Friday, December 29, 2006

സമ്മാന ദാനം

കരുത്തേറിയ സുഹൃത്തിന്‌
തീപിടിച്ച ആകാശവും
പ്രളയത്തിലൊളിച്ച ഭൂമിയും
ശബ്ദങ്ങളുടെ ശക്തിയും
ശനിദശയിലെ ബുദ്ധിയും
വിജയം കൊയ്യാന്‍ തുരുമ്പിച്ച വാളും
തന്ത്രി പൊട്ടിപ്പോയ വീണയും..

മറവിയിലൊതുങ്ങാത്ത മാതാവിന്‌
ഒരു കുടം കണ്ണീര്‍ നിറച്ച്‌ അന്ത്യ പ്രദക്ഷിണം
ഹൃദയമുറികളിലൊന്നില്‍ അവസാന നെയ്ത്തിരി
പുത്ര രക്തം തെറിച്ചുവീണ സന്ധ്യകളിലൊന്നില്‍ അന്ത്യപ്രണാമം
കുമ്പസാരത്തിണ്റ്റെ വാക്കുകള്‍നിറച്ച്‌ അന്ത്യ യാത്രാ മൊഴി..

സ്നേഹിച്ചു തീരാത്ത കാമുകിക്ക്‌
സ്വപ്നങ്ങളില്‍ തീര്‍ത്ത ശയന മഞ്ചവും
വാക്കുകളില്‍ തീരാത്ത മോഹങ്ങളും
കാമം ചുരത്തുന്ന ചുംബനങ്ങളും
കടല്‍ക്കരയിലെ സായന്തനങ്ങളും...
ഒരിറ്റു കണ്ണീരിണ്റ്റെ വിട പറയലും..

കണ്ണാടിക്കുള്ളിലൊളിച്ച പ്രതി രൂപത്തിന്‌
ഓടയിലൊരു ശവകുടീരം
മുങ്ങി മരിക്കുമ്പോള്‍ അല്‍പം ദാഹജലം
വെന്തെരിയുമ്പോള്‍ ഒരു വിറകുകൊള്ളിയുടെ ചൂട്‌
മനസ്സ്‌ നിറയെ കുറ്റവും
വാ നിറയെ തെറികളും

6 comments:

Unknown said...

സ്നേഹിച്ചു തീരാത്ത കാമുകിക്ക്‌
സ്വപ്നങ്ങളില്‍ തീര്‍ത്ത ശയന മഞ്ചവും
വാക്കുകളില്‍ തീരാത്ത മോഹങ്ങളും
കാമം ചുരത്തുന്ന ചുംബനങ്ങളും
കടല്‍ക്കരയിലെ സായന്തനങ്ങളും...
ഒരിറ്റു കണ്ണീരിണ്റ്റെ വിട പറയലും

Promod P P said...

അനിയന്‍സ്
കവിത അതി തീവ്രം
ശക്തങ്ങളായ ബിംബങ്ങള്‍...

വേദനിച്ചു..

സു | Su said...

കവിത നന്നായിട്ടുണ്ട്. :)

qw_er_ty

അനംഗാരി said...

അവസാ‍നത്തെ രണ്ടു വരി ഒഴിവാക്കിയാല്‍ നന്നാകുമായിരുന്നു എന്ന് തോന്നുന്നു.

വാക്കുകളും ചിന്തകളും മനോഹരം.അഭിനന്ദനങ്ങള്‍.

Unknown said...

നന്ദി, ഇവിടെ വന്ന് വായിച്ചു പോയ എല്ലാര്‍ക്കും... ഒരിത്തിരി കുറ്റബോധത്തോടെ ഒരു മാപ്പ് ചോദിക്കല്‍ കൂടി... ഇത് 1994-95 കാലത്തെ അഭ്യാസമാണ്‌. ഇതിനെ എടുത്ത് ഇവിടെ തട്ടാന്‍ കാണിച്ച ധൈര്യത്തിന് തഥാഗതനും നവനും സുവും അനംഗാരിയും തന്ന നല്ല വാക്കുകള്‍ തന്നെ ധാരാളം, അനംഗാരീ ആ അവസാനത്തെ വരികളോടായിരുന്നു അന്ന് എനിക്ക് ഏറെ ഇഷ്റ്റമായത്. ഇപ്പോഴോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല താനും...

വിശാഖ് ശങ്കര്‍ said...

നാല് ചിത്രങ്ങള്‍;സുഹൃത്ത്,മാതാവ്,കാമുകി,സ്വന്തം പ്രതിരൂപം-നാലിലും വിഷാദത്തിന്റെ ഒരേ അന്തര്‍ധാര,കാഴ്ച്ചയുടെ സുതാര്യത,94-95 കാലത്തെ കവിതയാണെങ്കിലും അത് പുതിയവയെക്കാള്‍ പുറകിലല്ലെന്നുമാത്രമല്ല ചില മേഖലകളില്‍ മെച്ചവുമാണ്.വിഷാദത്തിന്റേതായ കവിതയുടെ തന്മയീഭാവത്തെ കാവ്യഘടനയ്ക്കുള്ളില്‍ വച്ചുതന്നെ പൊളിച്ചെഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന്റെ തീവ്രത ശതഗുണീഭവിച്ചേനെ...