വത്സല ചേച്ചിയുടെ എഴുത്തുപള്ളിക്കൂടം ഓർക്കുമ്പോ,
പഠിച്ച അക്ഷരങ്ങൾക്കുംപകുതിക്കു നിർത്തിയ അക്കങ്ങൾക്കും മുന്നേ
ഷീജയെ ഓർമ്മ വരും
അഭിമാനത്തോടെ പങ്കിട്ട ചാന്തുപൊട്ടുകളുംഒന്നിച്ചുള്ള മഴകൊള്ളലും ഓർക്കും.
പഠിക്കാത്ത ഒന്നാം ക്ളാസ്സും പഠിച്ച രണ്ടാം ക്ളാസും
മനസ്സിലെത്തുന്നതിനും മുൻപേ ഓടിവരും,
സ്കൂൾ ഫസ്റ്റ് തട്ടിപ്പറിച്ചിട്ട് സ്കോളർഷിപ്പ് എനിക്ക് തന്നിട്ടുപോയ,
ഗോപിസാറിൻറെ മോള് സീനയെ.
കുന്നിൻറെ മോളിലെ കാട്ടുപുറംയുപി സ്കൂളിനെക്കാൾഓർമ്മയുണ്ട് ,
സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ ഗിരിജടീച്ചറെ നോക്കി
സാറേ, ഈ കുട്ടി എന്നെ സിനിമാ നടിയെന്ന് വിളിച്ച്കളിയാക്കുന്നുവെന്ന്
തിളങ്ങുന്ന കുപ്പായത്തിൽ നിന്ന് വിളിച്ചുപറഞ്ഞ
എം.എ. ലിജിയെ.
പത്താം ക്ളാസ്സിൽ മീനാട്ടേക്കുള്ള ബസ് പോകുമ്പോൾ
ആശ എസ്.പി. സൈഡ് സീറ്റിലിരുന്ന്സമ്മാനിക്കുന്ന
ചിരി നഷ്ടമാകാതിരിക്കാൻ
നഷ്ടമാക്കിക്കളഞ്ഞ ട്യൂഷൻ ക്ളാസുകളെ പിന്നെയൊന്നും ഓർത്തിട്ടില്‌ല.
പ്രീ ഡിഗ്രിക്ക് തലയിൽ കേറാതെ പോയ കണക്കുകൾ കൂട്ടിയും കുറച്ചും നോക്കിയില്ലെങ്കിലും
ഓർത്തു വച്ചിട്ടുണ്ട്
ഇനി സിഗററ്റ് വലിച്ചാൽ മിണ്ടില്ലെന്ന് കരഞ്ഞു ചിരിച്ച
രാധാമണിയെ,
സഖാവ് കവിത ചൊല്ലിക്കോ, എന്നാലും പ്രസംഗിക്കല്ലേയെന്ന്
കളിയാക്കി ജയിച്ച കവിത ബിഎസ്സിനെ.
നന്നായി,
ക്ളാസ്സ് മുറികളിൽ നിന്നും
ജീവിതത്തിലേക്ക് ഇറങ്ങിനടന്നത്...
ഇല്ലെങ്കിൽ പിന്നെ പഠിച്ച പാഠങ്ങളൊന്നും ഓർത്തിരിക്കില്ലായിരുന്നു