Tuesday, October 26, 2010

വിരഹദംശനാനന്തരം


വിരഹദംശനാനന്തരം


ഉണര്‍ന്നിരിക്കുമ്പോള്‍
നിന്റെ സ്വരത്തിനായി കാത്തിരിക്കാറുണ്ട്.
കണ്ണടച്ച് ഉറക്കത്തിലേക്ക് കടക്കുമ്പോള്‍
സ്വപ്‌നത്തിനും മുമ്പ്
അതേ സ്വരം വിളിച്ചുണര്‍ത്തുന്നു.
ഉണരുമ്പോള്‍ വീണ്ടും കാത്തിരിപ്പ്.
ജനാലക്ക് പുറത്ത്
കൊത്തുകൂടുന്ന മൈനകളെപ്പോലെ,
ബാല്‍ക്കണിയില്‍ പ്രാവുകളെ
ഭയന്ന് ഒതുങ്ങിക്കൂടി
പൂവിടാന്‍ മറന്നുപോയ മുല്ലയെപ്പോലെ,
ശബ്ദങ്ങളെ സ്വപ്‌നം കാണുന്നവനും
ഉറക്കത്തില്‍
കലഹിക്കുകയും പുഷ്പിക്കുകയും
ചെയ്യുന്നുണ്ടാവണം.
ഉയിര്‍പ്പിന്റെ മൂന്നാം ദിവസത്തെക്കുറിച്ച്
പറയാന്‍ ബാക്കിവച്ചിരിക്കുന്ന
പുസ്തകങ്ങളിലൊന്നില്‍ നിന്നുവേണം
നിന്റെ സ്വരത്തിലെ റിംഗ്‌ടോണ്‍
വായിച്ചെടുക്കാന്‍.
വിരഹദംശനം ഏറ്റവന്
ഇരുമ്പുപല്ലുകളുള്ള
സര്‍പ്പത്തെ പേടിക്കേണ്ടതില്ല.
എന്നിട്ടും
ഒരു യാത്ര പറച്ചിലിനെപ്പോലും പേടിയാവുന്നു.
ഉറങ്ങുവാനും ഉണരുവാനും
സ്വപ്‌നം കാണുവാനും മാത്രമായി എനിക്കൊരു കൂടുവേണം.
കലഹത്തിന്റെയും ശാപവാക്കുകളുടെയും
ഋണപത്രങ്ങളുടെയും
നിഴലു കേറാത്ത.
ഒരു ഒറ്റമുറി.
അപ്പോഴും ഞാന്‍ കേള്‍ക്കുന്നുണ്ടാവും
കാത്തിരിപ്പിന്റെ
മുഷിപ്പില്ലാത്ത സ്വരങ്ങള്‍.




3 comments:

Pramod.KM said...

‘ദംശന’ത്തേക്കാള്‍ എത്രയോ നല്ലതായിരിക്കില്ലേ ‘കടി’?

maharshi said...

പ്രവാസി എന്ന ഓമനപ്പേര് സമ്പാദിച്ചവര്‍ ചെറിയൊരു
കൂട് ആഗ്രഹിക്കാറുണ്ട്.സ്വപ്നം കാണാനല്ല..ആത്മാവ്
ഇല്ലാതാക്കാന്‍ തക്കം പാര്‍ക്കുന്നവര്‍..

വരവൂരാൻ said...

എല്ലാം വായിച്ചു. മനോഹരം... ഇനിയും വരും ആശം സകൾ