Wednesday, October 08, 2008

പറയാത്തവയും കേള്‍ക്കാത്തവയും

ഓരോ നാവിലുമുണ്ട്
പറയപ്പെടാതെ
കെട്ടിനിന്ന് കയ്ക്കുകയും
ചെടിക്കുകയും ചെയ്യുന്ന
കുറെയേറെ വാക്കുകള്‍.
പ്രണയമോ വെറുപ്പോ
സ്നേഹമോ കാപട്യമോ
ഒക്കെ ഒളിഞ്ഞിരിക്കുന്നവ.
എത്ര സ്വപ്നം കാണണം ഇനി
അതൊക്കെയൊന്ന് പറഞ്ഞുതീര്‍ക്കാന്‍?
എല്ലാ കാതുകളിലുമുണ്ടാവും
കേള്‍ക്കാതെപോയ വര്‍ത്തമാനങ്ങളുടെ
ഒരു മഹാശബ്ദത്തിന്റെ വിങ്ങല്‍.
തെറിയോ ചിരിയോ
പായാരമോ കുശുമ്പോ ഒക്കെയാവാം.
ഏതുലോകത്തിലെ ശ്രവണസഹായിയിലാണ്
ഇനി അതൊക്കെ തെളിഞ്ഞുവരിക?
എന്നാലും
ഇങ്ങനെയൊക്കെയങ്ങ്
ജീവിച്ചുപോകുന്നത്
പറയാത്തത് കേള്‍ക്കാനും
എഴുതാത്തത് വായിക്കാനും
ഒരാളുണ്ടാകാത്തതുകൊണ്ടാണല്ലോ
എന്ന് ആശ്വസിക്കാറുണ്ട് വല്ലപ്പോഴുമെങ്കിലും.

4 comments:

Unknown said...

ഇങ്ങനെയൊക്കെയങ്ങ്
ജീവിച്ചുപോകുന്നത്
പറയാത്തത് കേള്‍ക്കാനും
എഴുതാത്തത് വായിക്കാനും
ഒരാളുണ്ടാകാത്തതുകൊണ്ടാണല്ലോ
എന്ന് ആശ്വസിക്കാറുണ്ട്,
വല്ലപ്പോഴുമെങ്കിലും.

sreeraj said...

oral koodi kettirikkunnu

Mahi said...

അനു നന്നായിട്ടുണ്ട്‌ ഇത്‌

തോന്ന്യാക്ഷരങ്ങള്‍ said...

"എല്ലാ കാതുകളിലുമുണ്ടാവും
കേള്‍ക്കാതെപോയ വര്‍ത്തമാനങ്ങളുടെ
ഒരു മഹാശബ്ദത്തിന്റെ വിങ്ങല്‍."
പറയാതെ പോകുന്ന വാക്കുകളേക്കാള്‍
ഭാരമില്ല ഈ ജീവിതത്തിന്‌ പോലും...
കേള്‍ക്കാനും പറയാനും മറന്ന വാക്കുകളുടെ
തീക്ഷ്മായ ഗന്ധം എവിടെയെല്ലാമോ
നിറഞ്ഞു നിന്നു ശ്വാസം മുട്ടിക്കുന്നത് എപ്പോഴാണ്!