Monday, February 27, 2012

നിശബ്ദതയില്‍ ഉണങ്ങാത്ത മുറിവുകള്‍


വാക്കുകള്‍ എപ്പോഴും
കാതിലെത്തി അവസാനിക്കുന്നില്ല,
ചിലപ്പോഴൊക്കെ അവ
മനസ്സിലേക്ക് കടന്നു കയറും..
ചോര പൊടിയാത്ത ചില
മുറിവുകളെ ഉണക്കാതെ വിട്ട്
പുറത്തിറങ്ങി അപ്രത്യക്ഷരാകും..
നിശബ്ദത എല്ലായ്പ്പോഴും
ഇവിടൊക്കെ കറങ്ങി നില്‍ക്കുന്നുണ്ട്..
ഒരു കൊളുത്തില്‍
ജീവിതത്തിലെ ചിരികളെയെല്ലാം കൊരുത്തിട്ട്,
അപ്പുറത്തോ ഇപ്പുറത്തോ
എന്ന് ഉറപ്പിക്കാതെ,
വാക്കുകള്‍ പോയ വഴികളെയെല്ലാം
തുടച്ചു മായ്ച്ചു വൃത്തിയാക്കിക്കൊണ്ട്...
എന്നിട്ടും ആ മുറിവുകള്‍
ബാക്കിയാവുന്നതെന്തിനാണ്?

Saturday, February 25, 2012

തൊലിവെളുത്ത ഒരു കെട്ടുകഥ

രാത്രി,
മച്ചിലേക്ക് കണ്ണുതുറന്ന്
ഉറങ്ങാതെ കിടക്കുമ്പോഴാണ്...
ദാ വരുന്നു,
തൊലി വെളുത്ത്
സില്‍ക്ക് സ്മിതയെപ്പോലെ
 ഒരു കെട്ടുകഥ ...
ഒരിക്കല്‍ കൂടി
കണ്ണ് തുറന്നു നോക്കിയില്ല..
ഇനി, ചിരിച്ചുകൊണ്ട്
ചുണ്ണാമ്പു ചോദിച്ചാലോ?
രാവിലെ,
കട്ടില്‍പ്പുറത്ത് 
കരിമ്പനയില്‍
മുടിയും നഖവും മാത്രമായി
ഉറക്കമെഴുന്നെല്‍ക്കാന്‍ വയ്യ.
കെട്ടുകഥയാണെങ്കിലും,
തൊലി വെളുത്തതെങ്കിലും
വെറുതെ കേട്ടിരിക്കണ്ടേ? 

Thursday, February 23, 2012

വെറും സംശയങ്ങളാവില്ലേ ഇതൊക്കെ?

ഇരുട്ട്
ഓരോരുത്തരുടെയും
ജീവിതത്തിലേക്ക്
തുഴഞ്ഞുപോകുന്ന
ഒരു ജലപാതയുണ്ടാകണം
അവിടെ നിന്നും പുറത്തെ
വെളിച്ചത്തിന്റെ
മഴത്തിളക്കങ്ങളിലേക്ക്
നോക്കി
ഒരു രക്ഷപ്പെടലിന്റെ ആശ്വാസത്തോടെ
മേഘങ്ങളെ ശപിക്കുന്നുണ്ടാവും.
വെളിച്ചത്തിന്റെ മനസ്സിലിരുപ്പ
ഇങ്ങനെയാവില്ലേ?
പാവം,
ഒരു ജീവിതം കൂടി
മുക്കിക്കളയാനായിട്ട്...

നിഴലുകള്‍ രൂപങ്ങളെ വിട്ട്
പുറത്തേക്ക്് തേടന്ന
ചില വഴികളുണ്ടായിരിക്കാം.
ഇറങ്ങിപ്പോക്കിനുശേഷം
തിരിച്ചുകയറാന്‍ കഴിയാതെ
ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന
നിഴലുകളാവില്ലേ
രൂപങ്ങളെ
അപൂര്‍ണതയില്‍ ഉപേക്ഷിക്കുന്നത്?

ഹൃദയത്തിലേക്ക്
ചില ഇടവേളകളില്‍
ചിന്തകളുടെ ഭാരമില്ലാതെ
കയറിക്കൂടുന്ന
സ്‌നേഹത്തിന്റെ
ചെറിയ കണങ്ങളുണ്ടാവാം.
ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്ത
ആ കണങ്ങളാവില്ലേ
സ്വപ്‌നങ്ങളെക്കുറിച്ച്
എഴുതപ്പെടാത്ത ഉപന്യാസങ്ങളായി
ബാക്കിയാവുന്നത്?   

Monday, February 20, 2012

കരുതിവയ്പ്പ്

ഇരുണ്ട ഇടനാഴിക്കുമപ്പുറത്തെ
ഒരിറ്റു വെളിച്ചത്തെ കിനാവുകണ്ട്
എത്ര പകലുകളെയാണ്
നാം കാണാതെപോയത്
കണ്ണടച്ചാലും ഇല്ലെങ്കിലും
മുന്നിലെത്തുന്ന,
കൈയെത്തുന്ന ദൂരത്ത്
എപ്പോഴും പ്രത്യക്ഷമായേക്കുന്ന,
ജീവിതത്തിന്റെ
ചെറുപുഞ്ചിരികള്‍ക്കുമപ്പുറത്തെ
സന്തോഷങ്ങളുടെ
മഹാഭാഗ്യക്കുറികളാണ്
മുന്നോട്ടുള്ള വഴികാട്ടികളാകുന്നതെങ്കില്‍
ക്ഷമിക്കുക,
ഇന്നത്തെ ജീവിതത്തിലാണ്,
മരണം കഴിഞ്ഞുവരുന്ന
ഏതെങ്കിലുമൊരു സ്വര്‍ഗത്തിലോ
നരകത്തിലോ അല്ല,
ശംഖിന്റെ ഉള്ളിലൊളിച്ച
കടലിരമ്പത്തിലല്ല,
കണ്‍മുന്നില്‍ തുള്ളിവരുന്ന
തിരകളിലാണ്
ഞാന്‍ വിശ്വസിച്ചുപോകുന്നത്.

Thursday, February 16, 2012

ആദ്യവായന

കാത്തിരിപ്പിന്റെ ആദ്യത്തെ വായന
കണ്ണുകളിലാണ്.
എവിടെയോ ഉടക്കി നില്‍ക്കും.
ഒരൊറ്റ ബിന്ദുവില്‍ നിന്ന് ഏതൊരു നിമിഷവും
ഉടലാര്‍ന്ന് പുറത്തുചാടുന്ന
എന്തിനെയോ ആദ്യം കാണാനെന്നവണ്ണം,
പ്രസവമുറിക്കുമുന്നില്‍ ക്ഷമകെടുന്ന
ഭര്‍ത്താവിനെപ്പോലെ
സമയം പോകുന്നില്ലല്ലോ
പോകുന്നില്ലല്ലോ എന്ന്
മനസ്സ് കണ്ണുകള്‍ കൊണ്ട് വിറളിപിടിച്ചുകൊണ്ടേയിരിക്കും..
വാക്കുകളുടെ ആദ്യവായന മൗനത്തിലാണ്.
ഒരുപാട് സംസാരിച്ചുതീര്‍ക്കും,
നിശബ്ദമായി.
പറഞ്ഞുതീരാത്തവയും കേട്ടുതീരാത്തവയും
ഒറ്റ മൂളലില്‍ കടലുകള്‍ കടക്കും,
ആരുമറിയാതെ ലോകസഞ്ചാരിയാവുന്ന
കാറ്റിനെപ്പോലെ.
സന്ദര്‍ഭവും സമയവും നോക്കാതെ
ഇടിച്ചുകയറുന്ന പ്രിയസുഹൃത്തിനെപ്പോലെ
എപ്പോഴും പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും.
ജീവിതത്തിന്റെ ആദ്യവായന...
അല്ല, അത് മരണത്തിലാണെന്ന്
പറഞ്ഞു നിര്‍ത്തുന്നില്ല,
എന്നെങ്കിലും നമ്മള്‍ ജീവിതം കൊണ്ട്
ജീവിതത്തെ വായിച്ചുതുടങ്ങുന്ന കാലം വരും...