഇടവേള വേണ്ട :)
Post a Comment