Friday, December 21, 2007

നഗരമേ, നരകമേ..

നഗരമേ നരകമേയെന്ന്
പരിഹസിക്കാതെ
വിടപറഞ്ഞിട്ടില്ല
ഒരു നഗരത്തില്‍ നിന്നും.
എല്ലായിടത്തുമുണ്ടായിരുന്നു
പ്രണയത്തിന്റെ ഒരു കടല്‍,
സൌഹൃദങ്ങളുടെ ആകാശം,
ഉടമത്തത്തിന്റെ
ഭാരമുള്ള ഒരു തണല്‍.
എങ്കിലും
ജീവിതത്തിന്റെ ഒരു
ചെറിയ കാറ്റ്,
വീശുമ്പോഴെല്ലാം
വരണ്ടുപോയതുകൊണ്ടാണ്
വിലാപങ്ങളൊന്നുമില്ലാതെ യാത്ര പറഞ്ഞത്.
പുതുതായി വരുന്നവരോട്
ചിരിച്ചുനില്‍ക്കുകയായിരുന്നു
നഗരങ്ങളെല്ലാം.
അവരും മടങ്ങിയിട്ടുണ്ടാകും,
നരകമേ, നരകമേ എന്ന്
പരിഹസിച്ചുതന്നെ.

Thursday, December 13, 2007

മറവിയുടെ പുസ്തകം

മറന്നുപോയി
എന്നേ പറയാന്‍
പറ്റിയുള്ളൂ.
എന്തൊക്കെയാണു
മറന്നുപോയതെന്ന്
മറ്റാരെങ്കിലുമൊക്കെ ഓര്‍മ്മിപ്പിക്കും.
ബസ് സ്റ്റോപ്പിലുപേക്ഷിച്ച
നിലയില്‍ ഭാര്യയും കുഞ്ഞും,
വഴിയിലെവിടെയോ
മറന്നുവച്ച ബൈക്ക്,
എവിടെയെന്നറിയാത്ത നിലയില്‍
വീടിന്റെ താക്കോല്‍,
അമ്മ
വാങ്ങാന്‍ മറക്കല്ലേ എന്നെഴുതിത്തന്ന കുറിപ്പ്,
ചങ്ങാതിയുടെ
രാത്രിക്ഷണം.
ഇനി എഴുതണം
മറവിയുടേതായൊരു
പുസ്തകമെന്നുണ്ട്.
ഓര്‍മ്മിപ്പിക്കാമോ ആരെങ്കിലുമൊക്കെ?

Friday, November 16, 2007

അന്യോന്യം

ടാര്‍നിലത്തെ
കറുത്തുണങ്ങിയ ചോര
കണ്ടാല്‍
ചങ്ങാതീ
നിന്നെയാണോര്‍മ്മ വരിക.
മരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
നീ മുന്നില്‍
കാണുന്ന മുഖം
എന്റേതാവാതെ
വയ്യല്ല്ലോ.
എങ്കിലും ഇനി കാണുമ്പോള്‍
പതിവുള്ള ആ ചിരി
നാം വേണ്ടെന്നുവയ്ക്കരുത്.

Tuesday, November 13, 2007

ഒരേ കടല്‍... തിരയും

ഇറങ്ങിപ്പോയിട്ട്തിരിച്ചുവരുന്നത്

വേറൊരു കടലെന്ന്...,
വെറുമൊരു തിരയെന്ന്...
ഓരോ തിരയും
ഓരോ കടലെന്ന്..
ഇക്കാണായ കടല്‍ മുഴുവന്‍
ഒരൊറ്റ തിരയെന്ന്,
ഇത്ര വലിയൊരു കടലിനെ
പറയുമ്പോലെ
എത്രയൊക്കെ പറയാം
ഒരു നിമിഷം
കണ്ടുമറഞ്ഞുവെന്ന്
കരുതിപ്പോയ
വെറുമൊരു
തിരയെപ്പറ്റിയും...

Saturday, November 03, 2007

എലിയും പൂച്ചയും


സത്യം,

നേരം പോക്കിന്

തട്ടിക്കളിക്കാന്‍ ഒരു

കളിപ്പാട്ടം മാത്രമേ ചോദിച്ചിട്ടുള്ളൂ നീ.

കൈയിലിരുന്ന

ജീവിതത്തെ

നിനക്കു മുന്നിലേക്ക്

ഇട്ടുതന്നപ്പോള്‍

എലിയെയും പൂച്ചയെയുമെങ്കിലും

ഓര്‍ക്കാമായിരുന്നു

എനിക്ക്.

ഇനി,

അവസാനശ്വാസം വരെ,

ഇങ്ങനെ ഒരു നഖപ്പാടില്‍ നിന്ന്

മറ്റൊന്നിലേക്ക്

മാറിക്കൊണ്ടേയിരിക്കാം.

നിലവിളിക്കുമ്പോള്‍

നിന്റെ ചിരിയെക്കാള്‍

ഉച്ചത്തിലാകാതെ

നോക്കാം.

Tuesday, October 23, 2007

മെയില്‍ ഡെലിവറി ഫെയില്‍ഡ്

എനിക്കറിയാം,

ഇല്ലാത്ത വിലാസത്തിലേക്കാണ്

ദിനവും

എന്റെ സന്ദേശങ്ങള്‍

യാത്രാമൊഴിയില്ലാതെ

വിടപറയുന്നത്,

എന്നെങ്കിലുമൊരിക്കല്‍

പരാജയപ്പെട്ടവയായി

തിരിച്ചെത്താന്‍

വിയര്‍പ്പുമണവും

മുഷിഞ്ഞ ലക്കോട്ടില്‍

അറിയാദേശങ്ങളുടെ

ഉണങ്ങാത്ത മഷിയും

ഒന്നുമില്ലാതെ

നഗ്നരായിട്ടാണെങ്കിലും

അവ മടങ്ങിയെത്തും.

താണ്ടിയ ദൂരങ്ങളുടെ അടയാളം

തിരഞ്ഞാലും കണ്ടുകിട്ടില്ല.

തിരക്കേറിയവരുടെ ലോകത്ത്

ഒറ്റയാനാകുന്നവന്

മറുകുറിപ്പുകളല്ല,

തോല്‍ വിയടഞ്ഞ സന്ദേശങ്ങളാവണം

കാത്തിരിപ്പിന്റെ പുതിയ വാതില്‍.

Monday, October 22, 2007

വിരാമം (ഒരിക്കലും പൂര്‍ത്തിയാവാത്തത്)


പറഞ്ഞു തീരുമ്പോള്‍
മുറിവിനെക്കുറിച്ചാവും
പ്രണയത്തില്‍ തുടങ്ങുന്ന
കാലമൊക്കെയും.
ഇനിയില്ലെന്ന് പറയും
പേനയും മനസ്സും
ഓരോ തുടക്കത്തിലും.
വരികളൊടുങ്ങുമ്പോള്‍
കിനിഞ്ഞിറങ്ങുന്ന
കണ്ണീര്‍ച്ചാലും പറയും
ഇത് ഒടുക്കത്തേതെന്ന്.
എങ്കിലും
പുതുമഴയില്‍
മുളപൊട്ടാതെ വയ്യല്ലോ
പുല്‍നാമ്പിനും മനസ്സിനും...

Sunday, September 30, 2007

മൃതം

ശ്മശാനങ്ങളോട്‌
പ്രണയമാണെനിക്ക്‌
ഉള്ള്‌ കാണാത്ത
മുനിയറകളില്‍ നിന്നോ
നന്നങ്ങാടികളില്‍ നിന്നോ
വേണം
വിയര്‍പ്പിലും വിശപ്പിലും
നിലവിളിക്കാതെ
എന്റെ പ്രണയത്തിന്റെ സന്താനങ്ങള്‍
ഇറങ്ങിവരാന്‍

മൂന്ന് കവിതക്കുഞ്ഞുങ്ങള്‍

ഒന്ന്

പ്രണയിച്ച് മരിക്കണോ
മരിച്ചു പ്രണയിക്കണോ
എന്ന് ചിന്തിച്ച്
വശം കെട്ടപ്പോള്‍
കാമുകി പറഞ്ഞു,
നമുക്ക് കല്ല്യാണം കഴിക്കാം.
ഇത്രക്കെളുപ്പമായിരുന്നല്ലോ
ഇത് രണ്ടുമെന്ന് അങ്ങനെയറിഞ്ഞു.

രണ്ട്
എഴുതാനിരിക്കുന്നവന്‍
വാക്കുകള്‍ മറക്കുന്നതുപോലെ
സ്വാഭാവികമായങ്ങ്
മറന്നുപോയെങ്കില്‍
ഈ നശിച്ച ജീവിതത്തെയുമെന്ന്
കൊതിക്കുമ്പോഴൊക്കെ
ഓര്‍മ്മവരും
കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ള
കടക്കണക്കുകളും
അതും ചുമന്നുള്ള വല്ലാത്തൊരു
ജീവിതവും.
മരിച്ചാലും മറക്കില്ല ഞാനെന്ന്
ഒരുപകാരിയുടെയും
ശവത്തില്‍ നോക്കി പറയേണ്ടി
വന്നില്ലല്ലോ എന്ന്
ഒരു സങ്കടം ബാക്കി.

മൂന്ന്

എങ്ങോട്ടെങ്കിലും തിരിയാതെ,
വഴി തെറ്റാതെ,
ഒറ്റ നടപ്പ് വേണമെന്ന്
ചിന്തിക്കുമ്പോള്‍ വന്നു നില്‍ക്കും
മുന്നില്‍
ഒരു കൂട്ടുകാരന്റെ വണ്ടി,
ബാറെന്ന് മുഖത്തുനോക്കി
ചിരിക്കുന്ന ബോര്‍ഡ്,
തുണിയുരിയാതെ
നഗ്നയാവുന്ന ഒരു അപരിചിത.
ഇനി എങ്ങനെയാണെന്റെ
കര്‍ത്താവേ,
ഞാന്‍ എന്നെയൊന്ന് നന്നാക്കുക?

Wednesday, August 08, 2007

കടംവീട്ടല്‍

നിലാവിന്റെ അവസാനത്തെ തുള്ളിയിലാണ്
അത് കണ്ടെത്തിയത്.
ഒടുക്കത്തെ കാലടയാളങ്ങള്‍...
അവയില്‍ ചവിട്ടി
അളവിട്ടപോലെ നടന്ന്
മരണത്തിലേക്ക് കണ്ണടച്ചുപിടിക്കുമ്പോള്‍
രക്തസ്നാനത്തിന്റെ വിളച്ചിലുകള്‍.
ഇലഞരമ്പ് പിടക്കുന്ന ശബ്ദത്തിനിടയില്‍
ഒരു കടം വീട്ടിത്തീര്‍ത്തു.
പിന്നാലെ പാഞ്ഞുവന്ന
മഴപ്പേര്‍ത്തില്‍ അവസാനിച്ചിരുന്നു
ആ കാല്പാടുകളെങ്കില്‍
എന്റെ പൊന്നു ചങ്ങാതീ,
എങ്ങനെ തീര്‍ക്കുമായിരുന്നു ഞാന്‍
വാക്ക് പുഷ്പിക്കാത്ത കാലത്ത്
നീ വായ്പ തന്ന
കണ്ണീരിന്റെ ഉപ്പുപിടിച്ച
വായ്ക്കരിക്കടം?
ചിരിച്ചു തീര്‍ക്കാമല്ലോ
ഇനി,
പങ്കുചോദിച്ചു വരാന്‍
നീയില്ലാത്ത തമാശകളെ.
ഒറ്റയാകുമ്പോള്‍ ഓര്‍മ്മയുണ്ടാവുമോ അതൊക്കെയെന്ന്
ജീവിതത്തോട് പരാതി
പറയേണ്ടി വരാതിരുന്നാല്‍
മതിയായിരുന്നു.

ഒരു അരാഷ്ട്രീയ കവിത

അന്ന്
ഒറ്റമുറിയാണ്
വീടെന്ന് വിളിക്കണം,
പിഴിഞ്ഞുണക്കിവേണം ഉടുക്കാന്‍,
ഉറങ്ങാനും.
ഉണ്ണാന്‍ വറ്റ്കാണില്ല
ചാണകനിലത്തൂന്ന് ചിക്കിപ്പെറുക്കണം
പറഞ്ഞു തീര്‍ക്കും മുന്‍പ്
തട്ടിപ്പറിച്ച് ചിരിച്ചു,
പകുത്തെടുക്കാം നമുക്ക്,
ജീവിതത്തെ.
ഇന്ന്
ഒന്നും മതിയാവുന്നില്ല.
ശൈത്യത്തിനു തണുപ്പും
ചായക്ക് ചൂടും,
ഉടുതുണികള്‍ക്ക് അലമാരയും ഒന്നും.
പകുത്തെടുക്കുമ്പോള്‍
പറയാന്‍ മറന്നുപോയി
ഒരു പകുതി എനിക്ക്
ബാക്കി വയ്ക്കണേ എന്ന്.
കണക്കുപുസ്തകത്തിലെ
കീറിപ്പറിഞ്ഞ താള്‍ മാത്രമായി
എനിക്കെന്തിന്?

Wednesday, June 06, 2007

വഞ്ചനയുടെ ഒടുക്കം


ചതിക്കപ്പെട്ട മേഘത്തിന്റെ
കണ്ണീരായാണ്
ആദ്യത്തെ മഴത്തുള്ളി
വീണത്,
ഭൂമി തണുത്ത് ചിരിച്ചു.
മറന്നു തുടങ്ങിയ പ്രണയത്തിന്റെ
ഒടുവിലത്തെ വരി
കണ്ണ് നിറച്ച് നിലത്തേക്കൊഴുകി.
വല്ലാതെ പൊള്ളിപ്പൊങ്ങി
മണ്ണാകെയും.
ഒരു നിമിഷത്തേക്ക് ചുട്ടുപൊള്ളുന്ന
വാക്കിലാവും
എല്ലാ പ്രണയത്തിന്റെയും ഒടുക്കം,
ഒരു നെടുവീര്‍പ്പിന്റെ
കുളിര്‍മ്മയില്‍
തീരണം ഈ ലോകത്തിന്റെ
വഞ്ചന മുഴുവനും.

Wednesday, May 23, 2007

അവസരവാദി

ആരുമില്ലെന്ന് തോന്നുമ്പോഴാണ്
ഓരോരോ വിചാരങ്ങള്‍...
തൊട്ടുമുന്നിലെ വണ്ടിയുടെ
വേഗത്തില്‍
ഇളകുന്ന
തുണി നിമിഷനേരം കാണിച്ചുതരുന്ന
നഗ്നതയെപ്പോലും കാമിച്ചു പോകുന്നത്,
സ്നേഹത്തിന്റെ നെഞ്ചൊട്ടിക്കിടക്കുമ്പോള്‍
ഓര്‍ക്കുകയേയില്ല
വൃത്തികെട്ടവന്‍,
അവസരവാദി.

ആരുമില്ലെന്ന് തോന്നുമ്പോഴാണ്
ഓരോരോ വിചാരങ്ങള്‍...

വെറുതെ മനസ്സില്‍
കയറിയിറങ്ങുന്ന
ഒരു കയര്‍ക്കുടുക്കിന്റെ
നിശബ്ദതയെപ്പോലും
പ്രണയിച്ചുപോകുന്നത്
തന്ത്രപൂര്‍വം മറന്നുകളയും
ഒരാള്‍ക്കൂട്ടത്തിനു നടുവിലെത്തുമ്പോള്‍
ചതിയന്‍,
അവസരവാദി.

Saturday, April 28, 2007

പുസ്തക പ്രകാശനം കൊച്ചിയില്‍

പ്രിയസുഹൃത്തുക്കളേ,
ഇല ബുക്സ് പ്രസിദ്ധീകരിച്ച യാത്രാപുസ്തകത്തില്‍ ചില അപരിചിതര്‍ എന്ന എന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം കൊച്ചി സരിത സവിതയുടെ എതിര്‍ ഭാഗത്തെ കുര്യന്‍ ടവേഴ്സീലുള്ള ഇല ബുക്സില്‍ നടക്കുന്നു. ഏപ്രില്‍ 30ന് വൈകിട്ട് 5..30നാണ് സംഭവം. ശ്രീ.. വി ആര്‍. കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കി ബിനുരാജ് തയ്യാറാക്കിയ ലിവിംഗ് ലെജെന്‍ഡ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും അതോടൊപ്പം നടക്കും. പ്രൊഫ. എം.കെ.സാനു, സന്തോഷ് ഏച്ചിക്കാനം, ടി. കലാധരന്‍, ഗോപന്‍,, വി.എം.ഗിരിജ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങ് വിജയമാക്കാന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ
അനു എന്ന അനിയന്‍സ്

Monday, April 23, 2007

സന്ദേശം

ചൂടേ ഇല്ലായിരുന്നു,
ആദ്യത്തെ മഴത്തുള്ളി
വീണപ്പോള്‍.
കാറ്റ് മാത്രം,
മിണ്ടാപ്പൂതം പോലെ വന്നിട്ട്
ഒറ്റയലര്‍ച്ചയില്‍ മരങ്ങളെ
ഞെട്ടിച്ചു,
വന്നപോലെപോയി.
മഴക്കാറ് കണ്ടേയില്ല,
ആദ്യത്തെ മഴത്തുള്ളി
വീണപ്പോള്‍,
എന്നിട്ടും അവസാനത്തെ
മേഘസന്ദേശം
മഴവെള്ളത്തില്‍ കുതിര്‍ന്നാണ്
ലക്ഷ്യം കാണാതെ അവസാനിച്ചത്.
വെയില്‍ മാറാഞ്ഞ്
പീലിവിടര്‍ത്താന്‍
അവസരം കിട്ടാഞ്ഞ
മയിലുകളിലാണ്
മയൂര സന്ദേശം ഒടുങ്ങിപ്പോയത്.
വെയിലിലും മഴയിലും
പരിക്കേല്‍ക്കാതെ
പായുന്ന
ഇലക്ട്രോണിക് സന്ദേശങ്ങളിലും
വിരഹദു‌:ഖം മാത്രമേയുള്ളൂ.
പ്രണയം
കാണാനേയില്ല.

Sunday, March 25, 2007

മറവിയുടെ ഓര്‍മ്മപ്പുസ്തകം

ആഗ്രയില്‍ താജ് മഹലിനു മുന്നില്‍ കാമറയുടെ ഫ്ലാഷ് മിന്നിത്തീര്‍ന്നപ്പോള്‍ ചുമലില്‍ നിന്ന് കൈയെടുത്ത് അഞ്ജലി ഗോയല്‍ ചോദിച്ചു.
ഞാനില്ലായിരുന്നെങ്കില്‍ നീ എന്ത് ചെയ്യുമായിരുന്നു? ഞാന്‍ ഇല്ലാതായാല്‍ നീ എന്താണ് ചെയ്യുക?
ചോദ്യത്തിന് ഉത്തരം പറയാതെ ജഗ് ജിത് സിംഗിന്റെ വരികളില്‍ അഭയം തേടി.
താജ് മഹല്‍ മേം ഏക് ഹീ കമീ ഥീ
ഹം നേ തേരേ തസ് വീര്‍ ലഗായാ
രണ്ടാളും ഉറക്കെ ചിരിച്ചപ്പോള്‍ തൊട്ടടുത്ത് കൂടി നടക്കുകയായിരുന്ന രണ്ട് വിദേശികള്‍ അതില്‍ പങ്ക് ചേര്‍ന്നുകൊണ്ട് നടന്നു. കാരണമറിയാതെ, ഒരു ചെലവുമില്ലാത്ത ഒരു ചിരി അവര്‍ പങ്കിട്ടെടുത്തു.

******
ബേലൂര്‍ മഠത്തിലെ നിശബ്ദതയില്‍ വച്ചാണോ വിക് ടോറിയ മെമ്മോറിയലിനു മുന്നിലെ പുല്‍ത്തകിടിയില്‍ മഞ്ഞുതുള്ളികള്‍ക്കു മേല്‍ പരസ്പരം തൊട്ടിരിക്കുമ്പോഴാണോ എന്നോര്‍മ്മയില്ല, സുനിപ സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞു. “നിന്റെ പ്രണയം ഇല്ലാതാകുന്ന നിമിഷം എന്നില്‍ ശ്വാസം അവശേഷിക്കുണ്ടാവുന്നില്ല. നിന്റെ സ്പര്‍ശം എന്റെ ഹൃദയത്തില്‍ ഇല്ലാതായാല്‍ അതിന് മിടിക്കാനാവില്ല.“

മനസ്സിന് കുളിര്‍മ്മയേറ്റുന്ന പ്രണയ വാക്യങ്ങളുടെ സുഖ ശീതളിമയിലിരുന്നുകൊണ്ടുതന്നെ വെറുതെ രണ്ട് വരികളോര്‍ത്ത് പറഞ്ഞു.
മജ് ബൂരീ കേ മൌസം മേം ഭീ
ജീനാ പഡ് താ ഹൈ
നിനക്കൊന്നും മനസ്സിലാവില്ലെന്ന് അവള്‍ മുഖം വീര്‍പ്പിച്ചു. ചിരിച്ചുകൊണ്ടുള്ള ക്ഷമ ചോദിക്കലിന്റെ കീഴടങ്ങലില്‍ ഒരു സന്ധ്യ അവസാനിച്ചു.
******
ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് ജട്ടിയില്‍ ഒരു യാത്രയയപ്പിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അന്നാ മരിയ പറഞ്ഞു. “എന്തോ നീ തിരിച്ചുവരില്ലെന്ന് എനിക്കിപ്പോ തോന്നുന്നു. വരാന്‍ പാടില്ലെന്ന് നിന്നോട് ആരൊക്കെയോ ആവശ്യപ്പെടുന്നതുപോലെ. ഒരുപക്ഷേ അത് ഞാന്‍ തന്നെയാവാം.” മനസ്സിലാകായ്കയുടെ ഞെട്ടല്‍ നിശബ്ദതയുടെ ഒരു നീണ്ട ഇടവേളയാണ് സൃഷ്ടിച്ച് നല്‍കിയത്.ഒരു സിനിമാക്കവിതയിലൂടെ ഞാന്‍ അതിനെ ഭേദിച്ചുകളഞ്ഞു.
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണ്
പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നില്‍ അലിയുന്നതേ നിത്യ സത്യം.

*****
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരോള്‍ ബാഗിലെ ഇടുങ്ങിയ ഗലിയിലൂടെ ഒരു ഫ്ലാറ്റിലേക്ക് അഞ്ജലി ഗുപ്ത സ്വാഗതമേകി. അപ്പോള്‍ അവള്‍ പത്ര പ്രവര്‍ത്തകയായിരുന്നില്ല. “വെയര്‍ ആര്‍ യു ദീസ് ഡേയ്സ് മാന്‍?” തന്റെ പതുപതുത്ത കൈ പിന്‍ വലിക്കാതെ അവള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ അകത്ത് ഒരു കുഞ്ഞ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കരച്ചില്‍ തുടങ്ങിയിരുന്നു.

*****
രബീന്ദ്ര സദന്റെ പടികളിരുന്ന് താഴെ നിലത്തേക്ക് നോക്കി സുനിപ സര്‍ക്കാര്‍ പറഞ്ഞു. “ നമുക്ക് പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ. എന്താണിങ്ങനെയെന്ന് മാസങ്ങള്‍ ചിന്തിച്ചിട്ടും പിടികിട്ടുന്നുമില്ല”.
തിരിച്ച് പറയാനോങ്ങിയ വാക്കുകളെ തടഞ്ഞുകൊണ്ട് അവള്‍ കൂട്ടിച്ചേര്‍ത്തു. “പരസ്പരം യോജിക്കാത്തവയെ ഇനിയും നാം കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം. നല്ല സുഹൃത്തുക്കളായിരിക്കാം.” പണ്ടെന്നോ കണ്ട ഒരു സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതറിയുമ്പോഴേക്കും അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങിയിരുന്നു.
*****
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിറങ്ങുമ്പോള്‍ അന്നയുടെ മമ്മയുണ്ടായിരുന്നു അവിടെ. ഒരുകല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മമ്മ പറഞ്ഞു. “അവള്‍ക്കുറപ്പുണ്ടായിരുന്നു നീ വരുമെന്ന്. പക്ഷേ കാത്തിരിക്കാന്‍ അവള്‍ക്ക് മനസ്സുണ്ടായിരുന്നില്ല.”

Sunday, March 11, 2007

നിശബ്ദതയുടെ മൂന്ന് കവിതകള്‍

ഒന്ന്

വാക്കുകള്‍
ഉണങ്ങിക്കൊഴിഞ്ഞ്
കരിഞ്ഞു നില്‍ക്കുന്ന
മൌനം മാത്രമാകുന്നിടത്താണ്
സൌഹൃദങ്ങളുടെ
വന്‍ മരങ്ങള്‍
പിഴുതു വീഴുന്നത്

രണ്ട്

ആരും മിണ്ടാനില്ലാതെയാകുമ്പോള്‍
അവനവനോട്
പിന്നെ
മരങ്ങളോട്
ചെടികളോട്
കിളികളോട്
മൃഗങ്ങളോട്...
ആരോടും ഒന്നും പറയാനും
ആരും കേള്‍ക്കാനും
നില്‍ക്കാത്ത
നിശബ്ദതയില്‍
ഭൂമിയുടെ ഹൃദയമിടിപ്പുകള്‍...
ഒറ്റയാകുമ്പോഴത്തെ ശബ്ദമില്ലായ്മ
വെറും ആഗ്രഹം മാത്രമെന്ന്
തിരിച്ചറിയാതെങ്ങനെ?

മൂന്ന്

ആള്‍ക്കൂട്ടത്തില്‍
ആരും പറയുന്നതൊന്നും
തിരിയാതെ
പോക്കറ്റിലെ മൊബൈല്‍ പാട്ട്
കേള്‍ക്കാതെ
നടന്ന്
മുറിക്കുള്ളില്‍
ഫാന്‍ മുരള്‍ച്ചയിലേക്കോ
തണുപ്പിക്കുന്ന അലര്‍ച്ചയിലേക്കോ
എത്തുമ്പോഴാണ്
ഓര്‍ക്കുക;
എന്തൊരു നിശബ്ദതയായിരുന്നു ഇത്ര നേരവും.

Monday, March 05, 2007

തിരിച്ചുപോക്ക്

നഗരത്തിന് പുറത്തുകടക്കുമ്പോള്‍
തിരിഞ്ഞുനോക്കി
യാത്രപറയാതെ
കളിയാക്കിയൊരു ചിരി.
കണ്ണാടിക്ക് പുറത്ത്
പിന്നോട്ട് പായുന്ന ഒട്ടകപ്പാതകളില്‍
മണലുപ്പിന്റെ വിയര്‍പ്പിനെ
മനസ്സ് കൊണ്ട് ഒരാലിംഗനം.
നിളപോലെ ശാന്തമായ കടലിലേക്ക്
യുദ്ധം ചെയ്യുന്നമനസ്സിറക്കിവിട്ട്
കളിയറിയാതെ കണ്ടിരിക്കുന്ന
കാഴ്ചക്കാരന്റെ നിസ്സംഗത.
നഗരത്തിന് പുറത്തുകടക്കുമ്പോള്‍
ഓര്‍ക്കുവാനുള്ളതെല്ലാം മറന്നുവച്ച്
സഞ്ജീവനിയുടെ രഹസ്യമന്ത്രം ഗ്രഹിച്ച്
മരിച്ചിറങ്ങുന്ന അവസാനത്തെയാളായി...
നഗരത്തിനു പുറത്ത് ട്രാഫിക് നിയമങ്ങള്‍ക്ക്
മുറിഞ്ഞുതൂങ്ങിയ കൈവിരലുകളുടെ
കൃത്യതയേയുള്ളല്ലോ.
സ്വപ്നങ്ങള്‍ക്ക് ജീവിതത്തിന്റെ സെന്‍സര്‍ഷിപ്പില്ലല്ലോ.

Tuesday, February 27, 2007

ആരും കേള്‍ക്കാത്തവ

മുറിച്ചിട്ട പല്ലിവാലിലും
മരിച്ച വാക്കിലുമുണ്ട്
ഒടുക്കത്തെ ഒരു പിടച്ചില്‍.
കാറ്റും കടലും പൂമ്പാറ്റച്ചിറകും
മിടിച്ചുകൊണ്ടേയിരിക്കും.
കുന്നിന്റെയുള്ളിലെ വിങ്ങല്‍
മരം പോലും അറിയുകയേയില്ല.
പാട്ടും കരഘോഷവും
ഒതുങ്ങിയാലും
സദസ്സിലെവിടെയോനിന്നുയരും,
ഒറ്റപ്പെട്ടൊരു കൈയടിയോ കൂവലോ.
മറ്റുള്ളവരുടെ തരംഗദൈര്‍ഘ്യവുമായി
ഒത്തുപോകാന്‍ മടിക്കുന്ന
ഒടുവിലത്തെ ചലനത്തിലാണ്
ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയമിടിപ്പുകള്‍
തിരിച്ചറിയപ്പെടുന്നത്.

Sunday, February 18, 2007

യാത്രാമൊഴി

ഇത്രയൊക്കെയേയുള്ളൂവെന്ന്
ജീവിതത്തെ ചൂണ്ടി
വെറുതെ പറഞ്ഞ്‌
ഒരു ചിരി ചിരിക്കും.
മുഖത്ത്‌ നോക്കില്ല...
നടന്നകന്നിട്ടും
മറന്നതെന്തോ ഓര്‍ത്തെടുക്കുന്നപോലെ
തിരിച്ചുവരും...
പറഞ്ഞുവച്ചമാതിരിയാണെല്ലാം.
എന്നിട്ടും
ഒരിക്കല്‍
ചിരിച്ചുകൊണ്ടങ്ങ്‌
നടന്നുപോയി,
തിരിച്ചുവന്നില്ല.
കാത്തിരിപ്പിലാണിപ്പൊഴും.
വരുമായിരിക്കും.

Saturday, February 17, 2007

കേരളീയം

തെരുവില്‍ ഒരു പാട്ടുകാരന്‍
വാക്കുകളില്ലാതെ വായ്ത്താരി പാടുന്നു,
ചുണ്ടനക്കാതെ,
വാ തുറക്കാതെ.
വിരലുകളറ്റ കൈപ്പത്തി
ന്മുന്നിലെ തുകലുപൊട്ടിയ തബലയില്‍
ഓട്ടയില്ലാത്ത മുളന്തണ്ട്
മേല്‍ച്ചുണ്ടോട് ചേര്‍ത്ത് മറ്റൊരാള്‍
മുട്ടുകുത്തി നിലത്തിരിക്കുന്നൂ
കൈത്തണ്ടയില്ലാത്ത
മൃദംഗ വാദകന്‍.
പാട്ടിനൊപ്പിച്ച്, തല ചരിച്ചാട്ടി,
ആസ്വദിക്കുന്നു ഞാന്‍,
ചെകിട് കേള്‍ക്കാത്തവന്‍.

Tuesday, February 13, 2007

നൂല്‍പ്പാലം കടന്ന്

ഒന്നു തൊട്ടു ഞാനറിയട്ടെ നിന്നെ
എന്‍ നിഴലുപോലെ നീ വന്നുപോയെങ്കിലും
ഇവിടെ എന്റെയീ ഒറ്റമുറി വീട്ടിലെ
കനക്കുമുഷ്ണത്തില്‍ അറിവു ഞാന്‍ നിന്‍ തണല്‍
കുളിരു പെയ്യുന്ന പോലെ നിന്‍ ചിരികളില്‍
മുറിയിലെപ്പൊഴും കൊഴിയും ഡിസംബറും,
തൊടിയിലെവിടെയോ കൊന്ന പൂക്കുന്നതും,
ചെമ്പരത്തി കയ്യാട്ടി വിളിപ്പതും,
നിമിഷനേരം നിലക്കാതെ പെയ്യുന്ന പ്രണയമായി മഴ,
തോരാതെ നില്‍പ്പതും,
അറിവു ഞാന്‍ നിന്നില്‍, നിന്റെ തലോടലില്‍,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കടലിരമ്പം ഒളിപ്പിച്ചു നീ തന്ന ചിപ്പിയില്‍,
നിന്റെ പ്ലാസ്റ്റിക്‌ പൂക്കളില്‍,
പ്രണയവാക്യം കുറിക്കാന്‍ മറന്നു നീ
വച്ചുനീട്ടിയ പുസ്തകത്താളിലും
കണ്ടിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കാത്തിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും
നിഴലു പോലെ നീ മനസ്സിലുണ്ടെങ്കിലും..

Friday, February 02, 2007

കടലിനെ അറിയുന്നത്‌

കണ്ണ് കാണാത്തവന്‍
കരയ്ക്കും തിരയ്ക്കും
ഇടയിലൊരു വര വരച്ച് മാറി നില്‍ക്കും,
എവിടെയാണ്
കടല്‍ തുടങ്ങുന്നതെന്നറിയാന്‍.
ഓരോ തിരയും വന്ന്
വരകളെ മായ്ക്കുന്ന തണുപ്പില്‍
പിന്നിലേക്ക് മാറിപ്പോകും വീണ്ടും.
മനസ്സിലിട്ടവരയില്‍
മീന്‍ വന്ന് കൊത്തിയിട്ടും
ഒരു തിരയുടെയും തണുപ്പ്
വന്നതേയില്ല.
കടല്‍ എങ്ങും
തുടങ്ങുന്നേയില്ല.

Wednesday, January 24, 2007

സ്വാതന്ത്ര്യം

നിന്റെ മൂക്കിന്‍ തുമ്പില്‍
അവസാനിക്കുന്നതാണെങ്കില്‍
സ്വാതന്ത്ര്യം
അത്ര വലിയൊരു
വാക്കല്ലെനിക്ക്‌
ചുണ്ടിലെ ഇറുക്കിയൊരു
ചുംബനവും
അപ്പൊഴത്തെ കണ്ണുപൂട്ടലും
നിന്റെ മാത്രം
സ്വാതന്ത്ര്യങ്ങളാണല്ലോ.

Sunday, January 07, 2007

തണല്‍ മരം

മുറ്റത്തെ മാഞ്ചിയത്തിന്റെ
നിഴലില്‍ നിന്ന്
ചെരുപ്പിടാത്ത കാലില്‍
കുഴച്ച മണ്ണ്
കയറ്റുപായില്‍ ചവിട്ടിത്തൂത്ത്
അച്ഛന്‍ പറഞ്ഞു;
ചോട്ടിലിരുന്ന് ഉറങ്ങുന്നോര്‍ പോലും
തണല്‍ തരുന്നവനെന്നേ
വിളിക്കൂ,
വെയില്‍ ഏറ്റുവാങ്ങുന്നവനെന്ന്
ഒരു മരത്തെപ്പറ്റിയും
ഓര്‍ക്കുകയേയില്ല ആരും.

Wednesday, January 03, 2007

ചോക്കലേറ്റ്‌ ഗേള്‍


കടിച്ചു തിന്നുമ്പോള്‍
ചോരയീമ്പാതെ നോക്കണം,
ചോക്കലേറ്റ്‌ ഒരു പെണ്‍കുട്ടിയാണെങ്കില്‍...
നഖങ്ങളാഴ്ത്തി
പഴകിയോയെന്ന് പരിശോധിക്കാനാവില്ല
വേദനിപ്പിക്കാതെ...
ഒലിച്ചിറങ്ങുന്ന
ചോരനക്കിത്തുടക്കാനാവില്ല
ഡ്രാക്കുളയാവാതെ...
എങ്കിലും രുചിയറിഞ്ഞിട്ട്‌
നാവ്‌ നൊട്ടിയുള്ള നുണയല്‍...
അതെങ്ങനെയാണൊന്ന് ഒഴിവാക്കുക?