Thursday, November 02, 2006

പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ഇല്ല സാര്‍
ക്ലാസ്‌ മുറിയിലായാലും
കൌമാരത്തിലായാലും
തോക്കിന്‍ കുഴലുകള്‍
പ്രണയത്തെക്കുറിച്ച്‌
സംസാരിക്കില്ല.
കോഴിമുട്ടകള്‍
വിപ്ലവത്തെക്കുറിച്ച്‌
സ്വപ്നം കാണുകയുമില്ല
രണ്ട്‌ കണ്ണുകള്‍ക്ക്‌ കുടിച്ചുതീര്‍ക്കാവുന്ന വെളിച്ചവും
തുപ്പിയൊഴിക്കാവുന്ന തീയും
അത്രയൊക്കെയേയുള്ളൂ
സ്വപ്നങ്ങള്‍,
കോഴിമുട്ടക്കായാലും
തോക്കിന്‍ കുഴലിനായാലും
അതുകൊണ്ട്‌ സര്‍
താങ്കള്‍ കോഴിമുട്ടയെ
സ്വപ്നങ്ങളില്‍ നിന്നും
തോക്കിന്‍ കുഴലിനെ
വാക്കുകളില്‍ നിന്നും അകറ്റി നിര്‍ത്തുക,
വിപ്ലവം വരുന്നതുവരെയെങ്കിലും.

6 comments:

Unknown said...

ഇല്ല സാര്‍
ക്ലാസ്‌ മുറിയിലായാലും
കൌമാരത്തിലായാലും....
പുതിയ പോസ്റ്റ്‌... വായിച്ച്‌ വിമര്‍ശിക്കുക...

Anonymous said...

ഇല്ല സാര്‍,
മുട്ടകളില്‍ ഉയിര്‍ക്കപ്പെടുന്ന വിപ്ലവങ്ങളുണ്ട്.
തോക്കിന്‍ കുഴലുകള്‍ നെറ്റിയില്‍ മുട്ടിച്ചു മാത്രം വായിച്ചു തീര്‍ക്കാവുന്ന പ്രണയങ്ങളുമുണ്ട്..
ഒടുവിലത്തെ നിശ്വാസത്തിനു പകരം ഉയിരിലേക്കൊരു വെടിയൊച്ച..!
വിപ്ലവത്തെ വിശുദ്ധകുര്‍ബാനയിലെ വീഞ്ഞായി മൊത്തുന്നവന്, എങ്ങിനെ തേങ്ങലൊളിച്ചിരിക്കുന്ന മുട്ടകളേയും തേങ്ങയിട്ടു പൊലിപ്പിക്കുന്ന മുട്ടറോസ്റ്റിനേയും തള്ളിപ്പറയാനാവും.
ഒടുവിലത്തെ വിപ്ലവം കൂടിയിട്ട്, ഒരുമിച്ചു കൂടി രുചിച്ചിറക്കേണ്ടതല്ലേ അവയെല്ലാം.
ഒരു കാന്തത്തിന്റെ ഇരു ധ്രുവങ്ങള്‍ പോലെ ഹൃദയത്തിന്റെ തോക്കിന്‍ കുഴലുകളില്‍, പ്രണയത്തിന്റെ തിരകള്‍ നിറച്ച്, കോഴിമുട്ടകള്‍ സ്വപ്നം കണ്ട്, ഇരുട്ടിലേക്കു പുലരി തേടി നടന്നു പോകുന്നതാണ് എനിക്കു വിപ്ലവം.
അതെ സാര്‍..
വിപ്ലവം വരാനുള്ളവനല്ല.. വഴി കാട്ടാന്‍ കൂടെ നടക്കുന്ന ഞൊണ്ടിക്കാലനാണ്.

Unknown said...

അനിയന്‍സിന്റെ കവിതയും പൊന്നപ്പന്റെ കമന്റും. രണ്ടും ഒരുപോലെ മനോഹരം. ആസ്വദിച്ചു.

ലിഡിയ said...

എനിക്ക് സത്യമായും പൊന്നപ്പന്റെ കമന്റ് ഒന്നും മനസ്സിലായില്ല, ഛെ ഞാന്‍ ഇത്രയും ഔറ്റ് ഡേറ്റഡ് ആയോ?

:-(

-പാര്‍വതി.

രാജ് said...

അനിയന്‍സേ കവിത അസ്സലായിട്ടുണ്ട്.

Unknown said...

പൊന്നപ്പാ കലക്കി, ഇത്തരം ഒരു കമണ്റ്റ്‌ കിട്ടിയാല്‍ മാത്രം മതി ഞാന്‍ ധന്യന്‍... പക്ഷേ അവസാനത്തെ വരിയെ പൊന്നപ്പന്‍ പോസിറ്റീവ്‌ ആയിട്ടാണോ എടുത്തതെന്ന് ഒരു സംശയം. അതൊരു പരിഹാസമായിരുന്നു. വിപ്ളവം വരാനുള്ളതല്ല, വഴികാട്ടാനുള്ളതാണ്‌ എന്നു തന്നെയാണ്‌ എണ്റ്റെയും വിശ്വാസം. ഇത്‌ ജയാ മേത്ത എന്നൊരു ദില്ലിക്കാരി മാര്‍ക്സിസ്റ്റ്‌ സാമ്പത്തിക ശാസ്ത്രജ്ഞയെ ഓര്‍ത്ത്‌ എഴുതിപ്പോയതാണ്‌. വിപ്ളവം വന്ന് സമൂഹത്തെ രക്ഷപ്പെടുത്തുമെന്ന് വിശ്വസിക്കുന്ന ഒരു പാവം... ദില്‍ബാസുരരേ, പെരിങ്ങോടരേ നമോവാകം... പാര്‍വതീ നന്ദി എണ്റ്റെ കവിത മനസ്സിലായില്ല എന്നല്ല, പൊന്നപ്പണ്റ്റെ കമണ്റ്റ്‌ മനസ്സിലായില്ല എന്നാണല്ലോ പറഞ്ഞത്‌. അതിന്‌. ഇത്തിരി രഹസ്യമായി ആരും കേള്‍ക്കാതെ പറഞ്ഞോട്ടേ ഒന്ന് അപ്ഡേറ്റ്‌ ചെയ്യുന്നത്‌ (അതോ അപ്ഗ്രേഡോ) നന്നായിരിക്കും.