Monday, March 03, 2008

കൂട്ടിരിപ്പ്

എവിടെയുമാകാം,

ഒറ്റക്കൊരു പെണ്‍കുട്ടിയുടെ

വിയര്‍പ്പ് കലരുന്ന സ്വപ്നങ്ങള്‍ക്ക്...

വല്ലാത്ത തിരക്കിലും,

ഓട്ടം നിര്‍ത്തി,

ഒരേയൊരാള്‍ക്കായി കാത്തുകിടക്കുന്ന

വണ്ടിക്കുള്ളില്‍ ഒറ്റയാണെന്ന്

ഉഷ്ണിക്കുന്ന ഡ്രൈവര്‍ക്ക്...

കിടപ്പുമുറിയില്‍

അവസാനത്തെ പെയ്തൊഴിയലിന്റെ

വരളുന്ന ശൈത്യത്തില്‍

നിലവിളിച്ചുപോകുന്ന ഇണകള്‍ക്ക്...

ആശുപത്രിമുറിയില്‍ സന്ദര്‍ശകരും

രോഗിയുമില്ലാത്തപ്പോഴത്തെ

ഏകാന്തതക്ക്...

അവനവനു കൂട്ടിരിക്കുന്നവന്റെ

നിസ്സഹായതയിലാണ്

പെരുമഴകള്‍ പെയ്തുകൊണ്ടിരിക്കുന്നത്.

Sunday, March 02, 2008

വിവാഹാനന്തരം

രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍
തീര്‍ച്ചയായും ഉണ്ടായിവരും,
പുതിയൊരു വന്‍കര,
എപ്പോഴും തണുപ്പിക്കുന്ന
ഒരു കാറ്റ്,
സ്വപ്നങ്ങളില്‍ മാത്രം
കാണുന്ന ഒരേയൊരു ആകാശം.
(രണ്ടുപേര്‍ക്കുമായി ഒന്നേയൊന്ന്‍.)

രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോള്‍
ഉണ്ടായിവരും
എപ്പോഴും യുദ്ധം ചെയ്യുന്ന
രണ്ട് അയല്‍നാടുകള്‍,
കൂട്ടിക്കെട്ടുമ്പോഴേ പൊട്ടിപ്പോകുന്ന
പട്ടച്ചരടിന്റെ രണ്ടറ്റങ്ങള്‍.
എങ്ങനെയാണ് പ്രിയേ നമ്മള്‍
കൂടിച്ചേരുമ്പോള്‍
ആകാശം പിളര്‍ന്നുപോകുന്നത്?

Saturday, March 01, 2008

വയസ്സാവാതിരിക്കാന്‍.

മഞ്ഞത്തോ മഴയത്തോ

വെയിലത്തോ കാറ്റത്തോ

പുറത്തിറങ്ങരുതെന്ന്,

നടക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും

രണ്ട് വയസ്സുകാരനു പിന്നാലെ

കുതിക്കുമ്പോഴും

ഒന്ന് സൂക്ഷിച്ചേക്കണേയെന്ന്,

അങ്ങനെയങ്ങനെ ...

ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്,

പെട്ടെന്ന് ദേഷ്യം വരുന്നെന്ന്,

മധുരവും ഉപ്പും

മസാലയും മുളകും കുറക്കണമെന്ന്...

വാക്കുകളില്‍ പഴയ മുഴക്കമില്ലെന്ന്,

സ്നേഹത്തിന് മുന്‍പത്തെയത്ര

സ്നേഹമില്ലെന്ന്....

മുടികള്‍ക്കിടയിലിരുന്ന്

ഇത്രയൊക്കെ പറഞ്ഞവന്‍

ഒറ്റവലിക്ക് അവസാനിപ്പിച്ചുകളഞ്ഞു

അവന്റെ വെളുത്ത ജീവിതം.