Monday, October 25, 2010

പിന്‍വിളി

ഉരുകിയൊലിക്കുമ്പോഴും
കഴിഞ്ഞുവോ കഴിഞ്ഞുവോയെന്ന്
ഇരുളിലേക്ക്
ഒളിഞ്ഞുനോക്കുന്നുണ്ട് മെഴുകുതിരി.
നിന്റെ സ്‌നേഹത്തിന്റെ നിഴലില്‍ നിന്ന്
രാത്രിയുടെ മൃഗങ്ങളാരോ
മുരളി നില്‍ക്കുന്നുണ്ട്
അപ്പുറത്തെവിടെയോ.
ഹൃദയത്തില്‍ പ്രണയത്തിന്റെ മൂര്‍ച്ച കൊണ്ടവന്‍
മുറിവില്‍ നിന്നൊലിപ്പിച്ച
ഒരു തുള്ളി കണ്ണീരുമതിയായിരുന്നു
രാത്രിയെയാകെ നനച്ചെടുക്കാന്‍.
എന്നിട്ടും
എന്റെ പൊന്നുവെളിച്ചമേ
എന്തിനായിരുന്നു നീ ഇരുട്ടിന്
വഴികാട്ടിയായത്
വേനലിനെ കൈപിടിച്ച്
മനസ്സിന്റെ ആര്‍ദ്രതയിലേക്ക്
തെളിച്ചുകൊണ്ടുവന്നത്
എട്ടുകാലിവലയില്‍
മുഖം തടഞ്ഞവന്റെ
ആദ്യത്തെ പകച്ചുനില്‍ക്കല്‍
മാത്രമായിരുന്നോ
നീ പ്രണയം കൊണ്ട്
കണികാണിച്ചത്
അവസാനത്തെ ആളിക്കത്തല്‍
മാത്രം മതിയായിരുന്നു
എനിക്ക്...
അതുകഴിഞ്ഞാല്‍
ഞാന്‍ ഇരുട്ടിലേക്ക് നടന്നിറങ്ങുമായിരുന്നു.
പിടിച്ചുനിര്‍ത്തുവാന്‍ നീ്
അണഞ്ഞുതീരാറായ
വെറുമൊരു മെഴുതിരി മാത്രമല്ലെന്ന്
അറിഞ്ഞു തുടങ്ങുമ്പോള്‍,
ഒരു ഡിസംബര്‍ രാത്രിയിലേക്ക്
ആലിപ്പഴമായി വീഴുന്നത്
ഏതുമനസ്സിന്റെ കുളിര്‍മ്മയാണ്



1 comment:

Unknown said...

എട്ടുകാലിവലയില്‍
മുഖം തടഞ്ഞവന്റെ
ആദ്യത്തെ പകച്ചുനില്‍ക്കല്‍മാത്രമായിരുന്നോനീ പ്രണയം കൊണ്ട്കണികാണിച്ചത്?