Thursday, October 21, 2010

കുറെ പെണ്ണുങ്ങള്

വത്സല ചേച്ചിയുടെ എഴുത്തുപള്ളിക്കൂടം ഓർക്കുമ്പോ,

പഠിച്ച അക്ഷരങ്ങൾക്കുംപകുതിക്കു നിർത്തിയ അക്കങ്ങൾക്കും മുന്നേ

ഷീജയെ ഓർമ്മ വരും

അഭിമാനത്തോടെ പങ്കിട്ട ചാന്തുപൊട്ടുകളുംഒന്നിച്ചുള്ള മഴകൊള്ളലും ഓർക്കും.

പഠിക്കാത്ത ഒന്നാം ക്ളാസ്സും പഠിച്ച രണ്ടാം ക്ളാസും

മനസ്സിലെത്തുന്നതിനും മുൻപേ ഓടിവരും,

സ്കൂൾ ഫസ്റ്റ് തട്ടിപ്പറിച്ചിട്ട് സ്കോളർഷിപ്പ് എനിക്ക് തന്നിട്ടുപോയ,

ഗോപിസാറിൻ‍റെ മോള് സീനയെ.

കുന്നിൻറെ മോളിലെ കാട്ടുപുറംയുപി സ്കൂളിനെക്കാൾഓർ‍മ്മയുണ്ട് ,

സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ ഗിരിജടീച്ചറെ നോക്കി

സാറേ, ഈ കുട്ടി എന്നെ സിനിമാ നടിയെന്ന് വിളിച്ച്കളിയാക്കുന്നുവെന്ന്

തിളങ്ങുന്ന കുപ്പായത്തിൽ നിന്ന് വിളിച്ചുപറഞ്ഞ

എം.എ. ലിജിയെ.

പത്താം ക്ളാസ്സിൽ മീനാട്ടേക്കുള്ള ബസ് പോകുമ്പോൾ

ആശ എസ്.പി. സൈഡ് സീറ്റിലിരുന്ന്സമ്മാനിക്കുന്ന

ചിരി നഷ്ടമാകാതിരിക്കാൻ

നഷ്ടമാക്കിക്കളഞ്ഞ ട്യൂഷൻ ക്ളാസുകളെ പിന്നെയൊന്നും ഓർത്തിട്ടില്‌ല.

പ്രീ ഡിഗ്രിക്ക് തലയിൽ കേറാതെ പോയ കണക്കുകൾ കൂട്ടിയും കുറച്ചും നോക്കിയില്ലെങ്കിലും

ഓർത്തു വച്ചിട്ടുണ്ട്

ഇനി സിഗററ്റ് വലിച്ചാൽ മിണ്ടില്ലെന്ന് കരഞ്ഞു ചിരിച്ച

രാധാമണിയെ,

സഖാവ് കവിത ചൊല്ലിക്കോ, എന്നാലും പ്രസംഗിക്കല്ലേയെന്ന്

കളിയാക്കി ജയിച്ച കവിത ബിഎസ്സിനെ.

നന്നായി,

ക്ളാസ്സ് മുറികളിൽ നിന്നും

ജീവിതത്തിലേക്ക് ഇറങ്ങിനടന്നത്...

ഇല്ലെങ്കിൽ പിന്നെ പഠിച്ച പാഠങ്ങളൊന്നും ഓർത്തിരിക്കില്ലായിരുന്നു

4 comments:

മനോഹര്‍ കെവി said...

Really a nostalgic and haunting piece ..
But i am surprised why many people did not comment on this...

Good Anu

Anu Warrier said...

നന്ദി മനോഹര്, ഒരുപാട് നാളത്തെ നിശബ്ദതക്കും പൊട്ടക്കവിതകള്ക്കും ശേഷമാണ് ഇഷ്ടമായ ഒരു കവിത എഴുതുന്നത്..
ഉള്ളിലെ കവിത ചത്തുപോയെന്ന് കരഞ്ഞത് വെറുതെയായിരുന്നുവെന്ന് തോന്നുന്നു... കുറഞ്ഞ പക്ഷം എനിക്കെങ്കിലും..

ചിത്രംസ്‌.... said...

ഓട്ടോഗ്രാഫ്‌ വായിക്കുന്നതിന്റെ സുഖം തന്ന ഈ കവിത എനിക്കിഷ്ടായി. ചേട്ടനിങ്ങനെ കൂട്ടുകാരികളെക്കുറിച്ച്‌ എഴുതിയത്‌ വായിച്ചപ്പോള്‍ ഇത്തിരിപ്പൊടി അസൂയ തോന്നി. എനിക്ക്‌ അഞ്ചാം ക്ലാസ്‌ മുതല്‍ ഡിഗ്രി കഴിയുന്നത്‌ വരെ ഒരൊറ്റ കൂട്ടുകാരികളും ഉണ്ടായിട്ടില്ല.
ഹൊ, എന്തൊരു ബോറായിരിക്കുംന്ന്‌ തോന്നുന്നുണ്ടോ എന്നാ എനിക്ക്‌ തിരിച്ചാ തോന്നുന്നേ, വിരലിലെണ്ണാവുന്ന കൂട്ടുകാരികള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ 33ശതമാനം പോലും എണ്ണിയാല്‍ തീരാത്ത കൂട്ടുകാരന്‍മാര്‍ കൂട്ടിയിട്ട്‌ പറ്റിയിരുന്നില്ല.
അറിയാതെ ഒരു ദീര്‍ഘനിശ്വാസം വരുന്നു... :)

അത്തിക്കുര്‍ശി said...

:))