Monday, March 05, 2007

തിരിച്ചുപോക്ക്

നഗരത്തിന് പുറത്തുകടക്കുമ്പോള്‍
തിരിഞ്ഞുനോക്കി
യാത്രപറയാതെ
കളിയാക്കിയൊരു ചിരി.
കണ്ണാടിക്ക് പുറത്ത്
പിന്നോട്ട് പായുന്ന ഒട്ടകപ്പാതകളില്‍
മണലുപ്പിന്റെ വിയര്‍പ്പിനെ
മനസ്സ് കൊണ്ട് ഒരാലിംഗനം.
നിളപോലെ ശാന്തമായ കടലിലേക്ക്
യുദ്ധം ചെയ്യുന്നമനസ്സിറക്കിവിട്ട്
കളിയറിയാതെ കണ്ടിരിക്കുന്ന
കാഴ്ചക്കാരന്റെ നിസ്സംഗത.
നഗരത്തിന് പുറത്തുകടക്കുമ്പോള്‍
ഓര്‍ക്കുവാനുള്ളതെല്ലാം മറന്നുവച്ച്
സഞ്ജീവനിയുടെ രഹസ്യമന്ത്രം ഗ്രഹിച്ച്
മരിച്ചിറങ്ങുന്ന അവസാനത്തെയാളായി...
നഗരത്തിനു പുറത്ത് ട്രാഫിക് നിയമങ്ങള്‍ക്ക്
മുറിഞ്ഞുതൂങ്ങിയ കൈവിരലുകളുടെ
കൃത്യതയേയുള്ളല്ലോ.
സ്വപ്നങ്ങള്‍ക്ക് ജീവിതത്തിന്റെ സെന്‍സര്‍ഷിപ്പില്ലല്ലോ.

4 comments:

Unknown said...

മടക്കയാത്രയാണ്, നാട്ടിലേക്ക്... ഇത്രയും എഴുതാന്‍ തോന്നി. സമയം കിട്ടിയാല്‍ വായിക്കൂ...

....നഗരത്തിനു പുറത്ത് ട്രാഫിക് നിയമങ്ങള്‍ക്ക്
മുറിഞ്ഞുതൂങ്ങിയ കൈവിരലുകളുടെ
കൃത്യതയേയുള്ളല്ലോ.
സ്വപ്നങ്ങള്‍ക്ക് ജീവിതത്തിന്റെ സെന്‍സര്‍ഷിപ്പില്ലല്ലോ.

വിഷ്ണു പ്രസാദ് said...

അനിയാ,നാട്ടിലേക്ക് വരികയാണോ....

Unknown said...

വിഷ്ണൂ, നാട്ടിലേക്ക്‌ വരികയാണ്‌, അടുത്തമാസം രണ്ടിന്‌... കവിതയെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല...

Promod P P said...

അനിയന്‍
തീവ്രങ്ങളായ വരികള്‍..
ഓരൊ നഗരവും നമുക്ക് തരുന്നത് ഓരോ ജീവിതങ്ങളാണ്. ഒഴിഞ്ഞു വരുമ്പോള്‍ ഉപേക്ഷിച്ച് പോരുന്നതും അതേ ജീവിതങ്ങളെ തന്നെ..
വിനയചന്ദ്രന്റെ ഒരു പഴയ കവിത ഓര്‍മ്മ വന്നു..
നാട്ടിലേയ്ക്കെന്നു പോകുന്നു? ചോദിയ്ക്കുന്നു കൂട്ടുകാര്‍-
കൂടെ കിടക്കുന്ന പുസ്തക കൂട്ടങ്ങള്‍...

തുറമുഖം വിട്ടു പോകാന്‍ സൂചന തരുന്ന കാളം മുഴങ്ങുമ്പോഴൊക്കെയും നഗരം തന്ന മായക്കാഴ്ച്കകളാണ് മനസ്സിനെ മഥിയ്ക്കുക..
നല്ല കവിത
ആശംസകള്‍...

qw_er_ty