Sunday, February 18, 2007

യാത്രാമൊഴി

ഇത്രയൊക്കെയേയുള്ളൂവെന്ന്
ജീവിതത്തെ ചൂണ്ടി
വെറുതെ പറഞ്ഞ്‌
ഒരു ചിരി ചിരിക്കും.
മുഖത്ത്‌ നോക്കില്ല...
നടന്നകന്നിട്ടും
മറന്നതെന്തോ ഓര്‍ത്തെടുക്കുന്നപോലെ
തിരിച്ചുവരും...
പറഞ്ഞുവച്ചമാതിരിയാണെല്ലാം.
എന്നിട്ടും
ഒരിക്കല്‍
ചിരിച്ചുകൊണ്ടങ്ങ്‌
നടന്നുപോയി,
തിരിച്ചുവന്നില്ല.
കാത്തിരിപ്പിലാണിപ്പൊഴും.
വരുമായിരിക്കും.

8 comments:

Unknown said...

എന്നിട്ടും
ഒരിക്കല്‍
ചിരിച്ചുകൊണ്ടങ്ങ്‌
നടന്നുപോയി,
തിരിച്ചുവന്നില്ല.
കാത്തിരിപ്പിലാണിപ്പൊഴും,
വരുമായിരിക്കും.

സമയം കിട്ടിയാല്‍ വായിക്കൂ...

വിഷ്ണു പ്രസാദ് said...

എന്താണ് എല്ലാവരും കാത്തിരിപ്പുകാരാവുന്നത്...?

Kalesh Kumar said...

നന്നായിട്ടുണ്ട് അനു!

വിശാഖ് ശങ്കര്‍ said...

രണ്ടു പുതിയ കവിതകളും വായിച്ചു.എഴുത്ത് ചത്തില്ലെന്ന് മനസ്സിലായില്ലേ?
'emotional code'എന്നു വിളിക്കാവുന്ന ചില പെരുമാറ്റ ശൈലികളിലൂടെ നാം പരസ്പരമറിയാവുന്ന ചില ശൂന്യതകള്‍ കൈമാറാറുണ്ട്.അറിയാമങ്കിലും നമ്മള്‍ ആ ഭാവം നടിക്കാറില്ല.ഒന്നും പ്രതീക്ഷിച്ചല്ല.ചിലപ്പോള്‍ നാം നമ്മെത്തന്നെ പറ്റിക്കുന്നത് എന്തിനെന്ന് നമുക്കറിയില്ല.ഇവിടെ സംശയിക്കേണ്ടത് നമ്മളെത്തന്നെയല്ലേ..അതുകൊണ്ടു നമ്മള്‍ അത് ചെയ്യാറില്ല.എല്ലാറ്റിലും വിശ്വസിക്കുന്നു...വിശ്വസിക്കുന്നവയെ കാത്തിരിക്കുന്നു..പാവം ഈ നമ്മള്‍..

Unknown said...

അനിയന്‍സ്‌,

എന്നെ വിളിച്ചുവോ?
ഞാന്‍ ദേ വന്നു! :)
ഈ കവിത കൊള്ളാം.
ഇനി ബാക്കിയുള്ളതെല്ലാം വായിക്കാന്‍ വീണ്ടും വരും!

Rasheed Chalil said...

വരും.
വരാതിരിക്കില്ല.
വരാതെവിടെ പോവാന്‍.

അനിയന്‍സേ... :)

ak47urs said...

സത്യം പറഞ്ഞാല്‍ ജീവിതം ഇത്രയൊക്കെത്തന്നെയുള്ളൂ...
മടക്കയാത്ര സുനിശ്ചിതമല്ല എന്നറിഞ്ഞിട്ടും
എല്ലാവരും യാത്ര ചോദിച്ചാണ് പോകാറ്.

Unknown said...

വിഷ്ണൂ, കാത്തിരിക്കാതെ എന്ത് ജീവിതമാണ്? വന്നില്ലെങ്കിലും വരുമെന്ന വിശ്വാസത്തിനും കാത്തിരിപ്പ് നല്‍കുന്ന സുഖത്തിനും മറ്റൊന്നുമില്ല പകരം വയ്ക്കാന്‍.

കലേഷ് നന്ദി... ഒരു ക്ഷമാപണം പറയാനുണ്ട്. നാട്ടിലെത്തിയിട്ടാവാം.

വിശാഖ്..ആ പാവത്തമില്ലെങ്കില്‍ പിന്നെന്താണ് നമ്മള്‍? കൈമാറ്റങ്ങള്‍ ശൂന്യതയാണെങ്കില്‍ പോലും മനസ്സില്‍ നിറക്കുന്ന ചിലതുണ്ട് അതില്‍. അതൊരു സുഖമാണ്. ആ സുഖമാണ് ഓരോ തിരിച്ചുവരുമെന്ന വിശ്വാസത്തിലും. നല്ല വായനക്ക് നന്ദി.

യാത്രാമൊഴി... അങ്ങനെയെങ്കിലും വന്ന് വായിച്ചുപോയല്ലോ. നന്ദി...

ഇത്തിരിവെട്ടം... ഒരുപാട് കാര്യങ്ങളില്‍ ഇതേ പ്രതീക്ഷയുണ്ട്. വരുമെന്ന്... വരാതിരിക്കില്ലെന്ന്...

ഒന്നും മറക്കാത്തവരുടെ തിരിച്ചുവരവാണ് എ.കെ. 47 ഒരു മധുരമുള്ളത്. അപ്പോഴും ആ തിരിച്ചുവരവ് ഒരു യാത്ര പറച്ചിലിനാണെന്ന് പറയുകയുമില്ല.. അതുകൊണ്ടാണല്ലോ നമ്മളെല്ലാം കാത്തിരിപ്പുകാരാവുന്നത്.... നന്ദി...