Monday, April 23, 2007

സന്ദേശം

ചൂടേ ഇല്ലായിരുന്നു,
ആദ്യത്തെ മഴത്തുള്ളി
വീണപ്പോള്‍.
കാറ്റ് മാത്രം,
മിണ്ടാപ്പൂതം പോലെ വന്നിട്ട്
ഒറ്റയലര്‍ച്ചയില്‍ മരങ്ങളെ
ഞെട്ടിച്ചു,
വന്നപോലെപോയി.
മഴക്കാറ് കണ്ടേയില്ല,
ആദ്യത്തെ മഴത്തുള്ളി
വീണപ്പോള്‍,
എന്നിട്ടും അവസാനത്തെ
മേഘസന്ദേശം
മഴവെള്ളത്തില്‍ കുതിര്‍ന്നാണ്
ലക്ഷ്യം കാണാതെ അവസാനിച്ചത്.
വെയില്‍ മാറാഞ്ഞ്
പീലിവിടര്‍ത്താന്‍
അവസരം കിട്ടാഞ്ഞ
മയിലുകളിലാണ്
മയൂര സന്ദേശം ഒടുങ്ങിപ്പോയത്.
വെയിലിലും മഴയിലും
പരിക്കേല്‍ക്കാതെ
പായുന്ന
ഇലക്ട്രോണിക് സന്ദേശങ്ങളിലും
വിരഹദു‌:ഖം മാത്രമേയുള്ളൂ.
പ്രണയം
കാണാനേയില്ല.

6 comments:

Unknown said...

വെയില്‍ മാറാഞ്ഞ്
പീലിവിടര്‍ത്താന്‍
അവസരം കിട്ടാഞ്ഞ
മയിലുകളിലാണ്
മയൂര സന്ദേശം ഒടുങ്ങിപ്പോയത്.

സു | Su said...

വരികള്‍ ഇഷ്ടമായി. അവസാനം പ്രത്യേകിച്ചും.

വിശാഖ് ശങ്കര്‍ said...

മഴയില്‍ തണുക്കാത്ത
വെയിലില്‍ തിളക്കാത്ത
വ്യര്‍ത്ഥ സന്ദേശങ്ങളുടെ
ഗതാഗതം - ജീവിതം!
നന്നായി അനു.

ചിദംബരി said...

“മഴവെള്ളത്തില്‍ കുതിര്‍ന്നു “പോയ മേഘസന്ദേശം,

മയിലില്‍ ഒടുങ്ങിപ്പോയ മയൂരസന്ദേശം,

കവിത നന്നായി അനിയന്‍സ്.

വേണു venu said...

അനു നല്ല വരികള്‍‍.
അവസരം കിട്ടാത്ത മയിലുകളിലാണു് , ശരിക്കും മയൂര സന്ദേശങ്ങള്‍‍ ഒടുങ്ങിക്കൊണ്ടിരിക്കുന്നതും.:)

Pramod.KM said...

അനിയന്‍ ചേട്ടാ..ഒടുങ്ങിപ്പോയ മയൂര സന്ദേശം ഗംഭീരമായിട്ടുണ്ട്.