Friday, January 18, 2008

ജീവിതത്തിന്റെ സ്വിച്ചില്‍ ഒരു ടച്ചോ കളി

സ്കൂളിലേക്കുള്ള വഴിയിലും
തിരിച്ചും
ടച്ചോ
എന്ന് പറയും കൂട്ടുകാര്‍.
അഹല്യയെപ്പോലെ
ഏതെങ്കിലും
ഒരു രാമന്റെ സ്പര്‍ശത്തിനു
കാത്ത്
കല്ലിനെപ്പോലെ നില്‍ക്കണം പിന്നീട്.
തൊട്ടാവാടിയില്‍
ചവിട്ടി നില്‍ക്കുമ്പോള്‍
ടച്ചോ പറഞ്ഞവനായിരുന്നു
ജീവിതത്തിലെ ആദ്യത്തെ ശത്രു.
അന്ന് മോചിപ്പിച്ചവള്‍
പിന്നീടൊരിക്കല്‍
അസ്സംബ്ലിയില്‍ എത്തും മുന്‍പ്
ടച്ചോ പറഞ്ഞ്
നിശ്ചലനാക്കി.
കയ്യില്‍ ചൂരലിന്റെ നോവ്
പടര്‍ന്നപ്പോള്‍
അവളുടെ മുഖത്ത് രണ്ടാം ശത്രുവിനെ കണ്ടു.
ഇപ്പോള്‍
പരാതികളുടെ കറുത്ത മുഖങ്ങള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള്‍
ജീവിതത്തിന് ടച്ചോ പറയാന്‍
കൂട്ടുകാരെ തേടും മനസ്സ്.
സ്വിച്ചിടുമ്പോലെ
മനസ്സിനെ നിശ്ചലമാക്കാന്‍
സ്നേഹമുള്ള ശത്രുക്കള്‍
ആരും ഇതുവഴി വരുന്നേയില്ലല്ലോ.

11 comments:

Unknown said...

സ്വിച്ചിടുമ്പോലെ
മനസ്സിനെ നിശ്ചലമാക്കാന്‍
സ്നേഹമുള്ള ശത്രുക്കള്‍
ആരും ഇതുവഴി വരുന്നേയില്ലല്ലോ.
എഴുതിയ ചൂടോടെ....

ദിലീപ് വിശ്വനാഥ് said...

ഇതിനു ഞങ്ങള്‍ സ്റ്റാച്ച്യൂ എന്നു പറയും.
ഇതും കവിതയ്ക്ക് വിഷയം ആയല്ലോ...

ശ്രീ said...

“ഇപ്പോള്‍
പരാതികളുടെ കറുത്ത മുഖങ്ങള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള്‍
ജീവിതത്തിന് ടച്ചോ പറയാന്‍
കൂട്ടുകാരെ തേടും മനസ്സ്.”

വാല്‍മീകി മാഷ് പറഞ്ഞതു പോലെ ഞങ്ങളും ഇതിനെ “സ്റ്റാച്യൂ” എന്നാണ്‍ വിളിച്ചിരുന്നത്.

നന്നായി.
:)

പ്രയാസി said...

ടച്ചോ....!:)

മൂര്‍ത്തി said...

:)കൊള്ളാം

തകര്‍പ്പന്‍ said...

ഈ പേജിന്‍റെ കളര് ഒന്ന് അഡ്ജസ്റ്റു ചെയ്യാമോ... ചിലതൊക്കെ വായിക്കാന്‍ നോക്കുന്പോള്‍ കണ്ണ് അടിച്ചുപോകുന്നു....

സാക്ഷരന്‍ said...

ടച്ചോ … ടച്ചോ … :)

ശെഫി said...

അനുവിന്റെ മറ്റു കവിതകള്‍ടെ അത്രേം ഇഷ്ടായില്ല,,
എഴുതാന്‍ വേണ്ടി എഴുതിയ പോലെ അല്ലെങ്കില്‍ ധൃതിപ്പെട്ട്‌ പോസ്റ്റാക്കിയ പോലെ..

ഇനിയും നന്നാവുമായിരുന്നു.

മാണിക്യം said...

അനിയന്‍സേ
അത്ര അങ്ങോട്ട് “ടച്ചോ” ആയില്ലാ..
എന്തൊ ഒന്നുണ്ട് പക്ഷെ
ഇത്തിരി കൂടി സ്‌ട്രോങ്ങ്
ആക്കാമായിരുന്നു ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ടച്ചോ.

Unknown said...

നല്ലതു പറഞ്ഞവര്‍ക്കും വായിച്ചുപോയവര്‍ക്കുമെല്ലാം നന്ദി. വാല്‍മീകി,ശ്രീ, പ്രയാസി, മൂര്‍ത്തി ...ഇപ്പോഴത്തെ പിള്ളേര്‍ ഇതിനെ ഫ്രീസ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ശെഫി, മാണിക്യം, സത്യത്തില്‍ എനിക്കും ഫീല്‍ ചെയ്തു, ഒരു വല്ലായ്മ. പ്രശ്നം പറ്റിയത് ഞാന്‍ പ്രാധാന്യം കൊടുക്കാന്‍ ഉദ്ദേശിച്ച ഭാഗത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല എന്നതാണ്. എഴുത്തില്ര് തോല്‍ വി തന്നെ. ഒരു ടച്ചോ പറഞ്ഞാല്‍ ജീവിതം നിശ്ചലമാവുന്ന ഒരു സ്ഥിതി ഉണ്ടായാല്‍ എന്ത് രസമായിരുന്നു എന്നോര്‍ത്തപ്പോള്‍ എഴുതിയതാണിത്. എന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പരാജയപ്പെട്ടു എന്ന് എനിക്കും ഒരു സംശയം തോന്നി.