Monday, October 30, 2006

otamuri

ഒറ്റ മുറി

അമ്മ ചിലപ്പോള്‍ ഒരു മുറി
കണ്ണീരും മനസ്സും സ്നേഹത്തിലെ സ്വാര്‍ഥതയും തുറന്നിട്ട
പൊളിഞ്ഞു വീഴാത്ത ഒറ്റമുറി
ഒരു വടിത്തുണ്ട്‌ തുട തിണര്‍ക്കുമ്പോള്‍
പിന്നില്‍ അടച്ചിടും വാതില്‍
മുട്ടിവിളിക്കതെ തുറന്നുപോകും ഞാന്‍
വെറുതെയങ്ങനെ
കയറിയും ഇറങ്ങിയും നടക്കുമ്പോള്‍
പിണങ്ങിനോക്കും
കരഞ്ഞുതീര്‍ക്കും
പിന്നെ വഴി തടയാതൊരു ചിരി ചിരിക്കും
മനസ്സിലെല്ലാം വലിച്ചുവാരുമ്പോള്‍
തളര്‍ന്ന കയ്യാല്‍ അടുക്കിവയ്ക്കും
സുഖസുഷുപ്തിയില്‍ കൊതുകും കിനാക്കളും
കടന്നുകേറാതെ കാവല്‍ നില്‍ക്കും
വിട പറയാതെ പടിയിറങ്ങുമ്പോള്‍
കതക്‌ ചാരാതെ കാത്തിരിക്കും
വഴിയിലെപ്പോഴോ മനസ്സുടക്കുമ്പോള്‍
മുറിവ്‌ പോലെന്നെ മുറി വിളിക്കുന്നു,
എല്ലാം കരഞ്ഞു തീര്‍ക്കുന്നു

5 comments:

വല്യമ്മായി said...

വിട പറയാതെ പടിയിറങ്ങുമ്പോള്‍
കതക്‌ ചാരാതെ കാത്തിരിക്കും

വളരെ ശരി,നന്നായിരികുന്നു

സുല്‍ |Sul said...

അനിയാ, നന്നായിരിക്കുന്നു. ഇനിയും കാണുമല്ലോ.

Anonymous said...

'മുറിവ്‌ പോലെന്നെ മുറി വിളിക്കുന്നു'നല്ല വരികളാണ് ചങ്ങാതീ.

Unknown said...

അമ്മ എനിക്ക്‌ മാത്രമല്ല നമുക്കെല്ലാവര്‍ക്കും ഇത്തരത്തില്‍ ഒരു ഒറ്റ മുറി തന്നെയാണെന്നാണെണ്റ്റെ വിശ്വാസം. ഓരോ യാത്രയിലും തിരിച്ചുവിളിക്കുന്നുണ്ട്‌ അമ്മ നേരിട്ടല്ലെങ്കില്‍ മനസ്സു കൊണ്ട്‌. കൊല്ലത്തെ എണ്റ്റെ പഴയവീട്ടില്‍ ഞങ്ങള്‍ക്ക്‌ ഒരു ഇരുണ്ട മുറിയുണ്ടായിരുന്നു. എപ്പോഴും ഒറ്റക്കിരിക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്ന മുറി. അമ്മയെ ഓര്‍ക്കുന്ന എല്ലാ നേരത്തിലും എനിക്ക്‌ എപ്പോഴും തിരിച്ചുവിളിക്കാറുള്ള ആ മുറിയെയാണ്‌ ഓര്‍മ്മ വരിക. വല്ലാത്തൊരു തണുപ്പിണ്റ്റെ സ്നേഹം ആ മുറിക്കും സ്നേഹത്തിണ്റ്റെ തണുപ്പ്‌ ആ മുറിക്കും... നന്ദി...

Raji Chandrasekhar said...

അനിയാ,,,,വരികളിലും വരികള്‍ക്കിടയിലും തുളുമ്പുന്ന ഭാവം എന്റെ മനസ്സിലുമണ്ടാല്ലൊ എന്ന തോന്നലുണര്‍ത്തുന്ന കവിതകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ രചിക്കപ്പെടാറുള്ളു. ഈ അപൂര്‍വ്വത അനിയന്റെ പല കവിതകളിലും ഒളിമിന്നുന്നു. അത് ആളിപ്പട്രരട്ടെ