Sunday, March 25, 2007

മറവിയുടെ ഓര്‍മ്മപ്പുസ്തകം

ആഗ്രയില്‍ താജ് മഹലിനു മുന്നില്‍ കാമറയുടെ ഫ്ലാഷ് മിന്നിത്തീര്‍ന്നപ്പോള്‍ ചുമലില്‍ നിന്ന് കൈയെടുത്ത് അഞ്ജലി ഗോയല്‍ ചോദിച്ചു.
ഞാനില്ലായിരുന്നെങ്കില്‍ നീ എന്ത് ചെയ്യുമായിരുന്നു? ഞാന്‍ ഇല്ലാതായാല്‍ നീ എന്താണ് ചെയ്യുക?
ചോദ്യത്തിന് ഉത്തരം പറയാതെ ജഗ് ജിത് സിംഗിന്റെ വരികളില്‍ അഭയം തേടി.
താജ് മഹല്‍ മേം ഏക് ഹീ കമീ ഥീ
ഹം നേ തേരേ തസ് വീര്‍ ലഗായാ
രണ്ടാളും ഉറക്കെ ചിരിച്ചപ്പോള്‍ തൊട്ടടുത്ത് കൂടി നടക്കുകയായിരുന്ന രണ്ട് വിദേശികള്‍ അതില്‍ പങ്ക് ചേര്‍ന്നുകൊണ്ട് നടന്നു. കാരണമറിയാതെ, ഒരു ചെലവുമില്ലാത്ത ഒരു ചിരി അവര്‍ പങ്കിട്ടെടുത്തു.

******
ബേലൂര്‍ മഠത്തിലെ നിശബ്ദതയില്‍ വച്ചാണോ വിക് ടോറിയ മെമ്മോറിയലിനു മുന്നിലെ പുല്‍ത്തകിടിയില്‍ മഞ്ഞുതുള്ളികള്‍ക്കു മേല്‍ പരസ്പരം തൊട്ടിരിക്കുമ്പോഴാണോ എന്നോര്‍മ്മയില്ല, സുനിപ സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞു. “നിന്റെ പ്രണയം ഇല്ലാതാകുന്ന നിമിഷം എന്നില്‍ ശ്വാസം അവശേഷിക്കുണ്ടാവുന്നില്ല. നിന്റെ സ്പര്‍ശം എന്റെ ഹൃദയത്തില്‍ ഇല്ലാതായാല്‍ അതിന് മിടിക്കാനാവില്ല.“

മനസ്സിന് കുളിര്‍മ്മയേറ്റുന്ന പ്രണയ വാക്യങ്ങളുടെ സുഖ ശീതളിമയിലിരുന്നുകൊണ്ടുതന്നെ വെറുതെ രണ്ട് വരികളോര്‍ത്ത് പറഞ്ഞു.
മജ് ബൂരീ കേ മൌസം മേം ഭീ
ജീനാ പഡ് താ ഹൈ
നിനക്കൊന്നും മനസ്സിലാവില്ലെന്ന് അവള്‍ മുഖം വീര്‍പ്പിച്ചു. ചിരിച്ചുകൊണ്ടുള്ള ക്ഷമ ചോദിക്കലിന്റെ കീഴടങ്ങലില്‍ ഒരു സന്ധ്യ അവസാനിച്ചു.
******
ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് ജട്ടിയില്‍ ഒരു യാത്രയയപ്പിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അന്നാ മരിയ പറഞ്ഞു. “എന്തോ നീ തിരിച്ചുവരില്ലെന്ന് എനിക്കിപ്പോ തോന്നുന്നു. വരാന്‍ പാടില്ലെന്ന് നിന്നോട് ആരൊക്കെയോ ആവശ്യപ്പെടുന്നതുപോലെ. ഒരുപക്ഷേ അത് ഞാന്‍ തന്നെയാവാം.” മനസ്സിലാകായ്കയുടെ ഞെട്ടല്‍ നിശബ്ദതയുടെ ഒരു നീണ്ട ഇടവേളയാണ് സൃഷ്ടിച്ച് നല്‍കിയത്.ഒരു സിനിമാക്കവിതയിലൂടെ ഞാന്‍ അതിനെ ഭേദിച്ചുകളഞ്ഞു.
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണ്
പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നില്‍ അലിയുന്നതേ നിത്യ സത്യം.

*****
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരോള്‍ ബാഗിലെ ഇടുങ്ങിയ ഗലിയിലൂടെ ഒരു ഫ്ലാറ്റിലേക്ക് അഞ്ജലി ഗുപ്ത സ്വാഗതമേകി. അപ്പോള്‍ അവള്‍ പത്ര പ്രവര്‍ത്തകയായിരുന്നില്ല. “വെയര്‍ ആര്‍ യു ദീസ് ഡേയ്സ് മാന്‍?” തന്റെ പതുപതുത്ത കൈ പിന്‍ വലിക്കാതെ അവള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ അകത്ത് ഒരു കുഞ്ഞ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കരച്ചില്‍ തുടങ്ങിയിരുന്നു.

*****
രബീന്ദ്ര സദന്റെ പടികളിരുന്ന് താഴെ നിലത്തേക്ക് നോക്കി സുനിപ സര്‍ക്കാര്‍ പറഞ്ഞു. “ നമുക്ക് പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ. എന്താണിങ്ങനെയെന്ന് മാസങ്ങള്‍ ചിന്തിച്ചിട്ടും പിടികിട്ടുന്നുമില്ല”.
തിരിച്ച് പറയാനോങ്ങിയ വാക്കുകളെ തടഞ്ഞുകൊണ്ട് അവള്‍ കൂട്ടിച്ചേര്‍ത്തു. “പരസ്പരം യോജിക്കാത്തവയെ ഇനിയും നാം കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം. നല്ല സുഹൃത്തുക്കളായിരിക്കാം.” പണ്ടെന്നോ കണ്ട ഒരു സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതറിയുമ്പോഴേക്കും അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങിയിരുന്നു.
*****
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിറങ്ങുമ്പോള്‍ അന്നയുടെ മമ്മയുണ്ടായിരുന്നു അവിടെ. ഒരുകല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മമ്മ പറഞ്ഞു. “അവള്‍ക്കുറപ്പുണ്ടായിരുന്നു നീ വരുമെന്ന്. പക്ഷേ കാത്തിരിക്കാന്‍ അവള്‍ക്ക് മനസ്സുണ്ടായിരുന്നില്ല.”

Sunday, March 11, 2007

നിശബ്ദതയുടെ മൂന്ന് കവിതകള്‍

ഒന്ന്

വാക്കുകള്‍
ഉണങ്ങിക്കൊഴിഞ്ഞ്
കരിഞ്ഞു നില്‍ക്കുന്ന
മൌനം മാത്രമാകുന്നിടത്താണ്
സൌഹൃദങ്ങളുടെ
വന്‍ മരങ്ങള്‍
പിഴുതു വീഴുന്നത്

രണ്ട്

ആരും മിണ്ടാനില്ലാതെയാകുമ്പോള്‍
അവനവനോട്
പിന്നെ
മരങ്ങളോട്
ചെടികളോട്
കിളികളോട്
മൃഗങ്ങളോട്...
ആരോടും ഒന്നും പറയാനും
ആരും കേള്‍ക്കാനും
നില്‍ക്കാത്ത
നിശബ്ദതയില്‍
ഭൂമിയുടെ ഹൃദയമിടിപ്പുകള്‍...
ഒറ്റയാകുമ്പോഴത്തെ ശബ്ദമില്ലായ്മ
വെറും ആഗ്രഹം മാത്രമെന്ന്
തിരിച്ചറിയാതെങ്ങനെ?

മൂന്ന്

ആള്‍ക്കൂട്ടത്തില്‍
ആരും പറയുന്നതൊന്നും
തിരിയാതെ
പോക്കറ്റിലെ മൊബൈല്‍ പാട്ട്
കേള്‍ക്കാതെ
നടന്ന്
മുറിക്കുള്ളില്‍
ഫാന്‍ മുരള്‍ച്ചയിലേക്കോ
തണുപ്പിക്കുന്ന അലര്‍ച്ചയിലേക്കോ
എത്തുമ്പോഴാണ്
ഓര്‍ക്കുക;
എന്തൊരു നിശബ്ദതയായിരുന്നു ഇത്ര നേരവും.

Monday, March 05, 2007

തിരിച്ചുപോക്ക്

നഗരത്തിന് പുറത്തുകടക്കുമ്പോള്‍
തിരിഞ്ഞുനോക്കി
യാത്രപറയാതെ
കളിയാക്കിയൊരു ചിരി.
കണ്ണാടിക്ക് പുറത്ത്
പിന്നോട്ട് പായുന്ന ഒട്ടകപ്പാതകളില്‍
മണലുപ്പിന്റെ വിയര്‍പ്പിനെ
മനസ്സ് കൊണ്ട് ഒരാലിംഗനം.
നിളപോലെ ശാന്തമായ കടലിലേക്ക്
യുദ്ധം ചെയ്യുന്നമനസ്സിറക്കിവിട്ട്
കളിയറിയാതെ കണ്ടിരിക്കുന്ന
കാഴ്ചക്കാരന്റെ നിസ്സംഗത.
നഗരത്തിന് പുറത്തുകടക്കുമ്പോള്‍
ഓര്‍ക്കുവാനുള്ളതെല്ലാം മറന്നുവച്ച്
സഞ്ജീവനിയുടെ രഹസ്യമന്ത്രം ഗ്രഹിച്ച്
മരിച്ചിറങ്ങുന്ന അവസാനത്തെയാളായി...
നഗരത്തിനു പുറത്ത് ട്രാഫിക് നിയമങ്ങള്‍ക്ക്
മുറിഞ്ഞുതൂങ്ങിയ കൈവിരലുകളുടെ
കൃത്യതയേയുള്ളല്ലോ.
സ്വപ്നങ്ങള്‍ക്ക് ജീവിതത്തിന്റെ സെന്‍സര്‍ഷിപ്പില്ലല്ലോ.