Friday, July 22, 2011

വഴികാട്ടികള്‍

ഒന്നു നിര്‍ത്തണേയെന്ന്

കൈകാണിച്ച്

അടിവാരത്തുണ്ടായിരുന്നു രണ്ടുപേര്‍.

ഒരാള്‍

വെളുത്തുതുടുത്ത്,

എന്നിട്ടും കീറിപ്പറിഞ്ഞ കുപ്പായത്തിനുള്ളില്‍

ചകിരിനാരില്‍ കൊരുത്ത തൊപ്പിയും വച്ച്...

ഹൃദയത്തിലേക്കുള്ളവഴി മാത്രമേ

ഇനി കണ്ടെത്താനുള്ളൂവെന്നും

മറ്റേതുവഴിയും കാട്ടിത്തരാമെന്നും

നിലക്കാറായ ശ്വാസത്തിന്റെ ശബ്ദത്തില്‍...

മറ്റെയാള്‍

കുപ്പായത്തിന്റെ കലര്‍പ്പില്ലാത്ത,

കറുത്തുമെലിഞ്ഞ ശരീരത്ത്ിനുടമ.

അന്യന്റെ മനസ്സിലേക്കുള്ള പാതകളെല്ലാം

കൈവെള്ള പോലെ ഹൃദിസ്ഥമെന്ന്

രേഖകള്‍ തേഞ്ഞുപോയ കൈയുയര്‍ത്തി

രാവിലത്തെ ചായയുടെ കടുപ്പം ഓര്‍മ്മിപ്പിക്കുന്ന സ്വരത്തില്‍...

എങ്ങോട്ടുപോകാനാണിറങ്ങിയതെന്ന്

ഓര്‍ത്തെടുക്കാതെ

എങ്ങിനെയാണിവരോട് വഴിചോദിക്കുക?

No comments: