Tuesday, February 27, 2007

ആരും കേള്‍ക്കാത്തവ

മുറിച്ചിട്ട പല്ലിവാലിലും
മരിച്ച വാക്കിലുമുണ്ട്
ഒടുക്കത്തെ ഒരു പിടച്ചില്‍.
കാറ്റും കടലും പൂമ്പാറ്റച്ചിറകും
മിടിച്ചുകൊണ്ടേയിരിക്കും.
കുന്നിന്റെയുള്ളിലെ വിങ്ങല്‍
മരം പോലും അറിയുകയേയില്ല.
പാട്ടും കരഘോഷവും
ഒതുങ്ങിയാലും
സദസ്സിലെവിടെയോനിന്നുയരും,
ഒറ്റപ്പെട്ടൊരു കൈയടിയോ കൂവലോ.
മറ്റുള്ളവരുടെ തരംഗദൈര്‍ഘ്യവുമായി
ഒത്തുപോകാന്‍ മടിക്കുന്ന
ഒടുവിലത്തെ ചലനത്തിലാണ്
ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയമിടിപ്പുകള്‍
തിരിച്ചറിയപ്പെടുന്നത്.

Sunday, February 18, 2007

യാത്രാമൊഴി

ഇത്രയൊക്കെയേയുള്ളൂവെന്ന്
ജീവിതത്തെ ചൂണ്ടി
വെറുതെ പറഞ്ഞ്‌
ഒരു ചിരി ചിരിക്കും.
മുഖത്ത്‌ നോക്കില്ല...
നടന്നകന്നിട്ടും
മറന്നതെന്തോ ഓര്‍ത്തെടുക്കുന്നപോലെ
തിരിച്ചുവരും...
പറഞ്ഞുവച്ചമാതിരിയാണെല്ലാം.
എന്നിട്ടും
ഒരിക്കല്‍
ചിരിച്ചുകൊണ്ടങ്ങ്‌
നടന്നുപോയി,
തിരിച്ചുവന്നില്ല.
കാത്തിരിപ്പിലാണിപ്പൊഴും.
വരുമായിരിക്കും.

Saturday, February 17, 2007

കേരളീയം

തെരുവില്‍ ഒരു പാട്ടുകാരന്‍
വാക്കുകളില്ലാതെ വായ്ത്താരി പാടുന്നു,
ചുണ്ടനക്കാതെ,
വാ തുറക്കാതെ.
വിരലുകളറ്റ കൈപ്പത്തി
ന്മുന്നിലെ തുകലുപൊട്ടിയ തബലയില്‍
ഓട്ടയില്ലാത്ത മുളന്തണ്ട്
മേല്‍ച്ചുണ്ടോട് ചേര്‍ത്ത് മറ്റൊരാള്‍
മുട്ടുകുത്തി നിലത്തിരിക്കുന്നൂ
കൈത്തണ്ടയില്ലാത്ത
മൃദംഗ വാദകന്‍.
പാട്ടിനൊപ്പിച്ച്, തല ചരിച്ചാട്ടി,
ആസ്വദിക്കുന്നു ഞാന്‍,
ചെകിട് കേള്‍ക്കാത്തവന്‍.

Tuesday, February 13, 2007

നൂല്‍പ്പാലം കടന്ന്

ഒന്നു തൊട്ടു ഞാനറിയട്ടെ നിന്നെ
എന്‍ നിഴലുപോലെ നീ വന്നുപോയെങ്കിലും
ഇവിടെ എന്റെയീ ഒറ്റമുറി വീട്ടിലെ
കനക്കുമുഷ്ണത്തില്‍ അറിവു ഞാന്‍ നിന്‍ തണല്‍
കുളിരു പെയ്യുന്ന പോലെ നിന്‍ ചിരികളില്‍
മുറിയിലെപ്പൊഴും കൊഴിയും ഡിസംബറും,
തൊടിയിലെവിടെയോ കൊന്ന പൂക്കുന്നതും,
ചെമ്പരത്തി കയ്യാട്ടി വിളിപ്പതും,
നിമിഷനേരം നിലക്കാതെ പെയ്യുന്ന പ്രണയമായി മഴ,
തോരാതെ നില്‍പ്പതും,
അറിവു ഞാന്‍ നിന്നില്‍, നിന്റെ തലോടലില്‍,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കടലിരമ്പം ഒളിപ്പിച്ചു നീ തന്ന ചിപ്പിയില്‍,
നിന്റെ പ്ലാസ്റ്റിക്‌ പൂക്കളില്‍,
പ്രണയവാക്യം കുറിക്കാന്‍ മറന്നു നീ
വച്ചുനീട്ടിയ പുസ്തകത്താളിലും
കണ്ടിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കാത്തിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും
നിഴലു പോലെ നീ മനസ്സിലുണ്ടെങ്കിലും..

Friday, February 02, 2007

കടലിനെ അറിയുന്നത്‌

കണ്ണ് കാണാത്തവന്‍
കരയ്ക്കും തിരയ്ക്കും
ഇടയിലൊരു വര വരച്ച് മാറി നില്‍ക്കും,
എവിടെയാണ്
കടല്‍ തുടങ്ങുന്നതെന്നറിയാന്‍.
ഓരോ തിരയും വന്ന്
വരകളെ മായ്ക്കുന്ന തണുപ്പില്‍
പിന്നിലേക്ക് മാറിപ്പോകും വീണ്ടും.
മനസ്സിലിട്ടവരയില്‍
മീന്‍ വന്ന് കൊത്തിയിട്ടും
ഒരു തിരയുടെയും തണുപ്പ്
വന്നതേയില്ല.
കടല്‍ എങ്ങും
തുടങ്ങുന്നേയില്ല.