Thursday, October 29, 2009

രക്തസാക്ഷി

തിയറി ക്ലാസ്സുകളിൽ
എത്രനേരം കുത്തിയിരുന്നാലും
എത്ര പുസ്തകങ്ങൾ കാണാതെ പഠിച്ചാലും
ഒരുത്തനും പറ്റില്ല
രക്തസാക്ഷിത്തത്തിന്റെ
ആദ്യപാഠം കടക്കാൻ പോലും.
ഒരു പ്രാക്റ്റിക്കൽ പരീക്ഷയിലും
ജയിക്കാനുള്ള മാർക്ക് വാങ്ങണ്ട
വെറുതെ,
ജീവിതത്തെ നോക്കി
ചിരിച്ചുകൊണ്ടൊരു ബൈ
പറയാനുള്ള ചങ്കൂറ്റം വേണം.
മരണമാണെന്റെ മാതൃകയെന്ന്
ഒരു രക്തസാക്ഷിയും
ജീവിച്ചിരിക്കുന്നവരോട് പറയാത്തത്
മറന്നുപോയിട്ടാവുമോ?

Sunday, September 13, 2009

തിരിച്ചറിവ്

എന്തെല്ലാം തിരിച്ചറിവുകളാണ്,
ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ.
അല്ലെങ്കിൽ വെളുത്തിരുട്ടുമ്പോൾ..
ഞാൻ,
ഞാൻ മാത്രമല്ലെന്നും,
നീ കൂടിയാണെന്നും,
നിലവിളിക്കുകയും ചിരിക്കുകയും
കളിക്കുകയുമൊക്കെ ചെയ്യുന്ന
രണ്ട് കുട്ടികൾ കൂടിയാണെന്നും,
ഒടുവിൽ
ഞാൻ ഞാനേയല്ലെന്നും...
നീ ,
നീ മാത്രമാണെന്നും
ചിലപ്പോൾ
നീപോലുമല്ലെന്നും...
ഈ ഇരുട്ട് വെളുക്കാതിരുന്നെങ്കിൽ,
അല്ലെങ്കിൽ ഈ പകൽ ഇരുട്ടാതിരുന്നെങ്കിൽ...

Thursday, September 10, 2009

(അ)സ്വതന്ത്രൻ

ഒറ്റക്കൊരു മരമാവാനായിരുന്നു കൊതി.
പടർന്നു പന്തലിച്ചങ്ങനെ നിൽക്കണം,
തണലും കാറ്റും
ഓക്സിജനുമൊക്കെ എല്ലാവർക്കും
കൊടുത്തുകൊണ്ടേയിരിക്കണം,
വെള്ളത്തിനും വളത്തിനുമൊന്നും
ആരോടും വഴക്കിടേണ്ടി വരരുത്.
അങ്ങനെയങ്ങനെ...
ഒരു മഴുവിനെപ്പോലും
സോറി, ഒരു അറക്കവാളിനെയോ
മരംകൊത്തിയെയോ പോലും
പേടിക്കാതെ ചിരിച്ച് സ്വാഗതം ചെയ്യണം.
അങ്ങനെ യങ്ങനെ യങ്ങനെ...
എന്നിട്ടോ..
കണ്ടിടത്തെവിടെയെങ്കിലും
ചാഞ്ഞ്,
ചുറ്റിപ്പിണഞ്ഞുമാത്രം തലയുയർത്തി
കാറ്റിനൊപ്പം തുള്ളാൻ വിധിക്കപ്പെട്ട
ഒരു വള്ളിയായതേയുള്ളൂ ജീവിതം.

Tuesday, July 07, 2009

ജീവിതാനന്തരം

ഒരവകാശവുമില്ല
ജീവിച്ചിരിക്കുന്നവര്‍ക്ക്,
മരിച്ചവരെക്കുറിച്ച് സംസാരിക്കാന്‍.
ജീവിതത്തിന്റെ
ദുരിതങ്ങളും പ്രാരാബ്ധങ്ങളും
പരസ്പരം പറഞ്ഞിരിക്കാം.
മരിച്ചവരുടെ ജീവിതത്തെക്കുറിച്ച്
ഒറ്റയക്ഷരം പോലും മിണ്ടരുത്
ജീവിച്ചിരിക്കുന്നവരാരും.
ജീവിതത്തില്‍ നിന്നും
ഇറക്കിവിടപ്പെട്ടവരും
ഇറങ്ങിപ്പോയവരും
പറഞ്ഞുതരും
ജീവിതത്തിന്റെ ഒടുവില്‍
മരണത്തിന്റെ മണം തെറിച്ചുവീണ
ചില നിമിഷങ്ങളെക്കുറിച്ച്.
അവിടെയുണ്ടാവും
ജീവിച്ചിരിക്കുന്നവരുടെയെല്ലാം
കുനിഞ്ഞ മുഖങ്ങള്‍.

Friday, April 17, 2009

മറന്നുപോയി നിന്നെ ഞാൻ (വിത്സണ്)

നിന്നെക്കുറിച്ച്
ഒരു കവിതയെഴുതണമെന്ന്
ചിന്തിക്കുമ്പോഴെല്ലാം ഓര്‍മ്മ വരും,
എനിക്ക് തരാതെ നീ
കുടിച്ചുവറ്റിച്ച കള്ളുകുപ്പികളെ,
ഞാനറിയാതെ നീ ഭോഗിച്ച
പെണ്‍ മനസ്സുകളെ,
എനിക്ക് വച്ചേക്കാതെ
നീ എഴുതിത്തീര്‍ത്ത വരികളെ.
നിറമില്ലാത്തതും
നിറമുള്ളതുമായ കള്ളുകുപ്പികളിലോ
വെളുത്തുരുണ്ടതോ കറുത്ത് മെലിഞ്ഞതോ
ആയ പെണ്ണുങ്ങളിലും
വാക്കുകള്‍ പറന്നുകളിക്കുന്ന
കവിതകളിലും
തലയറഞ്ഞ് വീഴുമ്പോള്‍
ഇനി നിനക്ക് ഞാന്‍ എന്തെഴുതും?
നിന്നെ ഞാന്‍ വെറുത്തുപോയെന്നോ?
ഓറ്ക്കാറുപോലുമില്ലെന്നോ?

Monday, February 02, 2009

മഞ്ഞ

ഒരു നിറം വേണമെന്ന്
നിർബന്ധമാണെങ്കിൽ
അതിന്,
നരച്ച മഞ്ഞനിറം മാത്രമായിക്കൂടേ?
ഉള്ളിലുള്ളത്
ആരെയൂം തെളിച്ചുകാട്ടണ്ടല്ലോ.

അപകടം സംഭവിക്കാത്തത്

ജീവിതത്തിന്റെ വളവുകൾ തിരിഞ്ഞ്
ബൈക്കിന്റെ വേഗത കൂട്ടി
അങ്ങനെയങ്ങനെ പോവുമ്പോഴാണ്
ഓർമ്മ വരുന്നത്.
ഇന്നലെ അവധിദിവസമായിരുന്നല്ലോയെന്ന്,
ഇന്ന് കാ‍ത്തിരിക്കുമല്ലോ
ഇന്നലെ കാണാതെവിട്ട
വാർത്തകളെന്ന്.
അവയിൽ നിന്ന് ഒളിഞ്ഞുനോക്കും
ആരോ ആർക്കോ അയച്ച
പ്രണയലേഖനങ്ങളും
എമ്മെമ്മെസ്സുകളിലെ നഗ്നതയും
പോലീസുകേസും ആത്മഹത്യചെയ്തും
അല്ലാതെയും
കിടക്കുന്ന പെൺദേഹങ്ങളുമെന്ന്.
വയ്യ,വയ്യ എന്ന് വെറുതെ പറഞ്ഞാലും
ഒളികണ്ണിട്ട് ചിരിക്കുമല്ലോ
ഉള്ളിലെ വിടനെന്ന്.

അല്ലെങ്കിലും
ഇങ്ങനെയൊക്കെത്തന്നെ വരണം
ഭാര്യയെ മാത്രം സ്നേഹിക്കാത്തവനെന്ന്
ആരെങ്കിലും പറയും എന്ന് ഭയന്നിട്ടല്ലെങ്കിൽ
സത്യം പറ,
ഇതുവരെ എന്താ ഈ ബൈക്ക്
എവിടെയും ഒന്ന് ചോരപുരട്ടുക പോലും ചെയ്യാത്തത്?