Tuesday, February 27, 2007

ആരും കേള്‍ക്കാത്തവ

മുറിച്ചിട്ട പല്ലിവാലിലും
മരിച്ച വാക്കിലുമുണ്ട്
ഒടുക്കത്തെ ഒരു പിടച്ചില്‍.
കാറ്റും കടലും പൂമ്പാറ്റച്ചിറകും
മിടിച്ചുകൊണ്ടേയിരിക്കും.
കുന്നിന്റെയുള്ളിലെ വിങ്ങല്‍
മരം പോലും അറിയുകയേയില്ല.
പാട്ടും കരഘോഷവും
ഒതുങ്ങിയാലും
സദസ്സിലെവിടെയോനിന്നുയരും,
ഒറ്റപ്പെട്ടൊരു കൈയടിയോ കൂവലോ.
മറ്റുള്ളവരുടെ തരംഗദൈര്‍ഘ്യവുമായി
ഒത്തുപോകാന്‍ മടിക്കുന്ന
ഒടുവിലത്തെ ചലനത്തിലാണ്
ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയമിടിപ്പുകള്‍
തിരിച്ചറിയപ്പെടുന്നത്.

17 comments:

Unknown said...

പാട്ടും കരഘോഷവും
ഒതുങ്ങിയാലും
സദസ്സിലെവിടെയോനിന്നുയരും,
ഒറ്റപ്പെട്ടൊരു കൈയടിയോ കൂവലോ....

ഒരു കവിത കൂടി

സു | Su said...

തിരസ്കരിക്കപ്പെട്ടവരുടെ തേങ്ങല്‍. അത് കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ തേങ്ങല്‍. രണ്ടും കൂടെ ഉയര്‍ന്ന സ്വരമാവും.

വല്യമ്മായി said...

"മറ്റുള്ളവരുടെ തരംഗദൈര്‍ഘ്യവുമായി
ഒത്തുപോകാന്‍ മടിക്കുന്ന
ഒടുവിലത്തെ ചലനത്തിലാണ്
ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയമിടിപ്പുകള്‍
തിരിച്ചറിയപ്പെടുന്നത്."

അതെ ഒറ്റപ്പെടുന്നവര്‍ ശ്രദ്ദിക്കപ്പേടണമെങ്കില്‍ ശബ്ദമുണ്ടാക്കിയേ തീരൂ.

നല്ല നീരീക്ഷണം അനിയന്‍സ്

ak47urs said...

സ്ക്രാപ്പില്‍ വായിച്ചപ്പോള്‍ എനിക്കു തോ ബ്ലോഗില്‍ വന്നു കമന്റ് ചെയ്യണമെന്ന്..
അവഗണിക്കപ്പെട്ടവന്റെ ആത്മരോക്ഷം നന്നായിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

കുന്നിന്റെയുള്ളിലെ വിങ്ങല്‍
മരം പോലും അറിയുകയേയില്ല.


എന്ത് മനോഹരം ഈ വരികള്‍...പക്ഷേ ബാക്കിയുള്ള വരികള്‍ നന്നെങ്കിലും അവയ്ക്ക് ഇതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ എന്തോ ഒരു യോഗ്യതക്കുറവുണ്ടെന്ന് തോന്നുന്നു.ഒരു എഡിറ്റിങ് ആവശ്യമാണ്...
ആദ്യം ഇത് പറയാന്‍ തോന്നിയില്ല.

വേണു venu said...

ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയമിടിപ്പുകള്‍
നന്നായി അനിയന്‍സേ...മനോഹരം എന്നു തന്നെ ഞാന്‍ പറയും.

salil | drishyan said...

കൊള്ളാം അനിയന്‍‌സേ...

സസ്നേഹം
ദൃശ്യന്‍

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു. ചലനം /മിടിപ്പുകള്‍/അതിനുവേണ്ടിയൂള്ള ബലികള്‍ എന്നിവയെ കനിവുള്ള കണ്ണുകളുമായി പിന്തുടരുന്നു ഈ വരികള്‍..
അഭിനന്ദനങ്ങള്‍
ആശംസകള്‍

സുല്‍ |Sul said...

"ആരും കേള്‍ക്കാത്തവ"

നന്നായിരിക്കുന്നു അനിയന്‍സേ.

“മുറിച്ചിട്ട പല്ലിവാലിലും
മരിച്ച വാക്കിലുമുണ്ട്
ഒടുക്കത്തെ ഒരു പിടച്ചില്‍.“

-സുല്‍

ഇട്ടിമാളു അഗ്നിമിത്ര said...

വായിച്ചു കഴിഞ്ഞപ്പോള്‍ .. എഴുതാതെ വിട്ട, ആരും വായിക്കാതെ പോയ ചില വരികളുടെ പിടച്ചില്‍ .. അങ്ങിനെയുണ്ടോ...?ചുമ്മാ തോന്നിയതാവും അല്ലെ?

Anonymous said...

as vishu prakash mentioned, there some contrast with the other lines..
anyway a nice one
go on...

Peelikkutty!!!!! said...

നല്ല നീരീക്ഷണം .. നന്നായിട്ടുണ്ട്.

കാശിതുമ്പകള്‍ said...

മറ്റുള്ളവരുടെ തരംഗദൈര്‍ഘ്യവുമായി
ഒത്തുപോകാന്‍ മടിക്കുന്ന
ഒടുവിലത്തെ ചലനത്തിലാണ്
ഉപേക്ഷിക്കപ്പെട്ടവന്റെ ഹൃദയമിടിപ്പുകള്‍
തിരിച്ചറിയപ്പെടുന്നത്....

ഒരാള്‍കൂട്ടത്തീന്റെ കരഘോഷം അതില്‍
വിമര്‍ശനമാവാം അഭിനന്ദനമാവാം
തിരിച്ചറിയപെടുന്നില്ല അഭിനന്ദനമാണെന്നു കരുതും!
വീണ്ടു വിചാരത്തിന്റെ തിരിച്ചറിവുകള്‍!
അതൊരൊറ്റ പെട്ട കയ്യടിയാവാം!
അതുമല്ലെങ്കിലൊരു കൂവല്‍!
തിരിച്ചറിയാം ഒത്തുപോകാന്‍ പറ്റുമോ ഇല്ലയോ
എന്ന ഒടുവിലത്തെ ചലനം ഉപേക്ഷിക്കപെട്ട
ഹൃദയമിടിപ്പുകള്‍!!

Unknown said...

മറ്റ് പല കവിതയുടേയും സാമ്യം തോന്നിക്കുന്ന വരികള്‍. എങ്കിലും

വളരെ നല്ല കവിത. കീപ് ഇറ്റ് അപ്പ്

Rasheed Chalil said...

:)

വിശാഖ് ശങ്കര്‍ said...

പിടച്ചിലും മിടിപ്പും, ഒറ്റപ്പെട്ട കൈയ്യടിയും കൂവലും ഒക്കെ സൂചിപ്പിക്കുന്നത് അന്യവല്‍ക്കരിക്കപ്പെട്ട അസ്തിത്വങ്ങളുടെ അടങ്ങാത്ത ചെറുത്തുനില്‍പ്പാണ്.ഉപേക്ഷിക്കപ്പെട്ടവന്റെ അവസാന മിടിപ്പില്‍പ്പോലും അതുണ്ടാവും..ആരും കേള്‍ക്കാത്തതിനായി കാതോര്‍ക്കുന്നവന് അത് പ്രചോദനമാവും..

Unknown said...

നന്ദി, എല്ലാവരുടെയും നല്ല വായനക്ക്...
ചലനങ്ങളായിരുന്നു ഈ കവിത എഴുതുമ്പോള്‍ മനസ്സില്‍...
ഓരോ ചലനത്തിനും ഓരോ സ്വഭാവമുണ്ടെന്നാണ് ആദ്യം തോന്നിയത്...
പിന്നീടാണ് ഒറ്റപ്പെട്ടുപോകുന്ന ചലനങ്ങളും അവയുടെ അനന്തര ഫലങ്ങളും മനസ്സിലെത്തിയത്.
സൂ നാമെല്ലാം ചിലപ്പോഴെങ്കിലും തിരസ്കരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നവരല്ലേ?
വല്ല്യമ്മായീ... ആ ശബ്ദം പോലും ഒറ്റപ്പെട്ടതാവുന്നവനെക്കുറിച്ച് എന്ത് പറയാന്‍ കഴിയും?
എകെ 47 നന്ദി...
വിഷ്ണൂ, ഹനീഷ്, എനിക്ക് തോന്നിയില്ല ആ വല്ലായ്മ... എന്തോ അത് എഴുതിയ ഞാന്‍ എന്റെ വായനക്കോണില്‍ നിന്ന് മാത്രം കാണുന്നതുകൊണ്ടാവും. ജൈവലോകത്തിന്റെ ചലനത്തെ മറ്റുള്ളവക്കൊപ്പം ചേര്‍ത്ത് നിര്‍ത്താനായിരുന്നു എന്റെ ശ്രമം.

വേണു, ദൃശ്യന്‍, സുല്‍... നന്ദി... നല്ല വായനക്ക്...

ലാപുട... എനിക്ക് എന്റെ വരികളോളം തന്നെ പ്രധാനം തന്നെയാണ് താങ്കളുടെ വായ്യും, അഭിപ്രായവും...
ഇട്ടിമാളൂ, അങ്ങനെയുണ്ടോ? ഉണ്ടാവും. കുറെ വരികളെ എഴുതാതെ വിട്ടാലല്ലേ, കുറെ കാര്യങ്ങള്‍ പറയ്തിരുന്നാലല്ലേ ചിലത് നന്നായി എന്ന് തോന്നുന്നപോലെ പറയാന്‍ കഴിയൂ.
പീലിക്കുട്ടീ, ആദ്യമായാണ് താങ്കള്‍ ഇതുവഴി വന്നതെന്ന് തോന്നുന്നു, നന്ദി..

കാശിത്തുമ്പകള്‍, നമ്മള്‍ ആള്‍ക്കൂട്ടത്തിന്റെ കരഘോഷങ്ങളെയും കൂവലുകളെയും വായിക്കുന്നത് ചില മുന്‍ വിധികളോടെയല്ലേ? അതിനിടയില്‍ ഒറ്റപ്പെടുന്നവനെ ആരാണ് വീണ്ടുവിചാരത്തിന് വിട്ടുകൊടുക്കുന്നത്?

ഇരിങ്ങല്‍, സാമ്യം തോന്നിയത് മറ്റുള്ളവരുടേതിനോടോ എന്റേതിനോടോ എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു. ഒരിക്കലും ആവര്‍ത്തിക്കാതിരിക്കണേ എന്നാണ് എഴുതുമ്പോള്‍ ഒക്കെയും ആഗ്രഹം.

ഇത്തിരിവെട്ടം, ആ ചിരിയ്ക്ക് പ്രത്യേക നന്ദി...
വിശാഖ്
ഭൂമിയിലും ജൈവലോകത്തുമൊക്കെയില്ലേ അത്തരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ശബ്ദങ്ങളും ചലനങ്ങളും... ഉപേക്ഷിക്കപ്പെടുന്നവ... നന്ദി.. വായനക്ക്...