Saturday, April 26, 2008

വാക്ക്

മൌനമാണെന്റെ വാക്ക്

പറയാനുള്ളതും

മറന്നുവച്ചതും

പറയാതെപോയതുമെല്ലാം

അതിലുണ്ട്,

ഒറ്റവാക്കില്‍

എല്ലാം പറഞ്ഞുതീര്‍ക്കും.

ആരോടും ഒന്നും പറയാനില്ലാതെയായാല്‍

ഞാന്‍ ശബ്ദിച്ചു തുടങ്ങും.

ആ അര്‍ത്ഥമില്ലായ്മയില്‍ നിന്നും എന്നെ

അറിയാന്‍ നോക്കിയാല്‍

തോറ്റുപോവുകയേയുള്ളൂ നീ.

ഇനിയെങ്കിലും എന്റെ മൌനത്തെ

കേള്‍ക്കാന്‍ പഠിക്കണം,

ഇല്ലെങ്കില്‍ നീ എന്നെ അറിയുകയേയില്ല...

Monday, March 03, 2008

കൂട്ടിരിപ്പ്

എവിടെയുമാകാം,

ഒറ്റക്കൊരു പെണ്‍കുട്ടിയുടെ

വിയര്‍പ്പ് കലരുന്ന സ്വപ്നങ്ങള്‍ക്ക്...

വല്ലാത്ത തിരക്കിലും,

ഓട്ടം നിര്‍ത്തി,

ഒരേയൊരാള്‍ക്കായി കാത്തുകിടക്കുന്ന

വണ്ടിക്കുള്ളില്‍ ഒറ്റയാണെന്ന്

ഉഷ്ണിക്കുന്ന ഡ്രൈവര്‍ക്ക്...

കിടപ്പുമുറിയില്‍

അവസാനത്തെ പെയ്തൊഴിയലിന്റെ

വരളുന്ന ശൈത്യത്തില്‍

നിലവിളിച്ചുപോകുന്ന ഇണകള്‍ക്ക്...

ആശുപത്രിമുറിയില്‍ സന്ദര്‍ശകരും

രോഗിയുമില്ലാത്തപ്പോഴത്തെ

ഏകാന്തതക്ക്...

അവനവനു കൂട്ടിരിക്കുന്നവന്റെ

നിസ്സഹായതയിലാണ്

പെരുമഴകള്‍ പെയ്തുകൊണ്ടിരിക്കുന്നത്.

Sunday, March 02, 2008

വിവാഹാനന്തരം

രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍
തീര്‍ച്ചയായും ഉണ്ടായിവരും,
പുതിയൊരു വന്‍കര,
എപ്പോഴും തണുപ്പിക്കുന്ന
ഒരു കാറ്റ്,
സ്വപ്നങ്ങളില്‍ മാത്രം
കാണുന്ന ഒരേയൊരു ആകാശം.
(രണ്ടുപേര്‍ക്കുമായി ഒന്നേയൊന്ന്‍.)

രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോള്‍
ഉണ്ടായിവരും
എപ്പോഴും യുദ്ധം ചെയ്യുന്ന
രണ്ട് അയല്‍നാടുകള്‍,
കൂട്ടിക്കെട്ടുമ്പോഴേ പൊട്ടിപ്പോകുന്ന
പട്ടച്ചരടിന്റെ രണ്ടറ്റങ്ങള്‍.
എങ്ങനെയാണ് പ്രിയേ നമ്മള്‍
കൂടിച്ചേരുമ്പോള്‍
ആകാശം പിളര്‍ന്നുപോകുന്നത്?

Saturday, March 01, 2008

വയസ്സാവാതിരിക്കാന്‍.

മഞ്ഞത്തോ മഴയത്തോ

വെയിലത്തോ കാറ്റത്തോ

പുറത്തിറങ്ങരുതെന്ന്,

നടക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും

രണ്ട് വയസ്സുകാരനു പിന്നാലെ

കുതിക്കുമ്പോഴും

ഒന്ന് സൂക്ഷിച്ചേക്കണേയെന്ന്,

അങ്ങനെയങ്ങനെ ...

ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്,

പെട്ടെന്ന് ദേഷ്യം വരുന്നെന്ന്,

മധുരവും ഉപ്പും

മസാലയും മുളകും കുറക്കണമെന്ന്...

വാക്കുകളില്‍ പഴയ മുഴക്കമില്ലെന്ന്,

സ്നേഹത്തിന് മുന്‍പത്തെയത്ര

സ്നേഹമില്ലെന്ന്....

മുടികള്‍ക്കിടയിലിരുന്ന്

ഇത്രയൊക്കെ പറഞ്ഞവന്‍

ഒറ്റവലിക്ക് അവസാനിപ്പിച്ചുകളഞ്ഞു

അവന്റെ വെളുത്ത ജീവിതം.

Friday, January 18, 2008

ജീവിതത്തിന്റെ സ്വിച്ചില്‍ ഒരു ടച്ചോ കളി

സ്കൂളിലേക്കുള്ള വഴിയിലും
തിരിച്ചും
ടച്ചോ
എന്ന് പറയും കൂട്ടുകാര്‍.
അഹല്യയെപ്പോലെ
ഏതെങ്കിലും
ഒരു രാമന്റെ സ്പര്‍ശത്തിനു
കാത്ത്
കല്ലിനെപ്പോലെ നില്‍ക്കണം പിന്നീട്.
തൊട്ടാവാടിയില്‍
ചവിട്ടി നില്‍ക്കുമ്പോള്‍
ടച്ചോ പറഞ്ഞവനായിരുന്നു
ജീവിതത്തിലെ ആദ്യത്തെ ശത്രു.
അന്ന് മോചിപ്പിച്ചവള്‍
പിന്നീടൊരിക്കല്‍
അസ്സംബ്ലിയില്‍ എത്തും മുന്‍പ്
ടച്ചോ പറഞ്ഞ്
നിശ്ചലനാക്കി.
കയ്യില്‍ ചൂരലിന്റെ നോവ്
പടര്‍ന്നപ്പോള്‍
അവളുടെ മുഖത്ത് രണ്ടാം ശത്രുവിനെ കണ്ടു.
ഇപ്പോള്‍
പരാതികളുടെ കറുത്ത മുഖങ്ങള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള്‍
ജീവിതത്തിന് ടച്ചോ പറയാന്‍
കൂട്ടുകാരെ തേടും മനസ്സ്.
സ്വിച്ചിടുമ്പോലെ
മനസ്സിനെ നിശ്ചലമാക്കാന്‍
സ്നേഹമുള്ള ശത്രുക്കള്‍
ആരും ഇതുവഴി വരുന്നേയില്ലല്ലോ.

Friday, December 21, 2007

നഗരമേ, നരകമേ..

നഗരമേ നരകമേയെന്ന്
പരിഹസിക്കാതെ
വിടപറഞ്ഞിട്ടില്ല
ഒരു നഗരത്തില്‍ നിന്നും.
എല്ലായിടത്തുമുണ്ടായിരുന്നു
പ്രണയത്തിന്റെ ഒരു കടല്‍,
സൌഹൃദങ്ങളുടെ ആകാശം,
ഉടമത്തത്തിന്റെ
ഭാരമുള്ള ഒരു തണല്‍.
എങ്കിലും
ജീവിതത്തിന്റെ ഒരു
ചെറിയ കാറ്റ്,
വീശുമ്പോഴെല്ലാം
വരണ്ടുപോയതുകൊണ്ടാണ്
വിലാപങ്ങളൊന്നുമില്ലാതെ യാത്ര പറഞ്ഞത്.
പുതുതായി വരുന്നവരോട്
ചിരിച്ചുനില്‍ക്കുകയായിരുന്നു
നഗരങ്ങളെല്ലാം.
അവരും മടങ്ങിയിട്ടുണ്ടാകും,
നരകമേ, നരകമേ എന്ന്
പരിഹസിച്ചുതന്നെ.

Thursday, December 13, 2007

മറവിയുടെ പുസ്തകം

മറന്നുപോയി
എന്നേ പറയാന്‍
പറ്റിയുള്ളൂ.
എന്തൊക്കെയാണു
മറന്നുപോയതെന്ന്
മറ്റാരെങ്കിലുമൊക്കെ ഓര്‍മ്മിപ്പിക്കും.
ബസ് സ്റ്റോപ്പിലുപേക്ഷിച്ച
നിലയില്‍ ഭാര്യയും കുഞ്ഞും,
വഴിയിലെവിടെയോ
മറന്നുവച്ച ബൈക്ക്,
എവിടെയെന്നറിയാത്ത നിലയില്‍
വീടിന്റെ താക്കോല്‍,
അമ്മ
വാങ്ങാന്‍ മറക്കല്ലേ എന്നെഴുതിത്തന്ന കുറിപ്പ്,
ചങ്ങാതിയുടെ
രാത്രിക്ഷണം.
ഇനി എഴുതണം
മറവിയുടേതായൊരു
പുസ്തകമെന്നുണ്ട്.
ഓര്‍മ്മിപ്പിക്കാമോ ആരെങ്കിലുമൊക്കെ?