Sunday, March 11, 2007

നിശബ്ദതയുടെ മൂന്ന് കവിതകള്‍

ഒന്ന്

വാക്കുകള്‍
ഉണങ്ങിക്കൊഴിഞ്ഞ്
കരിഞ്ഞു നില്‍ക്കുന്ന
മൌനം മാത്രമാകുന്നിടത്താണ്
സൌഹൃദങ്ങളുടെ
വന്‍ മരങ്ങള്‍
പിഴുതു വീഴുന്നത്

രണ്ട്

ആരും മിണ്ടാനില്ലാതെയാകുമ്പോള്‍
അവനവനോട്
പിന്നെ
മരങ്ങളോട്
ചെടികളോട്
കിളികളോട്
മൃഗങ്ങളോട്...
ആരോടും ഒന്നും പറയാനും
ആരും കേള്‍ക്കാനും
നില്‍ക്കാത്ത
നിശബ്ദതയില്‍
ഭൂമിയുടെ ഹൃദയമിടിപ്പുകള്‍...
ഒറ്റയാകുമ്പോഴത്തെ ശബ്ദമില്ലായ്മ
വെറും ആഗ്രഹം മാത്രമെന്ന്
തിരിച്ചറിയാതെങ്ങനെ?

മൂന്ന്

ആള്‍ക്കൂട്ടത്തില്‍
ആരും പറയുന്നതൊന്നും
തിരിയാതെ
പോക്കറ്റിലെ മൊബൈല്‍ പാട്ട്
കേള്‍ക്കാതെ
നടന്ന്
മുറിക്കുള്ളില്‍
ഫാന്‍ മുരള്‍ച്ചയിലേക്കോ
തണുപ്പിക്കുന്ന അലര്‍ച്ചയിലേക്കോ
എത്തുമ്പോഴാണ്
ഓര്‍ക്കുക;
എന്തൊരു നിശബ്ദതയായിരുന്നു ഇത്ര നേരവും.

14 comments:

aniyans said...

വാക്കുകള്‍
ഉണങ്ങിക്കൊഴിഞ്ഞ്
കരിഞ്ഞു നില്‍ക്കുന്ന
മൌനം മാത്രമാകുന്നിടത്താണ്
സൌഹൃദങ്ങളുടെ
വന്‍ മരങ്ങള്‍
പിഴുതു വീഴുന്നത്
നിശബ്ദതയെക്കുറിച്ച് 3 കവിതകള്‍..

പൊതുവാള് said...

അനിയന്‍സ്,
നന്നായിട്ടുണ്ട്.:)

എല്ലാവരും നിശ്ശബ്ദത കൊതിക്കുന്നുണ്ടെങ്കിലും ,ചിലപ്പോഴെങ്കിലും അത് അസ്വാസ്ഥ്യവും ഭീതിയും വിതയ്ക്കുമ്പോള്‍ നാമതിനെ അറിയാതെ വെറുത്തും പോകുന്നു.

സൌഹൃദങ്ങളുടെ വന്മരങ്ങളാട്ടെ, ഈരില വിരിഞ്ഞ കുരുന്നുകള്‍ പോലും വാടിപ്പോകുന്നതിനെക്കുറിച്ചുള്ള വ്യാകുലത വല്ലാതെ അലോസരപ്പെടുത്താറുമുണ്ട് പലപ്പോഴും.

കൈയൊപ്പ്‌ said...

‘ഒരു വാക്കെങ്കിലും പറയ്ക, മൌനം മരണമാകുന്നു’ എന്ന് എവിടെയോ വായിച്ചത്...

‘ഒന്ന്’ നന്നായി. രണ്ടും മൂന്നും ഒന്നിനോളം പോന്നില്ല.

വിഷ്ണു പ്രസാദ് said...

തണുപ്പിക്കുന്ന അലര്‍ച്ചയിലേക്ക്
എത്തുമ്പോഴാണ്
ഓര്‍ക്കുക;
എന്തൊരു നിശബ്ദതയായിരുന്നു ഇത്ര നേരവും.

ഇഷ്ട്മായി...കവിതകള്‍

vishak sankar said...

നിശ്ബ്ദത ഇരുളുപോലെ ഒരു തോന്നല്‍ മാത്രമാണ്.അതുകൊണ്ടാവാം അതിത്ര തീവ്രവും അസ്സഹനീയവുമാവുന്നത്.ജീവിച്ചിരിക്കുന്നു എന്നതു തന്നെ ഒരു തോന്നലായ് ചുരുങ്ങുന്ന പുതിയ കാലത്ത് ഈ നിശബ്ദത പല മാനങ്ങളില്‍ പ്രതിധ്വനിക്കുന്നു.
അനിയന്‍സ്..,നന്നായി കവിതകള്‍.

ലാപുട said...

ഇഷ്ടമായി,മൂന്നുകവിതകളും...
നിശ്ശബ്ദത ജീവിതത്തിന്റെ വിപരീതപദമല്ലാതാവുന്നതുകൊണ്ട്...

sandoz said...

വാക്കുകള്‍ക്കു കൊമ്പും ശിഖരവും വളര്‍ന്നു അറിയാ പ്രദേശങ്ങളിലേക്കു വളരുമ്പോഴും സൗഹൃദം തകരും എന്നു ആദ്യ കവിതയില്‍ കൂട്ടി വായിക്കാന്‍ ഒരാഗ്രഹം.

എല്ലാം ഇഷ്ടപ്പെട്ടു.

kumar © said...

നന്നായിട്ടുണ്ട്.
പക്ഷെ തുടത്തിലെ വരികളിലൊന്നില്‍ എന്റെ അനുഭവം തിരിച്ചാണ്.
സൌഹൃദങ്ങളുടെ മരം വീണുകഴിയുമ്പോഴാണ് മൌനം അവിടെ നിറയുക.

ഓരോരുത്തര്‍ക്കും ഓരോ വഴിയിലാണ് മൌനം.

വീണ്ടും കാണാം.

ഇത്തിരിവെട്ടം|Ithiri said...

അനിയന്‍സേ... നല്ല കവിത.

വാക്കുകള്‍
ഉണങ്ങിക്കൊഴിഞ്ഞ്
കരിഞ്ഞു നില്‍ക്കുന്ന
മൌനം മാത്രമാകുന്നിടത്താണ്
സൌഹൃദങ്ങളുടെ
വന്‍ മരങ്ങള്‍
പിഴുതു വീഴുന്നത്

ഇതിനോട് ഞാന്‍ കുറച്ചെങ്കിലും വിയോജിക്കുന്നു. സൌഹൃദങ്ങളുടെ ഊഷ്മളത നെഞ്ചിലേക്കൊഴുക്കാന്‍ വാക്കുകള്‍ വേണമെന്നില്ല... വാക്കുകള്‍ ഉണങ്ങിക്കൊഴഞ്ഞ മൌനത്തിനും അതിനാവും.

പൊന്നപ്പന്‍ - the Alien said...

മിണ്ടാണ്ടിരിക്കുമ്പോള്‍..എങ്ങനെ ഇല്ലാണ്ടാവുന്നു?

വല്ലാണ്ടിരിക്കുന്ന കല്ലു പോലെ,
ചൊല്ലൊട്ടുമില്ലാതെ, ചൂടും തണുപ്പുമേറ്റി,
മണ്ണില്‍ പുതഞ്ഞ മുരടന്‍ മുനയെത്തന്നെ മുഖമാക്കി,
മുഖമൊഴിച്ചെല്ലാം മഴയത്തും വഴിയത്തും മെഴുകി
ആരുമറിയാതെ വളരുന്നൊരു പ്രാണിപ്പുര..
വാക്കായില്ലെങ്കിലും തോറ്റു പോകാത്തൊരലര്‍ച്ച..
അതൊരു വളര്‍ച്ചയുടെ മുരള്‍ച്ചയല്ലേ..?

അല്ലാ.. മിണ്ടുമ്പോഴും ഞാന്‍ കല്ലല്ലേ..!

അനിയന്‍സ് അഥവാ അനു said...

പൊതുവാള്‍, എനിക്ക് തോന്നുന്നത് നിശബ്ദതയുടെ അസ്വസ്ഥത തന്നെയാണ് പലപ്പോഴും അതിന്റെ സുഖവും എന്നാണ്. നന്ദി വന്നതിനും വായിച്ചതിനും...

കൈയൊപ്പേ മൌനം മരണമാകുന്നതുപോലെ ചിലപ്പോള്‍ ജീവിതവുമാവാറില്ലേ? ഉണ്ടെന്ന തോന്നലായിരുന്നു രണ്ടും മൂന്നും കവിതകള്‍ക്ക് പിന്നില്‍.
അത് ചുള്ളിക്കാട് പറഞ്ഞതല്ലേ?
വിഷ്ണൂ നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിയുന്നതുതന്നെ സന്തോഷമാണ്. നന്ദി....

വിശാഖ്, അതെ, നിശബ്ദത ഒരു തോന്നല്‍ മാത്രം... ആ തോന്നല്‍ നമ്മുടെ മനസ്സിനനുസരിച്ച് വ്യാഖ്യാനിക്കാനാവുന്നതാണ് എന്ന് മാത്രമേ ഞാനും ഉദ്ദേശിച്ചുള്ളൂ... നിശബ്ദതയുടെ പല കാഴ്ചകള്‍ മാത്രം...

ലാപുട, നിശബ്ദത ജീവിതം തന്നെയാവുന്നു എന്ന് തോന്നിയപ്പോളാണ് ഈ മൂന്ന് കവിതകളും വന്നത്. നന്ദി...
സാന്‍ഡോസ്, വാക്കുകളുടെ അമിതത്വം തന്നെ ചിലപ്പോള്‍ നിശബ്ദതയായി വായിക്കപ്പെടാവുന്നതല്ലേ? ഒരുപാട് പറഞ്ഞിട്ടും ഒന്നും പറയാതിരിക്കുമ്പോള്‍ സൌഹൃദങ്ങള്‍ അവസാനിച്ചുപോയേക്കില്ലെ?
കുമാര്‍, ഓരോരുത്തര്‍ക്കും ഓരോ നിലയിലാണ് മൌനവും വാക്കുകളും പോലും എന്ന് ഞാനതിന്റെമേല്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തിക്കോട്ടേ?
ഇത്തിരിവെട്ടം... അത് സ്നേഹം മനസ്സില്‍ ഒരുപാടുള്ള താങ്കളെപ്പോലുള്ളവരുടെ കനിവ് മാത്രമാണോ എന്ന് ഒരു സംശയം.
പൊന്നപ്പാ ഈ വരവ് എനിക്കങ്ങ് ബോധിച്ചു... ഒത്തിരി നാളായി വരാതിരുന്നത് കവിതകള്‍ക്ക് മറുപടി കുറിക്കാന്‍ തക്ക യോഗ്യതയില്ലാഞ്ഞിട്ടാണോ? മിണ്ടിയാലും കല്ലാവാം, മിണ്ടാണ്ടിരുന്നാലും കല്ലാവാതെയുമാവാം. ല്ലേ?
നന്ദി വായിച്ചു മടങ്ങിയ എല്ലാര്‍ക്കും...

കൈയൊപ്പ്‌ said...

അനിയന്‍സേ

വീര്‍പ്പുമുട്ടലില്‍ മഞ്ഞളിച്ച മൌനം ജീവിതമാണെങ്കില്‍ അതെനിക്കു വേണ്ട! അനിയസിന്റെ കവിതകള്‍ എനിക്കാസ്വദിക്കാന്‍ കഴിയുന്നത് എന്റെ ജീവിതം കൊണ്ടാണു. രണ്ടു മാസം മുമ്പാണെങ്കില്‍ രണ്ടിനും മൂന്നിനുമൊപ്പമെത്തിയില്ല ഒന്ന് എന്ന് പറയുമായിരുന്നു. നന്ദി!

parajithan said...

അനു, മൂന്നാമത്തെ കവിത എന്റെ കൂടെ പോന്നു.

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷെ