Monday, October 30, 2006

പ്രണയം- ഒരു മുന്നറിയിപ്പ്‌

പ്രണയം- ഒരു മുന്നറിയിപ്പ്‌

പുറത്ത്‌ കടക്കാന്‍ ഒരു വഴിയേയുള്ളൂ
അകത്തേക്ക്‌ കയറാനും
ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌,വെളിച്ചം കാത്ത്‌
കണ്ണുകള്‍ അടച്ചും തുറന്നും
കാത്തിരിപ്പ്‌തുടരുമ്പോള്‍
കിനാവുകളില്‍
സ്ഫടികജലം, വിയര്‍പ്പുപ്പ്‌, തണുത്ത കാറ്റ്‌,
നിറങ്ങളുടെ വലിയ മഴവില്ല്‌
എന്നിട്ടും ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌...

വാര്‍ദ്ധക്യത്തിന്റെ കിണറാഴങ്ങളില്‍
ഓര്‍മയെ മുങ്ങിയെടുക്കുമ്പോള്‍
പതിവ്‌ കാഴ്ചകള്
‍പേര്‌ തുന്നാന്‍ മറന്ന കൈലേസ്‌,മയില്‍പ്പീലി, ചുവന്ന പനിനീര്‍പ്പൂവ്‌
ഇരുട്ട്‌ ഓര്‍മയെ മറക്കുന്നില്ല
എന്നിട്ടും വെളിച്ചം കാത്ത്‌...
മനസ്സില്‍ വിശപ്പ്‌ പൂക്കുമ്പോള്
‍സ്നേഹത്തിന്റെ ശകാരസ്വരം ഭക്ഷണം

പുറത്ത്‌ വെയിലും മഴയും
അകത്തും പുറത്തുമല്ലാതെ
ത്രിസന്ധ്യക്ക്‌ തൂണ്‌ പിളര്‍ന്ന്മു
ന്നിലൊരു നരസിംഹാവതാരം
ചുംബനത്തിന്റെ നിശബ്ദതയില്‍
കണ്ണുകള്‍ അടച്ചും തുറന്നും കാത്തിരിപ്പ്‌
കാരണം
പുറത്ത്‌ കടക്കാന്‍ വഴി ഒന്നേയുള്ളൂ
ജാലിയന്‍ വാലാബാഗിലെപ്പോലെ

3 comments:

Unknown said...

പുതിയ കവിത

Anonymous said...

ശ്ലഥബിംബങ്ങള്‍ കവിതയെ ദുര്‍ഗ്രഹമാക്കുന്നുണ്ട്.വൈയക്തികമായ അനുഭവങ്ങള്‍ തുറന്നു തരാതെ നില്‍ക്കുന്ന ഈ കവിതയിലും ഒരു നല്ല കവിയെ മാത്രം തേടുന്ന വരികള്‍ ...

Anonymous said...

സാര്‍, അകത്തു നിറയെ പൊത്തുകളുണ്ടാക്കി ഒളിച്ചിരിക്കുവാന്‍ ശ്രമിച്ചു നോക്കി. ഇരുട്ട് വിഴുങ്ങി വിശപ്പടക്കാന്‍ നോക്കി. വല്ലാതെ ഭയപ്പെട്ടും നോക്കി. എന്നിട്ടും തുറന്നു കിടക്കുന്ന ആ ഒരൊറ്റ വാതിലിലൂടെ നെഞ്ജു നീട്ടി പുറത്തേക്കു നടക്കുവാന്‍ വേഗമോടുന്ന ഹൃദയമിടിപ്പുകള്‍ സമ്മതിക്കുന്നില്ല.
- (രക്തസാക്ഷിയുടെ കുമ്പസാരം)