Thursday, November 13, 2008

സ്വാതന്ത്ര്യം

ഒരു പുഴുവിന്
ആരുടെയുംകാലടിയില്‍പ്പെട്ട്
ചവിട്ടിയരക്കപ്പെടാതെ,
ഒരു സൈക്കിള്‍ ടയറിനാല്‍പ്പോലും
അരച്ചുതീര്‍ക്കപ്പെടാതെ
വഴിമുറിച്ചുകടക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.
ഒരു പക്ഷിക്ക്
വിമാനങ്ങളുടെയോ
വെടിയുണ്ടകളുടെയോ
ശബ്ദം കേള്‍ക്കാതെ
മരച്ചില്ലകളെ പ്രാപിച്ച്
ചിലച്ചുകൊണ്ടേയിരിക്കാന്
‍കഴിയുന്നിടത്താണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

ഒരു മനുഷ്യജീവിക്ക്
സ്വന്തം ശ്വാസത്തിന്റെ പോലും ശല്ല്യമില്ലാതെ
മരിക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

Friday, November 07, 2008

ഏകാന്തതേ എന്ന് ഞാന്‍ വിളിച്ചാല്‍...

ആരെങ്കിലും,
വെറും ഒരു നിഴലെങ്കിലും,
കൂടെയുണ്ടായിരുന്നെങ്കില്‍
എന്ന് കൊതിക്കും.
അപ്പോഴൊക്കെ
മനസ്സില്‍ വന്നുമൂടും
ഒറ്റപ്പെടലിന്റെ ഒരു കിതപ്പ്,
സ്വന്തം ശ്വാസനിശ്വാസങ്ങളുടെ
പേടിപ്പിക്കുന്ന മുഴക്കം.
എങ്കിലും
ചുറ്റിനും എല്ലാവരും
വന്നുകൂടുമ്പോള്‍
ചിരിക്കൂട്ടത്തിന്റെ നിശബ്ദതയില്‍
കൊതിച്ചുപോവും,
പണ്ടാരടങ്ങാന്‍...
ഇത്തിരീനേരം
ഒന്ന് ഒറ്റയായിരുന്നെങ്കില്‍...

Sunday, October 26, 2008

ഉറക്കം

ഉറക്കമില്ലാത്ത രാത്രികള്‍,
ആരെയോ കാത്തിരിക്കുന്ന
കിടക്ക,
പുകമണത്തില്‍
മണിക്കൂറുകള്‍
കൊഴിച്ചുകളയുമ്പോള്‍
സങ്കടത്തോടെ
തിരിച്ചറിയുന്നു.
ഇത്രനേരം
ഞാന്‍ ഉറങ്ങാതെ കാത്തിരുന്നത്
ഉറക്കത്തെത്തന്നെയാണല്ലോ.
ഇനി എപ്പോഴാണ്‍
ഈ കണ്ണുകളൊന്നടഞ്ഞു കിട്ടുക?

Wednesday, October 08, 2008

പറയാത്തവയും കേള്‍ക്കാത്തവയും

ഓരോ നാവിലുമുണ്ട്
പറയപ്പെടാതെ
കെട്ടിനിന്ന് കയ്ക്കുകയും
ചെടിക്കുകയും ചെയ്യുന്ന
കുറെയേറെ വാക്കുകള്‍.
പ്രണയമോ വെറുപ്പോ
സ്നേഹമോ കാപട്യമോ
ഒക്കെ ഒളിഞ്ഞിരിക്കുന്നവ.
എത്ര സ്വപ്നം കാണണം ഇനി
അതൊക്കെയൊന്ന് പറഞ്ഞുതീര്‍ക്കാന്‍?
എല്ലാ കാതുകളിലുമുണ്ടാവും
കേള്‍ക്കാതെപോയ വര്‍ത്തമാനങ്ങളുടെ
ഒരു മഹാശബ്ദത്തിന്റെ വിങ്ങല്‍.
തെറിയോ ചിരിയോ
പായാരമോ കുശുമ്പോ ഒക്കെയാവാം.
ഏതുലോകത്തിലെ ശ്രവണസഹായിയിലാണ്
ഇനി അതൊക്കെ തെളിഞ്ഞുവരിക?
എന്നാലും
ഇങ്ങനെയൊക്കെയങ്ങ്
ജീവിച്ചുപോകുന്നത്
പറയാത്തത് കേള്‍ക്കാനും
എഴുതാത്തത് വായിക്കാനും
ഒരാളുണ്ടാകാത്തതുകൊണ്ടാണല്ലോ
എന്ന് ആശ്വസിക്കാറുണ്ട് വല്ലപ്പോഴുമെങ്കിലും.

Thursday, October 02, 2008

വീടുമാറ്റം

ഒരു വീട്ടില്‍ നിന്നും
മറ്റൊന്നിലേക്ക് പോകുന്നതുപൊലെയല്ല
ഒരു പ്രണയത്തില്‍ നിന്നും
ഇനിയൊന്നിലേക്ക് മാറുന്നത്.
ഒരു വീട്ടുസാധനം പോലും പിന്തുടരാതെ
നമ്മള്‍ വീടുമാറിപ്പോകും.
ചുമടുകളൊന്നുമില്ലാതെ..
അതുപറ്റില്ല,
ഒരു പ്രണയത്തില്‍ നിന്നും
ഇറങ്ങിപ്പോകുമ്പോള്‍.
വിടാതെ പിന്തുടരും,
ഓര്‍മ്മകളുടെ ഭാരം.
എന്നാലും,
എല്ലാം ചുമന്നുകൊണ്ടായാലും
ഇറങ്ങിപ്പോവാറത പറ്റില്ലല്ലോ.

Monday, September 22, 2008

കാഴ്ചയുടെ അശാന്തി, ഓര്‍മ്മയുടെയും

കൊല്‍ക്കത്തയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുപാട് സഞ്ചരിച്ചിട്ടും ഞാന്‍ ഷോണാഗച്ഛിയില്‍ പോയിട്ടില്ല. ഒരു ചുവന്ന തെരുവ് കാണാന്‍ കഴിഞ്ഞിട്ടുമില്ല അവിടെ. പക്ഷേ കാണാറുണ്ടായിരുന്നു, എസ്സ്പ്ലനേഡില്‍ മെട്രോ സിനിമക്ക് മുന്നില്‍ ഓരോ ഷോ കഴിയുമ്പോഴും മുഖത്തെ പൌഡര്‍ മതിയോയെന്നും സാരി പുറത്ത് കാട്ടേണ്ടതെല്ലാം കാട്ടുന്നില്ലേ എന്നും ഉറപ്പുവരുത്തി കാത്തുനില്‍ക്കുന്ന സ്ത്രീ എല്ലാവരോടും ദേഷ്യത്തോടെ ചിരിക്കുന്നത്.
ജി.ബി.പന്ത് റോഡ് ദില്ലിയിലെ പച്ചനിറമുള്ള പഴയ ബസ്സിലിരുന്ന് കണ്ടിട്ടുണ്ട്. പക്ഷേ ഇറങ്ങിയിട്ടില്ല ഞാന്‍ അവിടെ. എങ്കിലും കണ്ടിട്ടുണ്ട് കൊണാട്ട് പ്ലേസിലും കരോള്‍ ബാഗിലും ആഡംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും കൈ കാണിക്കുന്ന നേപ്പാളി പെണ്‍കുട്ടികളെ, അവരുടെ ഇറുകിയ ഉടുപ്പുകളിലേക്ക് നോക്കി കൊതിയോടെ ഉള്ളിലുള്ളതെല്ലാം കണ്ടുനടക്കുന്ന വൃദ്ധരെയും ചെറുപ്പക്കാരെയും പിന്നെ എന്നെത്തന്നെയും.
തിരുവനന്തപുരത്ത് മ്യൂസിയത്തിന്റെ കവാടത്തിനു മുന്നില്‍ ഇടക്കൊക്കെ കാണുമായിരുന്നു, കസവ് സാരിയിലും ജീന്‍സിലുമൊക്കെ വന്ന് കണ്ണുകൊണ്ട് ചിരിക്കുന്ന സുന്ദരിയെ. ഓട്ടോ റിക്ഷക്കാരുടെയും വാച്ചറുടെയും പോലീസുകാരുടെയും അശ്ലീലതമാശകളില്‍ അവള്‍ ഗതികേടിന്റെ ചിരിയുമായി കൂട്ടുചേരുമ്പോള്‍ നാവ് ചൊറിഞ്ഞിട്ടുണ്ട്
ദുബായിലെ നാസര്‍ സ്ക്വയറിലും മുറക്കബാദിലും ‍ തടിച്ച ശരീരവും ധരിച്ചിട്ടുണ്ടെന്ന് തോന്നിക്കാത്ത വസ്ത്രവുമായി നടക്കുന്ന കസ്സാക്കിസ്ഥാനിലെയും റഷ്യയിലെയും വിപ്ലവത്തിന്റെ മണം വറ്റിയ മധ്യവയസ്കകളുടെ കൈയാംഗ്യങ്ങളിലും അംഗസമൃദ്ധിയിലും പ്രലോഭിപ്പിക്കപ്പെട്ടുവോ എന്ന് സംശയിച്ചിട്ടുണ്ട്.
അടുക്കളയില്‍ തീയൂതുന്ന വിയര്‍പ്പുഗന്ധത്തിന്റെ കണ്ണീരു ചുവയ്ക്കുന്ന സ്നേഹത്തിന്റെ ഓര്‍മ്മയില്‍, തീര്‍ന്നുപോയിട്ടുണ്ട് ആ കാഴ്ചകളുടെ മായികതകളത്രയും, പ്രലോഭനങ്ങളുടെ സുഗന്ധങ്ങളൊക്കെയും.

Tuesday, September 16, 2008

പ്രണയം ഒരു പഴഞ്ചരക്കാണ്

ഒരു വരിക്കും

വാക്കുകള്‍ക്കുമിടക്ക്

ഒളിച്ചിരിപ്പായിരുന്നു.

പൂവിനും മുള്ളിനുമിടക്ക്

കാത്തുനിന്നതായിരുന്നു.

എന്നിട്ടും

കവിതയിലേക്ക്

കടന്നിരുന്നില്ല.

അല്ലെങ്കിലും

പ്രണയം

ഒരു പഴഞ്ചരക്കാണെന്ന്

തിരിച്ചറിയാന്‍

ഒരു പഴയ കവിത

വായിച്ചാല്‍ പോരേ?

വെറുതെയെന്തിന്

മുള്ളുകൊണ്ട് മനസ്സ് മുറിക്കണം?

അവസാനിക്കാത്തവ

ഒരു നിലവിളിയില്‍
തീര്‍ന്നുപോകുന്നതാണ് വേദനയെങ്കില്‍
ഒരു തലോടലില്‍
അവസാനിക്കുന്നതാണ് സങ്കടങ്ങളെങ്കില്‍
ഒരു നെടുവീര്‍പ്പില്‍
ഒടുങ്ങുന്നതാണ് വിഷമങ്ങളെങ്കില്‍
ഒരു വെയിലിലും ഈ
മഴക്കാറുകള്‍ ഒടുങ്ങാത്തതെന്താണ്?
ഒരു സ്നേഹത്തിലും കഴിഞ്ഞുപോകാതെ
ഈ കരച്ചിലിന്റെ തിരകള്‍
മനസ്സിലേക്ക് പിന്നെയും
അടിച്ചുകയറുന്നതെന്തിനാണ്?

Thursday, September 04, 2008

കവി

ഒരു കവിത പോലും
വായിച്ചിട്ടില്ലാത്ത
അച്ഛനും മനസ്സുകൊണ്ട്
ഒരു കവിയാണ്.
അറുപത്തഞ്ചാം വയസ്സില്‍
തളര്‍ന്ന കാലുകളിലില്ലാത്ത ബലം
മകന്റെ കൈകളില്‍ കണ്ട്
പിച്ച നടക്കുമ്പോള്‍
ഓടിക്കളിക്കുന്ന രണ്ടുവയസ്സുകാരനോട്
ആ കവി പറഞ്ഞതിങ്ങനെ.
മുത്തച്ഛന്‍ ഇപ്പോ നിന്റെ അച്ഛന്റെ
കുഞ്ഞായിരിക്കുന്നു.
ആ കവിത ആരും എഴുതിവച്ചിട്ടില്ലെന്ന്
അച്ഛന്‍ സങ്കടപ്പെട്ടതേയില്ല.

Saturday, April 26, 2008

വാക്ക്

മൌനമാണെന്റെ വാക്ക്

പറയാനുള്ളതും

മറന്നുവച്ചതും

പറയാതെപോയതുമെല്ലാം

അതിലുണ്ട്,

ഒറ്റവാക്കില്‍

എല്ലാം പറഞ്ഞുതീര്‍ക്കും.

ആരോടും ഒന്നും പറയാനില്ലാതെയായാല്‍

ഞാന്‍ ശബ്ദിച്ചു തുടങ്ങും.

ആ അര്‍ത്ഥമില്ലായ്മയില്‍ നിന്നും എന്നെ

അറിയാന്‍ നോക്കിയാല്‍

തോറ്റുപോവുകയേയുള്ളൂ നീ.

ഇനിയെങ്കിലും എന്റെ മൌനത്തെ

കേള്‍ക്കാന്‍ പഠിക്കണം,

ഇല്ലെങ്കില്‍ നീ എന്നെ അറിയുകയേയില്ല...

Monday, March 03, 2008

കൂട്ടിരിപ്പ്

എവിടെയുമാകാം,

ഒറ്റക്കൊരു പെണ്‍കുട്ടിയുടെ

വിയര്‍പ്പ് കലരുന്ന സ്വപ്നങ്ങള്‍ക്ക്...

വല്ലാത്ത തിരക്കിലും,

ഓട്ടം നിര്‍ത്തി,

ഒരേയൊരാള്‍ക്കായി കാത്തുകിടക്കുന്ന

വണ്ടിക്കുള്ളില്‍ ഒറ്റയാണെന്ന്

ഉഷ്ണിക്കുന്ന ഡ്രൈവര്‍ക്ക്...

കിടപ്പുമുറിയില്‍

അവസാനത്തെ പെയ്തൊഴിയലിന്റെ

വരളുന്ന ശൈത്യത്തില്‍

നിലവിളിച്ചുപോകുന്ന ഇണകള്‍ക്ക്...

ആശുപത്രിമുറിയില്‍ സന്ദര്‍ശകരും

രോഗിയുമില്ലാത്തപ്പോഴത്തെ

ഏകാന്തതക്ക്...

അവനവനു കൂട്ടിരിക്കുന്നവന്റെ

നിസ്സഹായതയിലാണ്

പെരുമഴകള്‍ പെയ്തുകൊണ്ടിരിക്കുന്നത്.

Sunday, March 02, 2008

വിവാഹാനന്തരം

രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍
തീര്‍ച്ചയായും ഉണ്ടായിവരും,
പുതിയൊരു വന്‍കര,
എപ്പോഴും തണുപ്പിക്കുന്ന
ഒരു കാറ്റ്,
സ്വപ്നങ്ങളില്‍ മാത്രം
കാണുന്ന ഒരേയൊരു ആകാശം.
(രണ്ടുപേര്‍ക്കുമായി ഒന്നേയൊന്ന്‍.)

രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോള്‍
ഉണ്ടായിവരും
എപ്പോഴും യുദ്ധം ചെയ്യുന്ന
രണ്ട് അയല്‍നാടുകള്‍,
കൂട്ടിക്കെട്ടുമ്പോഴേ പൊട്ടിപ്പോകുന്ന
പട്ടച്ചരടിന്റെ രണ്ടറ്റങ്ങള്‍.
എങ്ങനെയാണ് പ്രിയേ നമ്മള്‍
കൂടിച്ചേരുമ്പോള്‍
ആകാശം പിളര്‍ന്നുപോകുന്നത്?

Saturday, March 01, 2008

വയസ്സാവാതിരിക്കാന്‍.

മഞ്ഞത്തോ മഴയത്തോ

വെയിലത്തോ കാറ്റത്തോ

പുറത്തിറങ്ങരുതെന്ന്,

നടക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും

രണ്ട് വയസ്സുകാരനു പിന്നാലെ

കുതിക്കുമ്പോഴും

ഒന്ന് സൂക്ഷിച്ചേക്കണേയെന്ന്,

അങ്ങനെയങ്ങനെ ...

ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്,

പെട്ടെന്ന് ദേഷ്യം വരുന്നെന്ന്,

മധുരവും ഉപ്പും

മസാലയും മുളകും കുറക്കണമെന്ന്...

വാക്കുകളില്‍ പഴയ മുഴക്കമില്ലെന്ന്,

സ്നേഹത്തിന് മുന്‍പത്തെയത്ര

സ്നേഹമില്ലെന്ന്....

മുടികള്‍ക്കിടയിലിരുന്ന്

ഇത്രയൊക്കെ പറഞ്ഞവന്‍

ഒറ്റവലിക്ക് അവസാനിപ്പിച്ചുകളഞ്ഞു

അവന്റെ വെളുത്ത ജീവിതം.

Friday, January 18, 2008

ജീവിതത്തിന്റെ സ്വിച്ചില്‍ ഒരു ടച്ചോ കളി

സ്കൂളിലേക്കുള്ള വഴിയിലും
തിരിച്ചും
ടച്ചോ
എന്ന് പറയും കൂട്ടുകാര്‍.
അഹല്യയെപ്പോലെ
ഏതെങ്കിലും
ഒരു രാമന്റെ സ്പര്‍ശത്തിനു
കാത്ത്
കല്ലിനെപ്പോലെ നില്‍ക്കണം പിന്നീട്.
തൊട്ടാവാടിയില്‍
ചവിട്ടി നില്‍ക്കുമ്പോള്‍
ടച്ചോ പറഞ്ഞവനായിരുന്നു
ജീവിതത്തിലെ ആദ്യത്തെ ശത്രു.
അന്ന് മോചിപ്പിച്ചവള്‍
പിന്നീടൊരിക്കല്‍
അസ്സംബ്ലിയില്‍ എത്തും മുന്‍പ്
ടച്ചോ പറഞ്ഞ്
നിശ്ചലനാക്കി.
കയ്യില്‍ ചൂരലിന്റെ നോവ്
പടര്‍ന്നപ്പോള്‍
അവളുടെ മുഖത്ത് രണ്ടാം ശത്രുവിനെ കണ്ടു.
ഇപ്പോള്‍
പരാതികളുടെ കറുത്ത മുഖങ്ങള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള്‍
ജീവിതത്തിന് ടച്ചോ പറയാന്‍
കൂട്ടുകാരെ തേടും മനസ്സ്.
സ്വിച്ചിടുമ്പോലെ
മനസ്സിനെ നിശ്ചലമാക്കാന്‍
സ്നേഹമുള്ള ശത്രുക്കള്‍
ആരും ഇതുവഴി വരുന്നേയില്ലല്ലോ.