Wednesday, December 06, 2006

വീട്ടിലേക്കുള്ള കൈച്ചൂണ്ടി

വീട്‌ വിട്ടിറങ്ങിയാല്‍
എല്ലാ വഴികളും വീട്ടിലേക്കുതന്നെ
പാടം കടന്ന്,
സിമന്റ്‌ വരമ്പിലെ ഇളകിയ കല്ലിലും
വാഴത്തോപ്പിലെ കരിയിലകളിലും
താളമുണര്‍ത്തി
ഓട്ടോറിക്ഷയുടെ കയറ്റം കയറലും
ബസ്സിരമ്പവും
കലുങ്കിലെ കാറ്റേല്‍ക്കലും
വിരല്‍ മുട്ടിലെ മാര്‍ബിള്‍ നോവും കഴിഞ്ഞാല്‍
കഴുക്കോല്‍ തിന്നുന്ന ചിതലുകളിലേക്കാവും
മലര്‍ന്നുകിടക്കുക,
ഓട്ടിടയിലൂടെ ഒഴുകിവീഴുന്ന
മഴത്തുള്ളിയുടെ ഈറന്‍ ചുംബനത്തിലേക്കാവും
ഇരുട്ടില്‍ കണ്ണുതുറക്കുക.

ഒടുക്കമില്ലാത്ത തീവണ്ടിപ്പാതകളും
ലോഡ്ജു മുറിയിലെ നിശബ്ദ പ്രണയവും
കാമ്പസ്‌ മുദ്രാവാക്യവും
പരിഭവങ്ങളുടെ കാമുകിയും
അരണ്ട വെളിച്ചത്തിലെ ലഹരിച്ചവര്‍പ്പും
ഒരിക്കലും വട്ടത്തിലാകാത്ത പുകവാലും കടന്നാല്‍
നിലത്തുറക്കാത്ത കാലുകള്‍
കയ്യാല ചാടി
തുറന്നു കിടക്കുന്ന ജനാലയെത്തന്നെ
തേടിപ്പിടിക്കും.

കടല്‍ക്കാറ്റും കപ്പല്‍ച്ചൊരുക്കും
ആകാശത്തണുപ്പിന്റെ ചെവിമൂടലും
പ്രാരാബ്ധക്കണക്കും പതംപറച്ചിലും കഴിഞ്ഞാല്‍
തല ചായ്ക്കുന്നത്‌
അമ്മയുടെ മടിയിലെ ചൂടിലേക്ക്‌ തന്നെയാവണം.
ഇറയത്ത്‌ നിവര്‍ന്നുകിടക്കാന്‍
വാഴത്തൈയുടെ നെടുംനാമ്പും
പിന്നെ തൊടിയിലിത്തിരി മണ്ണും...
അല്ലെങ്കിലും വീട്‌ വിട്ടാല്‍
വഴികളെയെല്ലാം നയിക്കുന്നത്‌
വീട്ടിലേക്കുള്ള കൈച്ചൂണ്ടി തന്നെ.

21 comments:

aniyans said...

വീട്‌ വിട്ടിറങ്ങിയാല്‍
എല്ലാ വഴികളും വീട്ടിലേക്കുതന്നെ....
വീട്ടിലേക്കുള്ള കൈച്ചൂണ്ടി.. പുതിയ പോസ്റ്റ്‌...

സു | Su said...

അനിയാ :) കവിത ഇഷ്ടമായി. മനസ്സെന്ന കൈച്ചൂണ്ടി എന്നും വീട്ടിലേക്ക് നയിക്കും, ചിന്തകളെ. വീട് വിട്ടാല്‍പ്പിന്നെ.

രാജു ഇരിങ്ങല്‍ said...

കവിത ഇഷ്ടമായി അനിയന്‍സ്.
വീട് വിട്ടിറങ്ങിയാല്‍ എല്ലാ വഴികളും വീട്ടിലേക്കുതന്നെ യെന്ന വേദനിപ്പിക്കുന്ന ഓര്‍മ്മ ഇഷ്ടമായി.

അതുല്യ said...

അനിയാ തിരിച്ചു വന്നൂലോ എന്റെ ഉണ്ണിയേ..

ഞാനും എന്നും ഓര്‍ക്കും
തിരിച്ച്‌ പോവാനൊരു വീടും
കാത്തിരിയ്കാന്‍ ഒരമ്മയും
കല്‍ചെട്ടിയിലേ പുഴുക്കും
വൈകുന്നേരങ്ങളിലെ മുറ്റമടിയും
പിന്നെ കോട്ടുവായക്കൊപ്പം അല്‍പം നാരായണയും

ഇപ്പോ ഒന്നുമില്ല്യാ മനസ്സിലു.. ശൂന്യം..

ഇഷ്ടായി എഴുത്ത്‌.

കുറുമാന്‍ said...

കവിതക്കു കമന്റിടാന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി പ്രയാസമാ. കവിത ഇഷ്ടമായി.

പാര്‍വതി said...

അര്‍ത്ഥവത്തായ വരികള്‍..

അഭിനന്ദനങ്ങള്‍.

-പാര്‍വതി.

അഗ്രജന്‍ said...

കുറുമാന്‍ പറഞ്ഞ കൂട്ടത്തിലാ ഞാനും.

തിരിച്ചു വന്നതില്‍ സന്തോഷം.

സാഹചര്യങ്ങള്‍ അനുവദിക്കുന്ന കാലത്തോളം, സ്നേഹവും പരിഭവും നിറഞ്ഞ ഇവിടെ നിന്നും നമുക്ക് അത്രയെളുപ്പം വിട്ട് നില്‍ക്കാനാവില്ല.

Sul | സുല്‍ said...

അനിയാ ഇതു അസ്സല്‍ കവിത
ഇതു മനസ്സിലായി, ഇഷ്ടായി.

ഒന്നു ചിന്തിച്ചാല്‍ എല്ലാവഴിയും നമ്മിലേക്കെത്തുന്നില്ലെ?
ആരും വരുന്നില്ലെന്നു മാത്രം.
(ഇന്‍‌വിറ്റേഷന്‍ കൊടുത്തു നോക്കണം)

ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍.
ആശംസകള്‍

-സുല്‍

Navan said...

നല്ല കവിത. :)

Ambi said...

*കടല്‍ക്കാറ്റും കപ്പല്‍ച്ചൊരുക്കും
ആകാശത്തണുപ്പിന്റെ ചെവിമൂടലും
പ്രാരാബ്ധക്കണക്കും പതംപറച്ചിലും കഴിഞ്ഞാല്‍
തല ചായ്ക്കുന്നത്‌
അമ്മയുടെ മടിയിലെ ചൂടിലേക്ക്‌ തന്നെയാവണം.*

ഒരുപാട് നന്നായി ..ഒത്തിരി ഇഷ്ടപ്പെട്ടു..
ഈ നാലുവരി മാത്രമല്ല..

പാരിപ്പള്ളിയിലാണല്ലേ..അയല്‍ക്കാരാണ്..:)

ജ്യോതിര്‍മയി said...

അനിയന്‍സേ,

വരികള്‍ ഇഷ്ടമായി.

വീട്ടില്‍ ഒതുങ്ങാവുന്നതേക്കാള്‍ അഹങ്കാരം വലുതാവുമ്പോള്‍ ഈയാമ്പാറ്റപോലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ തേടിത്തേടിയലഞ്ഞ്‌ ചിറകൊടിയാറാവുമ്പോള്‍ വീട്ടിലേയ്ക്കുള്ള വഴിപോലും മറന്നുപോവുന്നു. കൈച്ചൂണ്ടികള്‍ കാണാതെപോകുന്നു.
എങ്ങനെയെങ്കിലും എനിയ്ക്കും എന്റെ പാര്‍പ്പിടത്തിലേയ്ക്കെ‍- പിറപ്പിടത്തിലേയ്ക്കെത്തണം.

വിഷ്ണു പ്രസാദ് said...

ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍...
അനിയാ,കവിത നന്നായി.

Anonymous said...

very nice

പി. ശിവപ്രസാദ് said...

അനിയാ (പേരല്ല),
ഈ കവിത എന്നെ 'വല്ലാതെയാക്കി' എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ! രാവിലെ പൊന്നുമോള്‍ വിളിച്ച്‌ 'അച്ചന്‍ ഇഞ്ഞ്‌ വന്നാമതി..' എന്ന്‌ പറഞ്ഞപ്പോള്‍ തുടങ്ങിയ വെപ്രാളമാ. ഇപ്പോള്‍ അനിയന്റെ കവിതയുടെ ലോകം മറ്റൊരു വീടായി. ഈ കവിതയെ ബ്ലോഗില്‍ ഒതുക്കി തളയ്ക്കല്ലേ അനിയാ. തുറന്നുവിട്‌ അതിനെ, ഏതെങ്കിലും വാരികയുടെ വിലാസത്തിലേക്ക്‌.

തറവാടി said...

കവിതാസ്വാദനത്തില്‍‍ ഞാന്‍ ശിശു ,

വരികള്‍ വായിച്ചു , സത്യമെന്ന് തോന്നി

ഓ തിരിച്ചു വന്നുവോ , നന്നായി.

deepa said...

hi....
really intersting... every one..... I am deepa....

Anonymous said...

കവിത കണ്ടു അനൂ,
ചിലയിടത്ത് വല്ലാത്ത ക്ലീഷേ,
പക്ഷേ മൊത്തത്തില്‍ ഇഷ്ടായീ...
ഒരുകാര്യം സത്യം
“നമ്മള്‍ ഉപേക്ഷിച്ച് വന്ന വീടാണ് അമ്മ”
അതൊരു “എസ്റ്റാബ്ലിഷ്മെന്റ്”ആണെന്ന് ആക്ഷേപവും കേള്‍ക്കുന്നുണ്ട്...
വീട്ടിലേയ്ക്കുള്ള വഴി മറന്നിരിക്കുവായിരുന്നു, ഓര്‍മ്മിപ്പിച്ചതിനു “ഡാങ്ക്..സ്സ്”
ലോന

സങ്കുചിത മനസ്കന്‍ said...

അനൂ,
പി യുടെ വരി ഓര്‍മ്മയുണ്ടോ:

വീട്ടിലേക്കൊന്ന് പോയ് വരാന്‍ മോഹം...

കലേഷ്‌ കുമാര്‍ said...

അസ്സലായി അനു!

aniyans said...

നന്ദി എല്ലാര്‍ക്കും, വായിച്ചവര്‍ക്കും വായിച്ച്‌ കമന്റിയവര്‍ക്കും വായിക്കാതെ വിട്ടവര്‍ക്കും..
സൂ, എവിടെയൊക്കെപ്പോയാലും വീട്ടില്‍ നിന്ന് പുറത്തേക്ക്‌ കൊണ്ടുപോകുന്ന വഴികള്‍ തന്നെ തിരിച്ചും കൊണ്ടെത്തിക്കും. അത്‌ മനസ്സില്‍ വേണ്ടെന്ന് കരുതിയാല്‍ പോലും...

നന്ദി ഇരിങ്ങല്‍ വായനക്ക്‌... നന്ദി.

അതുല്യേച്ചീ ഇതുതന്നെയാണ്‌ പറഞ്ഞത്‌ ഇറങ്ങിപ്പോകുന്ന വഴികള്‍ തിരിച്ചുവരാന്‍ കൂടിയുള്ളതാണെന്ന്.

കുറുമാനെ, അഗ്രജാ ഇത്രേം ബുദ്ധിമുട്ടിയതിനു ടാങ്ങ്സ്‌ :)

പാര്‍വതീ, നവന്‍ ബെര്‍ലീ, ദീപേ, കലേഷേ നന്ദി.

സുല്ലേ, ധൈര്യമായി ഇന്‍വിറ്റേഷന്‍ കൊടുത്തോ, ഞാന്‍ ദേ റെഡിയായി നില്‍ക്കുന്നു.

അമ്പീ വീടിനോട്‌ മാത്രമല്ല അയല്‍ക്കാരനോടുമാകാം ഇത്തിരി സ്നേഹം..

ജ്യോതിര്‍മയീ, പിറപ്പിടത്തിലേക്കുള്ള വഴികളും കൈച്ചൂണ്ടികളും ഒരിക്കലും മായില്ല. മറവിയും കാണാതെ പോകലുമൊക്കെ താല്‍ക്കാലികം മാത്രം. അവിടെയെത്താതെ വയ്യല്ലോ നമുക്ക്‌.
വിഷ്ണൂ നന്ദി.. നിനചിരിക്കലിനും വായനക്കും..
ശിവപ്രസാദ്‌, സന്തോഷം തോന്നുന്നു താങ്കളുടെ കമന്റില്‍. പക്ഷേ ബ്ലോഗിനുള്ളില്‍ കവിതയെ തളച്ചിടുകയാണോ നാം, തുറന്നു വിടുകയല്ലേ.. എന്റെ കവിത ഇതിനപ്പുറം സഞ്ചരിക്കുന്നത്‌ എന്തോ എനിക്കിഷ്ടമല്ല. നിങ്ങള്‍ക്കെല്ലാമിടയില്‍ സത്യസന്ധമായ ചില കമന്റുകളില്‍ കുളിച്ച്‌ അതിവിടൊക്കെ നടക്കട്ടേന്നേ.

ലോനപ്പാ... കവിത ഇഷ്ടായാലും ഇല്ലേലും നിന്നെ പിന്നെ കണ്ടോളാം ഞാന്‍.. സൂക്ഷിച്ചോ..

സങ്കുചിതാ... പഴയ വരികള്‍ ഇടക്കിടെ മറക്കുമെങ്കിലും സ്ഥിരമായി മറക്കാന്‍ വയ്യല്ലോ.

Anonymous said...

വീടുവിട്ടാല്‍ വഴികളെല്ലാം നയിക്കുന്നത്‌ വീട്ടിലേക്കു കൈ ചൂണ്ടി തന്നെ..എന്ന വരി നല്ല ഇഷ്ടമായി...