Thursday, September 10, 2009

(അ)സ്വതന്ത്രൻ

ഒറ്റക്കൊരു മരമാവാനായിരുന്നു കൊതി.
പടർന്നു പന്തലിച്ചങ്ങനെ നിൽക്കണം,
തണലും കാറ്റും
ഓക്സിജനുമൊക്കെ എല്ലാവർക്കും
കൊടുത്തുകൊണ്ടേയിരിക്കണം,
വെള്ളത്തിനും വളത്തിനുമൊന്നും
ആരോടും വഴക്കിടേണ്ടി വരരുത്.
അങ്ങനെയങ്ങനെ...
ഒരു മഴുവിനെപ്പോലും
സോറി, ഒരു അറക്കവാളിനെയോ
മരംകൊത്തിയെയോ പോലും
പേടിക്കാതെ ചിരിച്ച് സ്വാഗതം ചെയ്യണം.
അങ്ങനെ യങ്ങനെ യങ്ങനെ...
എന്നിട്ടോ..
കണ്ടിടത്തെവിടെയെങ്കിലും
ചാഞ്ഞ്,
ചുറ്റിപ്പിണഞ്ഞുമാത്രം തലയുയർത്തി
കാറ്റിനൊപ്പം തുള്ളാൻ വിധിക്കപ്പെട്ട
ഒരു വള്ളിയായതേയുള്ളൂ ജീവിതം.

Tuesday, July 07, 2009

ജീവിതാനന്തരം

ഒരവകാശവുമില്ല
ജീവിച്ചിരിക്കുന്നവര്‍ക്ക്,
മരിച്ചവരെക്കുറിച്ച് സംസാരിക്കാന്‍.
ജീവിതത്തിന്റെ
ദുരിതങ്ങളും പ്രാരാബ്ധങ്ങളും
പരസ്പരം പറഞ്ഞിരിക്കാം.
മരിച്ചവരുടെ ജീവിതത്തെക്കുറിച്ച്
ഒറ്റയക്ഷരം പോലും മിണ്ടരുത്
ജീവിച്ചിരിക്കുന്നവരാരും.
ജീവിതത്തില്‍ നിന്നും
ഇറക്കിവിടപ്പെട്ടവരും
ഇറങ്ങിപ്പോയവരും
പറഞ്ഞുതരും
ജീവിതത്തിന്റെ ഒടുവില്‍
മരണത്തിന്റെ മണം തെറിച്ചുവീണ
ചില നിമിഷങ്ങളെക്കുറിച്ച്.
അവിടെയുണ്ടാവും
ജീവിച്ചിരിക്കുന്നവരുടെയെല്ലാം
കുനിഞ്ഞ മുഖങ്ങള്‍.

Friday, April 17, 2009

മറന്നുപോയി നിന്നെ ഞാൻ (വിത്സണ്)

നിന്നെക്കുറിച്ച്
ഒരു കവിതയെഴുതണമെന്ന്
ചിന്തിക്കുമ്പോഴെല്ലാം ഓര്‍മ്മ വരും,
എനിക്ക് തരാതെ നീ
കുടിച്ചുവറ്റിച്ച കള്ളുകുപ്പികളെ,
ഞാനറിയാതെ നീ ഭോഗിച്ച
പെണ്‍ മനസ്സുകളെ,
എനിക്ക് വച്ചേക്കാതെ
നീ എഴുതിത്തീര്‍ത്ത വരികളെ.
നിറമില്ലാത്തതും
നിറമുള്ളതുമായ കള്ളുകുപ്പികളിലോ
വെളുത്തുരുണ്ടതോ കറുത്ത് മെലിഞ്ഞതോ
ആയ പെണ്ണുങ്ങളിലും
വാക്കുകള്‍ പറന്നുകളിക്കുന്ന
കവിതകളിലും
തലയറഞ്ഞ് വീഴുമ്പോള്‍
ഇനി നിനക്ക് ഞാന്‍ എന്തെഴുതും?
നിന്നെ ഞാന്‍ വെറുത്തുപോയെന്നോ?
ഓറ്ക്കാറുപോലുമില്ലെന്നോ?

Monday, February 02, 2009

മഞ്ഞ

ഒരു നിറം വേണമെന്ന്
നിർബന്ധമാണെങ്കിൽ
അതിന്,
നരച്ച മഞ്ഞനിറം മാത്രമായിക്കൂടേ?
ഉള്ളിലുള്ളത്
ആരെയൂം തെളിച്ചുകാട്ടണ്ടല്ലോ.

അപകടം സംഭവിക്കാത്തത്

ജീവിതത്തിന്റെ വളവുകൾ തിരിഞ്ഞ്
ബൈക്കിന്റെ വേഗത കൂട്ടി
അങ്ങനെയങ്ങനെ പോവുമ്പോഴാണ്
ഓർമ്മ വരുന്നത്.
ഇന്നലെ അവധിദിവസമായിരുന്നല്ലോയെന്ന്,
ഇന്ന് കാ‍ത്തിരിക്കുമല്ലോ
ഇന്നലെ കാണാതെവിട്ട
വാർത്തകളെന്ന്.
അവയിൽ നിന്ന് ഒളിഞ്ഞുനോക്കും
ആരോ ആർക്കോ അയച്ച
പ്രണയലേഖനങ്ങളും
എമ്മെമ്മെസ്സുകളിലെ നഗ്നതയും
പോലീസുകേസും ആത്മഹത്യചെയ്തും
അല്ലാതെയും
കിടക്കുന്ന പെൺദേഹങ്ങളുമെന്ന്.
വയ്യ,വയ്യ എന്ന് വെറുതെ പറഞ്ഞാലും
ഒളികണ്ണിട്ട് ചിരിക്കുമല്ലോ
ഉള്ളിലെ വിടനെന്ന്.

അല്ലെങ്കിലും
ഇങ്ങനെയൊക്കെത്തന്നെ വരണം
ഭാര്യയെ മാത്രം സ്നേഹിക്കാത്തവനെന്ന്
ആരെങ്കിലും പറയും എന്ന് ഭയന്നിട്ടല്ലെങ്കിൽ
സത്യം പറ,
ഇതുവരെ എന്താ ഈ ബൈക്ക്
എവിടെയും ഒന്ന് ചോരപുരട്ടുക പോലും ചെയ്യാത്തത്?

Thursday, November 13, 2008

സ്വാതന്ത്ര്യം

ഒരു പുഴുവിന്
ആരുടെയുംകാലടിയില്‍പ്പെട്ട്
ചവിട്ടിയരക്കപ്പെടാതെ,
ഒരു സൈക്കിള്‍ ടയറിനാല്‍പ്പോലും
അരച്ചുതീര്‍ക്കപ്പെടാതെ
വഴിമുറിച്ചുകടക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.
ഒരു പക്ഷിക്ക്
വിമാനങ്ങളുടെയോ
വെടിയുണ്ടകളുടെയോ
ശബ്ദം കേള്‍ക്കാതെ
മരച്ചില്ലകളെ പ്രാപിച്ച്
ചിലച്ചുകൊണ്ടേയിരിക്കാന്
‍കഴിയുന്നിടത്താണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

ഒരു മനുഷ്യജീവിക്ക്
സ്വന്തം ശ്വാസത്തിന്റെ പോലും ശല്ല്യമില്ലാതെ
മരിക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

Friday, November 07, 2008

ഏകാന്തതേ എന്ന് ഞാന്‍ വിളിച്ചാല്‍...

ആരെങ്കിലും,
വെറും ഒരു നിഴലെങ്കിലും,
കൂടെയുണ്ടായിരുന്നെങ്കില്‍
എന്ന് കൊതിക്കും.
അപ്പോഴൊക്കെ
മനസ്സില്‍ വന്നുമൂടും
ഒറ്റപ്പെടലിന്റെ ഒരു കിതപ്പ്,
സ്വന്തം ശ്വാസനിശ്വാസങ്ങളുടെ
പേടിപ്പിക്കുന്ന മുഴക്കം.
എങ്കിലും
ചുറ്റിനും എല്ലാവരും
വന്നുകൂടുമ്പോള്‍
ചിരിക്കൂട്ടത്തിന്റെ നിശബ്ദതയില്‍
കൊതിച്ചുപോവും,
പണ്ടാരടങ്ങാന്‍...
ഇത്തിരീനേരം
ഒന്ന് ഒറ്റയായിരുന്നെങ്കില്‍...