Tuesday, November 28, 2006

മരണമൊഴി

മണ്ണില്‍ വീണ മയില്‍പ്പീലി
മഴ കാണുന്നതിനെക്കുറിച്ച്
നിന്നോട് ആരെങ്കിലും
പറഞ്ഞിട്ടുണ്ടോ
മഴനൂലുകളില്‍ നിന്ന്
താഴേക്കിറങ്ങുന്ന
സ്വപ്നങ്ങളല്ലാതെ?
മഴക്ക് മുന്‍പ്
വിടര്‍ന്ന് ചിരിക്കുമ്പോള്‍
മയില്‍പ്പീലിക്കണ്ണില്‍
എന്ത് കിനാവായിരുന്നിരിക്കും?

Thursday, November 23, 2006

പ്രണയത്തിന്റെ അവസാനം

മഴത്തുള്ളി പറഞ്ഞു;
ഒരു തൊടീലിന്റെ കുളിരില്‍
തീര്‍ന്നുപോകുന്നതേയുള്ളൂ
മണ്ണിന്റെ കൊതി
ഒരു കരിമേഘത്തില്‍ നിന്നും
ഉതിര്‍ന്നു പോകുമ്പോള്‍ എന്റെയും

ഞാന്‍ അവര്‍ക്കും എനിക്കും

എനിക്ക്‌
ചിലപ്പോഴൊക്കെ
ഒരു പക്ഷിയുടെ മുഖമാണ്‌.
കുറുകിയൊതുങ്ങുന്ന
പ്രാവിന്റേതെന്ന്
കാമുകി.
തക്കം പാര്‍ത്ത്‌
കറങ്ങി നില്‍ക്കുന്ന
പ്രാപ്പിടിയന്റേതെന്ന്
ഭാര്യ.
കുരുത്തംകെട്ട കണ്ണുകളോടെ
എവിടെയും ചികഞ്ഞു നോക്കുന്ന
സൂത്രക്കാരന്‍ കാക്കയുടേതെന്ന്
സുഹൃത്ത്‌.
എനിക്ക്‌ ഇപ്പോഴുമിഷ്ടം
മല മുഴക്കുന്ന
വേഴാമ്പലുകളെത്തന്നെ.

Thursday, November 16, 2006

വെറുതെയിങ്ങനെ...

എന്തിനാണ്‌ ഒരു പേന,
ഹൃദയത്തില്‍ ഒരു വരി പോലും
കുറിക്കാനാവില്ലെങ്കില്‍.
എന്തിനാണ്‌ ഒരു ഹൃദയം
അപരന്റെ മനസ്സിലെ നോവ്‌ പോലും
വായിക്കാനായില്ലെങ്കില്‍.
എന്തിനാണൊരു ജീവിതം,
പ്രണയം ഇത്ര പെട്ടെന്ന്
ഒടുങ്ങുന്നതാണെങ്കില്‍.


കടപ്പാട്‌: ബൂലോഗത്തില്‍ നിന്ന് വീണുകിട്ടിയ സുഹൃത്തിന്‌

Wednesday, November 15, 2006

അത്യാഗ്രഹം

വെറുതെയൊന്ന് ഉപ്പ്‌ നോക്കി
പോകാനാണ്‌ ചെന്നത്‌
കുടിച്ചു വറ്റിച്ചേ
മടക്കമുള്ളെന്നായി പിന്നീട്‌
നാലാം ദിവസം
മീനുകളുടെ എച്ചിലായാണ്‌
തീരത്തടിഞ്ഞത്‌.

Tuesday, November 14, 2006

ചായ ഒരു ക്ഷണക്കത്താകുന്നു

മൌനത്തിന്റെ ഇടനാഴിയില്‍ നിന്ന്സ്വീ
കരണമുറിയുടെ ഊഷ്മളതയിലേക്ക്‌
ഒരു വാതില്‍
കിടക്കയുടെ ആലസ്യത്തില്‍ നിന്ന്
കര്‍മനിയോഗങ്ങളിലേക്ക്‌
ഒരു വിളിച്ചുണര്‍ത്തല്
‍തെരുവോരത്ത്‌
കൊച്ചു വര്‍ത്തമാനങ്ങളിലേക്കും
ഗ്രാമമുക്കില്‍
രാഷ്ട്രീയത്തര്‍ക്കങ്ങളിലേക്കും
ചൂടുള്ള ഒരു ക്ഷണക്കത്ത്‌
ചുണ്ടോടടുത്ത്‌
ഒരു കൊടുങ്കാറ്റിന്റെ ശാന്തത.

Monday, November 13, 2006

പ്രണയികള്‍

സ്‌നേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്
‍നിന്റെ മനസ്സില്‍
ആദ്യം വരുന്ന മുഖം എന്റേതല്ലെങ്കില്
‍നാമെങ്ങനെയാണ്‌ പ്രണയികളാകുന്നത്‌?

ശത്രുവെക്കുറിക്കുമ്പോള്
‍നീ ആദ്യമോര്‍ക്കുന്നത്‌ എന്നെയല്ലെങ്കില്
‍നാമെങ്ങനെയാണ്‌ പ്രണയികളാകുന്നത്‌?

Sunday, November 12, 2006

കൊതി

ഒരു ചിരിയേയുള്ളൂ
മുഖത്ത്‌ ഒട്ടിച്ചുവയ്ക്കാനുംഒരുപാടുപേര്‍ക്ക്‌ കൊടുത്തുതീര്‍ക്കാനും.
കഴുത്തറുക്കാനും വഞ്ചന കലര്‍ത്താനും
പരിചയം പുതുക്കാനും പിരിഞ്ഞു പോകാനും
കൊടുത്തു തീര്‍ക്കാത്ത കടക്കണക്കിണ്റ്റെ
മുഖത്ത്‌ നോക്കാതെ എറിഞ്ഞു നല്‍കാനുമെല്ലാം
ഒരു ചിരിയേയുള്ളൂ.
രണ്ട്‌ ചുണ്ടുകള്‍ക്കിടയില്‍ തട്ടിക്കളിക്കാന്‍
ഒരായിരം ചിരികളുണ്ടായിരുന്നെങ്കില്‍.
ഒരു മുഖമേയുള്ളൂ
ചങ്ങാതിയുടെ ചങ്കിലെ കത്തിയെ നോക്കി
ചിരിച്ചുകൊണ്ട്‌ കരയാനും
മനസ്സിണ്റ്റെ ശവത്തിന്‌ വിലപറയുമ്പോള്‍
കരഞ്ഞുകൊണ്ട്‌ ചിരിക്കാനും
ജലദോഷത്തുമ്മലിനും
കണ്ണടയുടെ ഇരുളു കാക്കാനും
കണ്ണാടി നോക്കി മിനുക്കിവയ്ക്കാനുംഒരേയൊരു മുഖം മാത്രം.
കാഴ്ചപ്പുറത്തും കയ്യകലത്തിലും
കുറെ മുഖം മൂടികളെങ്കിലുംകിട്ടിയിരുന്നെങ്കില്‍.

Thursday, November 09, 2006

അപൂസിന്റെ ലോകം

അമ്മരാവിലെ
ഇങ്കിനും ഉറക്കത്തിനും
മുന്‍പേ
ചുണ്ടിലേക്കെത്തുന്ന മധുരം
മതിയാകും മുന്‍പേ
അടച്ചുവയ്ക്കപ്പെടുന്ന
പാല്‍പ്പാത്രം.
അറിയാത്ത ഭാഷയില്‍
ഒരുപാട്‌
അരുതുകളുടെ
മനസ്സിലാക്കിക്കല്‍

അച്ഛന്‍
ചുരുണ്ടുകിടക്കുന്ന
കറുത്ത വള്ളിക്കറ്റത്ത്‌
വല്ലപ്പോഴും
എന്തോ ചെയ്യുവാ
എന്നൊരു പരുക്കന്‍ സ്വരം
മിണ്ടാതിരിക്കുമ്പോള്‍
എന്തിനെന്നറിയാത്ത
കണ്ണീരിന്റെ ചുവയുള്ള
വാക്കുകള്‍

Sunday, November 05, 2006

മഴയിടം

ഒരു മണല്‍ക്കാറ്റില്‍
കാഴ്ച മൂടുമ്പോള്‍
കറുത്ത കണ്ണട വെയില്‍ മറക്കുവാന്‍
തോറ്റു പോകുമ്പോള്‍
വിയര്‍പ്പുപ്പില്‍ ദേഹം
കുളിച്ചു നീറുമ്പോള്‍
നിഴല്‍ത്തണലിലായി
ഒളിച്ചുനിന്നു ഞാന്‍
തുറന്ന കണ്ണിലെ തിളച്ച ചൂടിലും
കിനാവ്‌ കാണുന്നൂ
മഴയിടങ്ങളെ.

നനവ്‌ വീഴാത്ത്‌ ചേമ്പില,
മുറിയില്‍ ഇനിയും തോരാത്ത
മുതുകാലന്‍ കുട
ഓടിന്‍ പാത്തിയില്‍
മഴവെള്ളപ്പാച്ചില്‍
താഴെ വയല്‍ നിറയുന്ന
ചെളിവെള്ളക്കുളി
പുഴുങ്ങും കാറ്റിന്റെ
പുറമ്ലോകത്തെ
അടഞ്ഞ വാതിലിന്നപ്പുറം നിര്‍ത്തി
ടെലിവിഷനിലെ ചാനല്‍ മാറ്റുമ്പോള്‍
തിരഞ്ഞു പോയൊരാ മഴയിടം മുന്നില്‍

Thursday, November 02, 2006

പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഇല്ല സാര്‍
ക്ലാസ്‌ മുറിയിലായാലും
കൌമാരത്തിലായാലും
തോക്കിന്‍ കുഴലുകള്‍
പ്രണയത്തെക്കുറിച്ച്‌
സംസാരിക്കില്ല.
കോഴിമുട്ടകള്‍
വിപ്ലവത്തെക്കുറിച്ച്‌
സ്വപ്നം കാണുകയുമില്ല
രണ്ട്‌ കണ്ണുകള്‍ക്ക്‌ കുടിച്ചുതീര്‍ക്കാവുന്ന വെളിച്ചവും
തുപ്പിയൊഴിക്കാവുന്ന തീയും
അത്രയൊക്കെയേയുള്ളൂ
സ്വപ്നങ്ങള്‍,
കോഴിമുട്ടക്കായാലും
തോക്കിന്‍ കുഴലിനായാലും
അതുകൊണ്ട്‌ സര്‍
താങ്കള്‍ കോഴിമുട്ടയെ
സ്വപ്നങ്ങളില്‍ നിന്നും
തോക്കിന്‍ കുഴലിനെ
വാക്കുകളില്‍ നിന്നും അകറ്റി നിര്‍ത്തുക,
വിപ്ലവം വരുന്നതുവരെയെങ്കിലും.

Wednesday, November 01, 2006

വഴികളെ വിശ്വസിക്കരുത്‌

എങ്ങോട്ട്‌ പോകണമെന്നൊരാശങ്ക
എല്ലാ വഴികളിലുമുണ്ട്‌
കിഴക്കോട്ട്‌ പോകുമ്പോള്‍
തെക്കോട്ടാകാമായിരുന്നെന്നും
ഇടത്തേക്ക്‌ തിരിയുമ്പോള്‍
വലം കാല്‍മുട്ടിലുമൊക്കെ ഒരു വല്ലാത്ത ഭയപ്പാട്‌.
ഏതു വഴിയിലും ഒളിഞ്ഞു കിടപ്പുണ്ട്‌
ഒരു വഴി തെറ്റിക്കലെന്ന മുന്നറിയിപ്പ്‌

കണ്ണടച്ച്‌ പിടിച്ചാലും വഴി തെറ്റാതിരിക്കാം
കണ്ണ്‍ തുറന്നിരുന്നാലും ലക്ഷ്യത്തിലെത്താതെയുമാകാം
എത്ര പരിചിതമായാലും
എല്ലാ വഴികളിലും വീണുപോകും
ഒരു പരാജയത്തിന്റെ നിഴല്‍,
ഒരു വഴി തെറ്റിക്കലിന്റെ പൊരുള്‍