Tuesday, January 31, 2012

കവിതയില്‍ എന്തുമാവാമല്ലോ

പ്രണയത്തിന്റെ നിലവിളികള്‍ എന്നോ
ഒറ്റപ്പെട്ടവന്റെ സുവിശേഷങ്ങള്‍ എന്നോ
തലക്കെട്ടുള്ള
ഒരു ചെറുകവിത എഴുതണം.
ചോര പൊടിയുന്ന സൂര്യകാന്തികളും
ഉണങ്ങിവരണ്ട മനസ്സുകളുടെ മഞ്ഞയും 
നല്ല ഞെരിപ്പന്‍ ബിംബങ്ങളാണ്‌.
അവിടന്നിങ്ങോട്ടും,
ഇവിടുന്നങ്ങോട്ടും
അങ്ങനെ മാറിമാറി
സഞ്ചരിക്കുന്ന കൃഷ്ണമണികളോട്
ചലനമറ്റു നില്‍ക്കാന്‍ കല്‍പ്പിക്കുന്ന,
അനുസരിക്കാത്തപ്പോള്‍
കണ്ണ് ചുഴന്നെടുത്തും
അനുസരണം പഠിപ്പിക്കുന്ന
ഒരു റിംഗ് മാസ്റ്റര്‍ കവിതക്ക്
പറ്റിയ ആളാണ്‌.
പ്രണയത്തിനു വേണ്ടി ചെവി
അറുത്ത വിഡ്ഢി
ജീവിതത്തിന്റെ ബിംബമാകുംപോള്‍
പ്രത്യേകിച്ചും...
അല്ലെങ്കിലും കവിതയില്‍ എന്തുമാവാമല്ലോ...