Sunday, March 25, 2007

മറവിയുടെ ഓര്‍മ്മപ്പുസ്തകം

ആഗ്രയില്‍ താജ് മഹലിനു മുന്നില്‍ കാമറയുടെ ഫ്ലാഷ് മിന്നിത്തീര്‍ന്നപ്പോള്‍ ചുമലില്‍ നിന്ന് കൈയെടുത്ത് അഞ്ജലി ഗോയല്‍ ചോദിച്ചു.
ഞാനില്ലായിരുന്നെങ്കില്‍ നീ എന്ത് ചെയ്യുമായിരുന്നു? ഞാന്‍ ഇല്ലാതായാല്‍ നീ എന്താണ് ചെയ്യുക?
ചോദ്യത്തിന് ഉത്തരം പറയാതെ ജഗ് ജിത് സിംഗിന്റെ വരികളില്‍ അഭയം തേടി.
താജ് മഹല്‍ മേം ഏക് ഹീ കമീ ഥീ
ഹം നേ തേരേ തസ് വീര്‍ ലഗായാ
രണ്ടാളും ഉറക്കെ ചിരിച്ചപ്പോള്‍ തൊട്ടടുത്ത് കൂടി നടക്കുകയായിരുന്ന രണ്ട് വിദേശികള്‍ അതില്‍ പങ്ക് ചേര്‍ന്നുകൊണ്ട് നടന്നു. കാരണമറിയാതെ, ഒരു ചെലവുമില്ലാത്ത ഒരു ചിരി അവര്‍ പങ്കിട്ടെടുത്തു.

******
ബേലൂര്‍ മഠത്തിലെ നിശബ്ദതയില്‍ വച്ചാണോ വിക് ടോറിയ മെമ്മോറിയലിനു മുന്നിലെ പുല്‍ത്തകിടിയില്‍ മഞ്ഞുതുള്ളികള്‍ക്കു മേല്‍ പരസ്പരം തൊട്ടിരിക്കുമ്പോഴാണോ എന്നോര്‍മ്മയില്ല, സുനിപ സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞു. “നിന്റെ പ്രണയം ഇല്ലാതാകുന്ന നിമിഷം എന്നില്‍ ശ്വാസം അവശേഷിക്കുണ്ടാവുന്നില്ല. നിന്റെ സ്പര്‍ശം എന്റെ ഹൃദയത്തില്‍ ഇല്ലാതായാല്‍ അതിന് മിടിക്കാനാവില്ല.“

മനസ്സിന് കുളിര്‍മ്മയേറ്റുന്ന പ്രണയ വാക്യങ്ങളുടെ സുഖ ശീതളിമയിലിരുന്നുകൊണ്ടുതന്നെ വെറുതെ രണ്ട് വരികളോര്‍ത്ത് പറഞ്ഞു.
മജ് ബൂരീ കേ മൌസം മേം ഭീ
ജീനാ പഡ് താ ഹൈ
നിനക്കൊന്നും മനസ്സിലാവില്ലെന്ന് അവള്‍ മുഖം വീര്‍പ്പിച്ചു. ചിരിച്ചുകൊണ്ടുള്ള ക്ഷമ ചോദിക്കലിന്റെ കീഴടങ്ങലില്‍ ഒരു സന്ധ്യ അവസാനിച്ചു.
******
ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് ജട്ടിയില്‍ ഒരു യാത്രയയപ്പിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അന്നാ മരിയ പറഞ്ഞു. “എന്തോ നീ തിരിച്ചുവരില്ലെന്ന് എനിക്കിപ്പോ തോന്നുന്നു. വരാന്‍ പാടില്ലെന്ന് നിന്നോട് ആരൊക്കെയോ ആവശ്യപ്പെടുന്നതുപോലെ. ഒരുപക്ഷേ അത് ഞാന്‍ തന്നെയാവാം.” മനസ്സിലാകായ്കയുടെ ഞെട്ടല്‍ നിശബ്ദതയുടെ ഒരു നീണ്ട ഇടവേളയാണ് സൃഷ്ടിച്ച് നല്‍കിയത്.ഒരു സിനിമാക്കവിതയിലൂടെ ഞാന്‍ അതിനെ ഭേദിച്ചുകളഞ്ഞു.
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണ്
പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നില്‍ അലിയുന്നതേ നിത്യ സത്യം.

*****
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരോള്‍ ബാഗിലെ ഇടുങ്ങിയ ഗലിയിലൂടെ ഒരു ഫ്ലാറ്റിലേക്ക് അഞ്ജലി ഗുപ്ത സ്വാഗതമേകി. അപ്പോള്‍ അവള്‍ പത്ര പ്രവര്‍ത്തകയായിരുന്നില്ല. “വെയര്‍ ആര്‍ യു ദീസ് ഡേയ്സ് മാന്‍?” തന്റെ പതുപതുത്ത കൈ പിന്‍ വലിക്കാതെ അവള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ അകത്ത് ഒരു കുഞ്ഞ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കരച്ചില്‍ തുടങ്ങിയിരുന്നു.

*****
രബീന്ദ്ര സദന്റെ പടികളിരുന്ന് താഴെ നിലത്തേക്ക് നോക്കി സുനിപ സര്‍ക്കാര്‍ പറഞ്ഞു. “ നമുക്ക് പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ. എന്താണിങ്ങനെയെന്ന് മാസങ്ങള്‍ ചിന്തിച്ചിട്ടും പിടികിട്ടുന്നുമില്ല”.
തിരിച്ച് പറയാനോങ്ങിയ വാക്കുകളെ തടഞ്ഞുകൊണ്ട് അവള്‍ കൂട്ടിച്ചേര്‍ത്തു. “പരസ്പരം യോജിക്കാത്തവയെ ഇനിയും നാം കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം. നല്ല സുഹൃത്തുക്കളായിരിക്കാം.” പണ്ടെന്നോ കണ്ട ഒരു സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതറിയുമ്പോഴേക്കും അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങിയിരുന്നു.
*****
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിറങ്ങുമ്പോള്‍ അന്നയുടെ മമ്മയുണ്ടായിരുന്നു അവിടെ. ഒരുകല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മമ്മ പറഞ്ഞു. “അവള്‍ക്കുറപ്പുണ്ടായിരുന്നു നീ വരുമെന്ന്. പക്ഷേ കാത്തിരിക്കാന്‍ അവള്‍ക്ക് മനസ്സുണ്ടായിരുന്നില്ല.”

17 comments:

അനിയന്‍സ് അഥവാ അനു said...

മറവിക്കും ഓര്‍മ്മക്കുമിടയില്‍, ജീവിതത്തില്‍ നിന്ന്....
കവിതയില്ലാത്ത, കവിതയല്ലാത്ത ചിലതുകൂടി...

സു | Su said...

കഥ നന്നായി.

അവസാനം, അതിലും നന്നായി. കാത്തിരിക്കാന്‍ മനസ്സുണ്ടെങ്കിലും കാത്തിരിക്കാന്‍ പറ്റിയെന്നു വരില്ല.

അവസാനത്തെ വരി ശരിക്കും ഒരു ആഘാതമായി. ഇന്നലെ കഴിഞ്ഞ കണ്ണീരാണെങ്കിലും, അതിന്റെ ഉപ്പ് പോയിട്ടില്ല. ഒരു യാത്ര, പിന്നേയ്ക്ക് വയ്ക്കുന്നത്, എന്നെത്തന്നെ തോല്‍പ്പിക്കും എന്ന് ഞാന്‍ അറിയുന്നു.

നന്ദി. തിരിച്ചറിവിന്റെ പ്രകാശം മുന്നിലേക്ക് ഇട്ടുതന്നതിന്.

ഗന്ധര്‍വ്വന്‍ said...

നിന്റെ പ്രണയം ഇല്ലാതാകുന്ന നിമിഷം എന്നില് ശ്വാസം അവശേഷിക്കുണ്ടാവുന്നില്ല. നിന്റെ സ്പര്‍ശം എന്റെ ഹൃദയത്തില് ഇല്ലാതായാല് അതിന് മിടിക്കാനാവില്ല.“
ഇതിലും ഘോരമായ പ്ര്തിജ്ഞകള് എടുക്കും . പുലരുന്നതിനുമുന്പേ നാം അതിനെ
തള്ളിപ്പറയും.

പ്രേമത്തിന്റെ ആശാനായിരുന്ന റോമിയൊ ജൂലിയറ്റിനെ കണ്ട് പ്രണയ വിവശനാകുമ്പോള്
ഒരു ദുരന്ത പ്രണയത്തിന്റെ കണ്ണീര്ക്കണം കവിളില് ഉണങ്ങി വടുവായി
തീര്ന്നത് കൂട്ടുകാരന് കളിയാക്കുന്നു.
വരുമെന്നുറപ്പുണ്ടെങ്കിലും കാക്കാനുള്ള സമയം കിട്ടാതെ പോയ

അന്നയെപ്പോലുള്ളവര് അന്യം വന്നവര്.

സുനിപ സര്‍ക്കാര്‍ പറഞ്ഞതാണിന്നത്തെ ലോകം. അല്പ്പം കഴിയുമ്പോള് കമിതാവിന്റെ സാമിപ്യം
സര്പ്പ സാന്നിദ്ധ്യമാകുന്നു.

"ബീ അവെയ് മേന്". ഫ്രന്ഡ്ഷിപ്പ് നിലനിര്ത്തുമെന്ന വ്യാജമായ ആശ്വാസവാക്കില്
നമുക്കു പിരിയാം.

അനിയ ,
വായിക്കും തോറും യു ഏ ഈ ബ്ലോഗര്മാരുടെ നഷ്ടം കൂടുതലായി മനസ്സിലാകുന്നു.

നാട്ടില് നിന്നായാലും എഴുതുക. ഞങ്ങള് വായിക്കും

vishak sankar said...

അനു,
അനുവിന്റെ കഥ ഞാന്‍ ആദ്യമായാണ് വായിക്കുന്നത്.മുന്‍പും കഥകള്‍ എഴുതാറുണ്ടായിരുന്നൊ?

ഈ കഥയിലെ പ്രമേയം പറഞ്ഞ് പഴകിയതാണെങ്കിലും പുതുമയുള്ള രീതിയില്‍ അത് അവതരിപ്പിച്ചിരിക്കുന്നു.ഘടനയിലുള്ള നൂതനത്വം തന്നെയാവും അതിനെ മോശമല്ലാത്ത ഒരു വായനാനുഭവമാക്കിയത്.

ദില്‍ബാസുരന്‍ said...

അനുവേട്ടാ,
മനോഹരം. ഗന്ധര്‍വന്‍ പറഞ്ഞത് പോലെ ഈ നഷ്ടം വേദനാജനകമാണ്. എഴുത്ത് നിര്‍ത്തരുത് എവിടെയായാലും.

Rajeeve Chelanat said...

"ഖുശ്‌വന്തിന്റെ സ്ത്രീകള്‍" എന്നോ മറ്റോ ശീര്‍ഷകമുള്ള ഒരു പുസ്തകമില്ലേ അനൂ? അതാണോര്‍മ്മവന്നത്‌.

ശാലിനി said...

നന്നായിട്ടുണ്ട് മറവിയുടെ ഓര്‍മ്മപുസ്തകം.

ദില്‍ബാസുരന്‍ said...

'The company of women' ആണ് ഖുശ്വന്ത് സിങിന്റെ പുസ്തകത്തിന്റെ പേര്. പുസ്തകക്കടകള്‍ കയറിയിറങ്ങി തപ്പിയിട്ട് അത് കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ അഛന്റെ കമന്റ്.

നിനക്ക് ‘മനോരാജ്യം’ വാരിക മതിയെങ്കില്‍ എന്റെ പഴയ കളക്ഷനില്‍ കാണുമായിരുന്നല്ലോ എന്ന്. :-)

ഇത്തിരിവെട്ടം|Ithiri said...

:)

പ്രിന്‍സി said...

കാത്തിരിപ്പ്, എത്രകാലം...? അര്‍ത്ഥമില്ലാത്ത പ്രണയവും നഷ്ടപ്പെട്ടപകലുകളും.....

അരീക്കോടന്‍ said...

എന്താ ഇത്‌?

അനിയന്‍സ് അഥവാ അനു said...

അരീക്കോടാ എന്താ ചോദിച്ചതെന്ന് മനസ്സിലായില്ല. മുന്‍പൊരിക്കലും കണ്ടു താങ്കള്‍ ഇങ്ങനെ ചോദ്യചിഹ്നങ്ങളെ ഉപേക്ഷിച്ചുപോകുന്നത്‌. ഒന്ന് വ്യക്തമാക്കിത്തരാമോ എന്താ ആ ചോദ്യം കൊണ്ട്‌ താങ്കള്‍ ഉദ്ദേശിച്ചതെന്ന്... പ്ലീസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്‌

പൊതുവാള് said...

അനിയാ ,
ഇത് ഫെബ്രുവരി പതിമൂന്നിന് പോസ്റ്റേണ്ടതായിരുന്നു.

കാശിതുമ്പകള്‍ said...

ആ ഇരുണ്ട ഗലികളിലൂടെ മെല്ലെനടന്നുകയറുന്നത് ജീവിതത്തിലെക്കല്ലായിരുന്നെന്ന് അപ്പോള്‍ അറിഞ്ഞിരുന്നുവോ??

ദൃശ്യന്‍ said...

മറവിയുടെ ഓര്‍മ്മപ്പുസ്തകത്തിലെ പ്രണയത്തിന്‍‌റ്റെ തിരിച്ചറിവുകള്‍ നന്നായിട്ടുണ്ട്. അറിയാതെ വിടര്‍ന്ന് പറയാതെ പൊഴിയുന്ന പ്രണയം മാത്രമല്ല, അറിഞ്ഞ് കൊണ്ട് അകറ്റി നിര്‍ത്തുന്ന പ്രണയവും ഹൃദയത്തിന്‍‌റ്റെ പിടച്ചിലാണ്.

സസ്നേഹം
ദൃശ്യന്‍

വേണു venu said...

നിന്‍റെ ചിത്രം ഞാനതില്‍ ആലേഖനം ചെയ്തു. താജ്മഹലിനു് ആ ഒരു കളങ്കം മാത്രം.
നന്നായി, അനിയന്‍സു്.:)

Raji Chandrasekhar said...

ഇത് കഥയല്ല, കവിതയാണ്.